സാധാരണ വലിപ്പമുള്ള ഒരു പാഷ്മിന ഷോളിനാവശ്യമായ നൂൽ നൂൽക്കാൻ ഫഹ്മിദാ ബാനോവിന് ഒരു മാസം വേണം. ചങ്ങ്താങ്ങി ആടുകളുടെ നനുനനുത്ത കമ്പിളിരോമങ്ങൾ വേർതിരിച്ച് നൂലാക്കുന്നത്, ശ്രദ്ധയും കഠിനാദ്ധ്വാനവും ആവശ്യമുള്ള തൊഴിലാണ്. ഏറെ നേരം ജോലി ചെയ്താലും മാസത്തിൽ പ്രതീക്ഷിക്കാവുന്നത് കേവലം 1,000 രൂപയോളമാണെന്ന് 50 വയസ്സുള്ള ഈ കരകൌശലവിദഗ്ദ്ധ പറയുന്നു. “തുടർച്ചയായി ജോലി ചെയ്താൽ, ദിവസത്തിൽ 60 രൂപ ലഭിക്കും”, പണി ഇടയ്ക്കുവെച്ച് നിർത്തി അവർ പറഞ്ഞു.

ആ ഷോളുകൾക്ക് കമ്പോളത്തിൽ ലഭിക്കുന്ന പൊന്നും‌വിലയുടെ – 8,000 മുതൽ 10,000 രൂപവരെ - അഗണ്യമായ ഒരു ഭാഗം മാത്രമാണ് ആ തുച്ഛമായ കൂലി. അലങ്കാരത്തുന്നൽ‌പ്പണികളും രൂപകല്പനയും സങ്കീർണ്ണതയുമനുസരിച്ചാണ് അവയുടെ വില നിശ്ചയിക്കുന്നത്.

കൈകൊണ്ടുള്ള, പരമ്പരാഗതമായ ഈ പാഷ്മിന നൂൽ നൂൽ‌പ്പ് സ്ത്രീകൾ ചെയ്യുന്നത്, വീട്ടുപണികൾക്കിടയ്ക്കാണ്. ഫഹ്മീദയെപ്പോലെയുള്ള സ്ത്രീകൾക്ക് കിട്ടുന്ന തുച്ഛമായ വേതനം മൂലം കരകൌശലക്കാർ ഈ പണിയിലേക്ക് ഇപ്പോൾ അധികം വരുന്നില്ല.

വിവാഹം കഴിച്ച്, കുടുംബവും വീട്ടുജോലിയുമൊക്കെയായി തിരക്കാവുന്നതിന് മുമ്പാണ് ഫിർദൌസ എന്ന മറ്റൊരു ശ്രീനഗർ സ്വദേശി ഈ പണി ചെയ്തിരുന്നത്. തന്റെ ചെറുപ്പകാലമോർത്തുകൊണ്ട് അവർ പറഞ്ഞു, “വീട്ടിലെ മുതിർന്നവർ ഈ ജോലി ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കും. വെറുതെയിരുന്ന് പരദൂഷണം പറയുന്നതിനുപകരം, മനസ്സ് ഏകാഗ്രമാക്കാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ അഭിപ്രായം”. പക്ഷേ ഫിർദൌസിന്റെ കൌമാരപ്രായക്കാരായ രണ്ട് പെണ്മക്കളും ഈ തൊഴിലിൽ ഏർപ്പെടുന്നില്ല. പഠനത്തിരക്കുകൾക്കും വീട്ടുജോലികൾക്കുമിടയിൽ അവർക്കതിന് സമയം കിട്ടുന്നില്ല. മാത്രമല്ല, മോശം പ്രതിഫലവും ഒരു കാരണമാണ്.

