2024 ഫെബ്രുവരി 13-നു, പഞ്ചാബിൽനിന്നുള്ള സോഷ്യോളജി വിദ്യാർത്ഥിയായ ദവീന്ദർ സിംഗ് ഭംഗു കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം ശംഭു അതിർത്തിയിലെത്തി. ഉച്ചയ്ക്ക് ഏതാണ്ട് 2 മണിയ്ക്ക് അവർ അതിർത്തിയിലെത്തുമ്പോൾ, അതിർത്തിയ്ക്കപ്പുറം ഹരിയാനാ ഭാഗത്തുനിന്നുള്ള റാപിഡ് ആക്ഷൻ ഫോഴ്സും പോലീസും പ്രതിഷേധക്കാർക്ക് എതിരേ നീക്കങ്ങൾ ആരംഭിച്ചിരുന്നു.
"ഞങ്ങൾ സമാധാനപരമായി സംഘം ചേർന്ന് നിൽക്കുന്നതിനിടെ ഒരു റബ്ബർ പെല്ലറ്റ് അവന്റെ ഇടതുകണ്ണിൽ വന്നുകൊണ്ടു," ദവീന്ദറിന്റെ സുഹൃത്തായ തരൺവീർ സിംഗ് പറയുന്നു. "ദവീന്ദർ പൊടുന്നന്നെ താഴെ വീണു. ഞങ്ങൾ അവനെ എടുക്കാൻ ശ്രമിക്കുമ്പോൾ, പോലീസ് ഞങ്ങൾക്കുനേരെ മൂന്നോ നാലോ കണ്ണീർവാതക ഷെല്ലുകൾ തൊടുത്തുവിട്ടു." ഏകദേശം 3 മണിയായപ്പോഴാണ്, അതായത് ദവീന്ദറും കൂട്ടുകാരും പ്രതിഷേധ സ്ഥലത്തെത്തി ഒരു മണിക്കൂറിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.
വിളകളുടെ താങ്ങുവില സംബന്ധിച്ച് നിയമപരമായി ഉറപ്പ് നൽകുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ ഡൽഹിയിലേക്ക് സമാധാനപരമായി പ്രകടനം തുടങ്ങിയത് 2024 ഫെബ്രുവരി 13-നാണ്. എന്നാൽ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽവെച്ച് പോലീസും ആർ.എ.എഫും അവരെ തടഞ്ഞു. അവർ മുന്നോട്ട് നീങ്ങുന്നത് ചെറുക്കാനായി ബാരിക്കേഡുകൾ സ്ഥാപിക്കപ്പെട്ടു. അതിനെയും മറികടന്ന് മുന്നോട്ട് പോകാൻ കർഷകർ ശ്രമിച്ചപ്പോൾ, അവർക്ക് നേരെ കണ്ണീർവാതക ഷെല്ലുകളും റബ്ബർ പെല്ലറ്റുകളും ഉപയോഗിച്ച് ആക്രമണം ഉണ്ടായി. (വായിക്കുക: 'ശംഭു അതിർത്തിയിൽ തടവിലായപോലെയാണ് എനിക്കനുഭവപ്പെടുന്നത്').
കണ്ണീർവാതക ഷെല്ലുകളിൽനിന്ന് ഉയർന്ന രൂക്ഷമായ ദുർഗന്ധം വകവെക്കാതെ ദവീന്ദർ സിംഗിന്റെ കൂട്ടുകാർർ, ചോരയൊലിപ്പിച്ചു കിടന്നിരുന്ന ആ 22 വയസ്സുകാരനെ പെട്ടെന്നുതന്നെ വാരിയെടുത്ത് ആംബുലൻസിൽ അവിടെനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെ ബനൂരിലുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെയുള്ള ഡോക്ടർമാർ അദ്ദേഹത്തെ ചണ്ഡീഗഢിലുള്ള സർക്കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേയ്ക്ക് റഫർ ചെയ്യുകയാണുണ്ടായത്. അവിടെവെച്ച് ഫെബ്രുവരി 15-നു അദ്ദേഹത്തിന്റെ കണ്ണിൽ ശസ്ത്രക്രിയ നടത്തി. എന്നാൽ, ദവീന്ദറിന്റെ ഇടതുകണ്ണിന് കാഴ്ച തിരികെ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ദവീന്ദറിന്റെ അച്ഛൻ, കർഷകനായ മൻജീത് സിംഗ്, തന്റെ മകൻ വിദേശത്ത് പോകാതെ ഇവിടെ പോലീസ് സേനയിൽ ചേരാനുള്ള തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന് മാധ്യമങ്ങളോട് പറഞ്ഞു.






