നൂൽ നൂൽ‌പ്പ് കശ്മീരി സംസ്കാരത്തിന്റെ ഭാഗമാണെന്ന് പറയുന്ന ഫിർദൌസ്, ഈ തൊഴിലിനെ, പ്രദേശത്ത് കിട്ടുന്ന മറ്റൊരു വിശേഷപ്പെട്ട ഉത്പന്നവുമായി – താമരത്തണ്ടുകളുമായി – താരതമ്യം ചെയ്യുന്നു. “താമരത്തണ്ടുപോലെ മൃദുലമായ നൂൽ നൂൽക്കാൻ പണ്ടൊക്കെ ഇവിടുത്തെ സ്ത്രീകൾ പരസ്പരം മത്സരിച്ചിരുന്നു”.

Fahmeeda Bano usually takes a month to spin enough thread for a regular-sized pashmina shawl
PHOTO • Muzamil Bhat

സാധാരണ വലിപ്പത്തിലുള്ള ഒരു പാഷ്മിന ഷോളിനാവശ്യമായ നൂൽ നൂൽക്കാൻ ഫഹ്മിദ ബാനോ ഒരുമാസംവരെ എടുക്കാറുണ്ട്

Fahmeeda's mother-in-law, Khatija combines two threads together to make it more durable
PHOTO • Muzamil Bhat

കൂടുതൽ ഈട് നിൽക്കുന്നതിനായി ഫഹ്മിദയുടെ ഭർത്തൃമാതാവായ കദീജ രണ്ട് നൂലുകൾ ഒരുമിച്ച് ചേർക്കുന്നു

നൂൽനൂൽ‌പ്പിനേക്കാളും കൂടുതൽ വരുമാനം കിട്ടുന്ന പാഷ്മിന നെയ്ത്ത് പുരുഷന്മാരാണ് ചെയ്യുന്നത്. അവരാകട്ടെ, കൂടുതൽ വരുമാനം കിട്ടുന്ന മറ്റ് ജോലികൾക്കും ഇടയ്ക്കിടയ്ക്ക് പോകും. ജമ്മു-കശ്മീർ എന്ന കേന്ദ്രഭരണപ്രദേശത്ത്, ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് പ്രതിദിനം 311രൂപയും, അർദ്ധ വിദഗ്ദ്ധ തൊഴിലാളിക്ക് 400 രൂപയും, വിദഗ്ദ്ധ തൊഴിലാളിക്ക് 480 രൂപയും പ്രതീക്ഷിക്കാമെന്ന്, 2022-ലെ ജമ്മു ആൻഡ് കശ്മീർ വേതന പ്രഖ്യാപനത്തിൽ സൂചിപ്പിക്കുന്നു.

സാധാരണ വലിപ്പത്തിലുള്ള ഒരു പാഷ്മിന ഷോളിൽ 140 ഗ്രാം പാഷ്മിന കമ്പിളിനൂലുണ്ടാവും. ഉയർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ചങ്താംഗി ആടിന്റെ ( കാപ്ര ഹിരികസ് എന്നാണ് ശാസ്ത്രീയനാമം ) കമ്പിളിരോമത്തിൽനിന്ന് 10 ഗ്രാം അസംസ്കൃത നൂൽ നൂൽ വേർതിരിക്കാൻ ഫഹ്മിദയ്ക്ക് രണ്ട് ദിവസം വേണം.

ഭർത്തൃമാതാവ് ഖദീജയിൽനിന്നാണ് ഫഹ്മിദ കൈകൊണ്ട് പാഷ്മിന നൂൽക്കുന്ന കല പഠിച്ചെടുത്തത്. കേന്ദ്രഭരണപ്രദേശമായ ജമ്മു-കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ കോഹ്-ഇ-മാരൻ എന്ന പ്രദേശത്തെ ഒറ്റനില വീട്ടിലാണ് ഈ സ്ത്രീകൾ, അവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നത്.

വീട്ടിലെ 10 x10 അടി വലിപ്പമുള്ള മുറിയിലുള്ള നൂൽനൂൽ‌പ്പ് യന്ത്രത്തിലാണ് ഖദീജ ജോലി ചെയ്യുന്നത്. ഒരു മുറി അടുക്കളയായും, മറ്റൊരു മുറി പാഷ്മിന നെയ്യുന്ന കുടുംബത്തിലെ ആണുങ്ങളുടെ പണിയിടമായും ഉപയോഗിക്കുന്നു. ബാക്കിയുള്ളവ കിടപ്പുമുറികളാണ്.

കുറച്ച് ദിവസങ്ങൾക്കുമുമ്പാണ് 70 വയസ്സുള്ള അനുഭവസമ്പന്നയായ ആ സ്ത്രീ 10 ഗ്രാം പാഷ്മിന കമ്പിളിനൂൽ വാങ്ങിയത്. എന്നാൽ കാഴ്ചക്കുറവുകാരണം, അതിനെ നേർത്ത നൂലാക്കി മാറ്റാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല. 10 വർഷം മുമ്പാണ് അവരുടെ കണ്ണിലെ കാറ്ററാക്ട് നീക്കിയത്. സൂക്ഷ്മമായി ചെയ്യേണ്ട നൂൽ നൂൽ‌പ്പിന് ഇപ്പോഴും അവർ വളരെ പ്രയാസപ്പെടുന്നു.

ഫഹ്മിദയേയും ഖദീജയേയും‌പോലുള്ള നൂൽ‌പ്പുകാർ ആദ്യം ചെയ്യുന്നത്, പാഷ്മിന കമ്പിളിനൂലുകൾ വൃത്തിയാക്കലാണ്. ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കമ്പിളിനൂലുകൾ മരംകൊണ്ടുള്ള ചീർപ്പുപയോഗിച്ച് വേർതിരിക്കുകയും ഒരേ ദിശയിലാക്കുകയുമാണ് ആദ്യത്തെ ഘട്ടം. ഉണങ്ങിയ പുല്ലിന്റെ തണ്ട് പിരിച്ചുണ്ടാക്കുന്ന തക്ലിയിൽ അത് ചുറ്റിവെക്കുന്നു.

Left: Wool is pulled through a wooden comb to ensure the fibres are untangled and aligned.
PHOTO • Muzamil Bhat
Right: It is then spun on a spindle made of dried grass stems
PHOTO • Muzamil Bhat

ഇടത്ത്: ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കമ്പിളിനൂലുകൾ മരംകൊണ്ടുള്ള ചീർപ്പുപയോഗിച്ച് വേർതിരിക്കുകയും ഒരേ ദിശയിലാക്കുകയും ചെയ്യുന്നു. വലത്ത്: പിന്നീടത് ഉണങ്ങിയ പുല്ലിന്റെ തണ്ട് പിരിച്ചുണ്ടാക്കുന്ന തക്ലിയിൽ ചുറ്റിവെക്കുന്നു

നൂലുണ്ടാക്കുന്നത് സൂക്ഷ്മതയും സമയമെടുക്കുന്നതുമായ പ്രവൃത്തിയാണ്. “രണ്ട് നൂലുകളെടുത്ത് കൂട്ടിയോജിപ്പിച്ച് ബലമുള്ള ഒരൊറ്റ നൂലുണ്ടാക്കുന്നു. തക്ലി ഉപയോഗിച്ച് അവ ഒന്നാക്കി കെട്ടാക്കി വെക്കുന്നു”, ഖാലിദ ബീഗം വിശദീകരിച്ചു. ശ്രീനഗറിലെ സഫ കദൽ എന്ന പ്രദേശത്തുനിന്നുള്ള ഈ നൂൽനൂൽ‌പ്പ് വിദഗ്ദ്ധ, 25 വർഷമായി പാഷ്മിന കമ്പിളിനൂലുകൾ നൂൽക്കുന്ന ജോലിയിലാണ്.

“ഒരു പുരിയിൽനിന്ന് (10 ഗ്രാം പാഷ്മിന) 140-160 കെട്ട് എനിക്കുണ്ടാക്കാൻ കഴിയും”, അവർ പറഞ്ഞു. അതുണ്ടാക്കാൻ, ധാരാളം സമയവും അദ്ധ്വാനവും ആവശ്യമാണെങ്കിലും, ഒരു കെട്ടിന് ഒരു രൂപയാണ് കിട്ടുന്നതെന്ന് ഖാലിദാ ബീഗം പറഞ്ഞു.

നൂലിന്റെ വലിപ്പം നോക്കിയാണ് പാഷ്മിന നൂലിന്റെ വില. കൂടുതൽ നേർത്ത നൂലാണെങ്കിൽ മൂല്യം കൂടും. നേർത്ത നൂലിൽ കൂടുതൽ കെട്ടുകളുണ്ടാവും, വണ്ണം കൂടിയവയിൽ കുറവും.

“ഓരോ കെട്ടിലും, 9-11 പാഷ്മിന നൂലുകളുണ്ടാവും. 8 മുതൽ 11 ഇഞ്ചുവരെ, അഥവാ, 8 വിരലുകളുടെ നീളമുണ്ടാവും ഓരോ കെട്ടിനും. ഒരു കെട്ടുണ്ടാക്കാനുള്ള നൂലിന്റെ വലിപ്പം സ്ത്രീകൾ കണക്കുകൂട്ടുന്നത് ഈവിധത്തിലാണ്”, ഇൻ‌തിസാർ അഹമ്മദ് ബാബ പറഞ്ഞു. 55 വയസ്സുള്ള അദ്ദേഹം കുട്ടിക്കാലം മുതൽ പാഷ്മിന വ്യാപാരം ചെയ്യുന്നു. കൈകൊണ്ട് നൂൽ നൂൽക്കുന്ന ആൾക്ക്, ഓരോ കെട്ടിനും 1 രൂപയോ 1.50 രൂപയോ കിട്ടും. വ്യാപാരികൾക്കനുസരിച്ചാണ് വിലയിൽ മാറ്റം വരിക.

“മറ്റ് വീട്ടുജോലികളും ചെയ്യേണ്ടതുള്ളതിനാൽ, ഒരു സ്ത്രീക്ക് 10 ഗ്രാം പാഷ്മിന കമ്പിളിയാണ് നൂലാക്കി മാറ്റാൻ പറ്റുക. ദിവസത്തിൽ ഒരു പുരി തീർക്കാൻ ബുദ്ധിമുട്ടാണ്”, ഒരു കെട്ടിന് 1,50 രൂപ വാങ്ങുന്ന രുക്സാന ബാനൊ പറഞ്ഞു.

Left: 'I don’t think people will be doing hand-spinning of pashmina in the future,' says Ruksana
PHOTO • Muzamil Bhat
Right:  Knots in a pashmina hand-spun thread
PHOTO • Muzamil Bhat

ഇടത്ത്: ‘ഭാവിയിൽ ആരും കൈകൊണ്ട് പാഷ്മിന നെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല’, രുക്സാന പറഞ്ഞു. വലത്ത്: കൈകൊണ്ട് തയ്ച്ച പാഷ്മിന നൂലിലെ കെട്ടുകൾ

ഏറിവന്നാൽ, ഒരു ദിവസത്തെ അദ്ധ്വാനത്തിൽനിന്ന് 20 രൂപ മാത്രമേ ഉണ്ടാക്കാനാവൂ എന്ന് 40 വയസ്സുള്ള രുക്സാന പറഞ്ഞു. ഭർത്താവും, മകളും, വിധവയായ നാത്തൂനുമൊത്ത്, നവ കദൈയിലെ അരം‌പൊരയിലാണ് അവർ താമസിക്കുന്നത്. “മൂന്ന് ദിവസമെടുത്ത്, 10 ഗ്രാം പാഷ്മിന നെയ്തതിന് എനിക്ക് കിട്ടിയ ഏറ്റവും കൂടുതൽ കൂലി 120 രൂപയാണ്. കാപ്പി കുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സമയമൊഴിച്ച്, രാവിലെ മുതൽ വൈകീട്ടുവരെ തുടർച്ചയായി ജോലി ചെയ്തിട്ട് കിട്ടിയ കൂലിയാണ് അത്”. 10 ഗ്രാം തീർക്കാൻ അവർക്ക് 5-6 ദിവസം വേണ്ടിവരാറുണ്ട്.

നെയ്ത്തിൽനിന്ന് ആവശ്യത്തിനുള്ള പണം കിട്ടുന്നില്ലെന്ന് ഖദീജ പറഞ്ഞു. “ദിവസങ്ങളോളം പണിയെടുത്താലും എനിക്കൊന്നും കിട്ടാറില്ല. അമ്പത് കൊല്ലം മുമ്പ്, ദിവസത്തിൽ 30 മുതൽ 50 രൂപവരെ കിട്ടിയിരുന്നത് നല്ലൊരു തുകയായിരുന്നു”, അവർ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.

*****

ഷോളുകൾ വാങ്ങുന്നവർ പണം കൊടുക്കാൻ മടിക്കുന്നതുകൊണ്ടാണ്, പാഷ്മിന തൊഴിലാളികൾക്ക് ഈ തുച്ഛമായ കൂലി വാങ്ങേണ്ടിവരുന്നത്. “യന്ത്രത്തിൽ നെയ്ത പാഷ്മിന ഷോൾ 5,000 രൂപയ്ക്ക് കിട്ടുമ്പോൾ എന്തിനാണ് ഒരു വ്യാപാരി, കൈകൊണ്ട് നെയ്ത ഷോളിന് 8,000 രൂപയും 9,000 രൂപയും കൊടുക്കുന്നത്?”, നൂർ-ഉൽ-ഹുദ എന്ന പാഷ്മിന വ്യാപാരി ചോദിച്ചു.

“കൈകൊണ്ട് നൂറ്റ പാഷ്മിന ഷോളുകൾ വാങ്ങുന്നവർ വളരെ കുറവാണ്. ഞാൻ പറയുകയാണെങ്കിൽ, 100 പേരിൽ രണ്ടോ മൂന്നോ ആളുകൾ മാത്രമാണ് കൈകൊണ്ട് നൂറ്റ യഥാർത്ഥ പാഷ്മിന ഷോളുകൾ വാങ്ങുക”, ശ്രീനഗറിലെ ബദാം‌വാരി പ്രദേശത്തെ ചിനാർ ഹാൻഡ്ക്രാഫ്റ്റ്സ് ഷോറൂമിന്റെ ഉടമസ്ഥൻ, 50 വയസ്സുള്ള നൂർ-ഉൽ-ഹുദ പറഞ്ഞു.

2005 മുതൽ കശ്മീരിലെ പാഷ്മിനയ്ക്ക് ഭൌമസൂചികാപദവിയുണ്ട്. കൈകൊണ്ടും യന്ത്രംകൊണ്ടും നൂറ്റ നൂലുകൾകൊണ്ട് നെയ്തെടുത്ത ഉത്പന്നങ്ങൾക്ക് ജി.ഐ. (ജ്യോഗ്രാഫിക്കൽ ഇൻ‌ഡിക്കേഷൻസ്) മുദ്ര കിട്ടാൻ യോഗ്യതയുണ്ടെന്ന്, സർക്കാരിന്റെ വെബ്സൈറ്റിലും, കരകൌശലത്തൊഴിലാളികളുടെ രജിസ്റ്റർ ചെയ്ത സംഘടനയുടെ ഗുണമേന്മാ ലഘുലേഖയിലും (ക്വാളിറ്റി മാനുവൽ) സൂചിപ്പിച്ചിട്ടുണ്ട്.

Combined threads must be twisted again on a spinning wheel so that they don't get separated
PHOTO • Muzamil Bhat

കൂട്ടിക്കെട്ടിയ നൂലുകൾ വേറിടാതിരിക്കാനായി, അവയെ വീണ്ടും ഒരു ചർക്കയിൽ പിരിച്ചുവെക്കണം

Khatija getting the spinning wheel ready to combine the threads
PHOTO • Muzamil Bhat

നൂലുകൾ കൂട്ടിക്കെട്ടുന്നതിനായി ചർക്ക ഒരുക്കിവെക്കുന്ന ഖദീജ

ഒരു നൂറ്റാണ്ടായി നഗരത്തിൽ പാഷ്മിന വ്യാപാരം നടത്തുന്ന കുടുംബത്തിലെ അംഗമാണ് അബ്ദുൾ മാനൻ. ജി.ഐ. മുദ്രയുള്ള 250-ഓളം ഉത്പന്നങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ശുദ്ധവും കൈകൊണ്ടുണ്ടാക്കിയതുമായ പാഷ്മിനകളാണ് അവയെന്ന്, അവയിലെ റബ്ബർ സ്റ്റാമ്പ് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ നെയ്ത്തുകാർ, മെഷീനിലുണ്ടാക്കിയ നൂലാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “കൈകൊണ്ടുണ്ടാക്കിയ നൂലുകൊണ്ടുള്ള പാഷ്മിന ഷോളുകൾ ഉപയോഗിക്കാൻ നെയ്ത്തുകാർ തയ്യാറല്ല. അവയുടെ നേർമ്മതന്നെ കാരണം. മെഷീനിലുണ്ടാക്കിയ നൂലുകൊണ്ട് ചെയ്താൽ കൂടുതൽ ബലമുണ്ടാവും. നെയ്യാൻ അവർക്ക് എളുപ്പവുമാണ്”.

കൈകൊണ്ടുണ്ടാക്കിയതെന്ന് അവകാശപ്പെട്ട് ചില്ലറ കച്ചവടക്കാർ മെഷീനിലുണ്ടാക്കിയ പാഷ്മിനകൾ വിൽക്കുന്നുണ്ട്. “10 ഗ്രാം പാഷ്മിന നെയ്യാൻ 3-5 ദിവസങ്ങളെടുക്കുന്ന സ്ഥിതിക്ക്, ഒരു 1,000 പാഷ്മിന ഷോളുകൾക്കുള്ള ഓർഡർ വന്നാൽ, ഞങ്ങൾക്കെങ്ങിനെ അത് ചെയ്തുകൊടുക്കാനാകും?”, മാനൻ ചോദിക്കുന്നു.

കൈകൊണ്ട് നെയ്ത പാഷ്മിനകൾക്ക് അധികം ആവശ്യക്കാരില്ലെന്ന് മാനന്റെ 60 വയസ്സുള്ള അച്ഛൻ അബ്ദുൽ ഹമീദ് ബാബ പറയുന്നു. 600 വർഷങ്ങൾക്കുമുമ്പ്, കശ്മീരിലേക്ക് വന്ന ഹസ്രത്ത് മിർ സയ്യദ് അലി ഹംദാനി എന്ന സൂഫിവര്യന്റെ വരദാനമാണ് ഈ കരകൌശലകലയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

തന്റെ പിതാമഹന്റെ കാലത്ത്, ആളുകൾ, പാഷ്മിന കമ്പിളിനൂൽ കൊണ്ടുവരാൻ, സമീപത്തുള്ള ലഡാക്കിലേക്ക് കുതിരപ്പുറത്ത് പോയിരുന്നത് അദ്ദേഹം ഓർക്കുന്നു. “അന്ന് എല്ലാം കലർപ്പില്ലാത്തതായിരുന്നു. പാഷ്മിന നൂലുകൾ നൂൽക്കുന്ന 400-500 സ്ത്രീകളുണ്ടായിരുന്നു ഞങ്ങളുടെ കീഴിൽ. ഇന്ന് ഏതാണ്ട് 40 പേർ മാത്രം. പണം സമ്പാദിക്കാനായി മാത്രമാണ് അവരുപോലും ഇത് ചെയ്യുന്നത്”.

പരിഭാഷ: രാജീവ് ചേലനാട്ട്

Muzamil Bhat

ମୁଜାମିଲ୍ ଭଟ ହେଉଛନ୍ତି ଶ୍ରୀନଗରରେ ବାସ କରୁଥିବା ଜଣେ ମୁକ୍ତବୃତ୍ତ ଫଟୋ ସାମ୍ବାଦିକ ଓ ଚଳଚ୍ଚିତ୍ର ନିର୍ମାତା ଏବଂ ସେ 2022 ର ପରୀ ଫେଲୋ ଥିଲେ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Muzamil Bhat
Editor : Punam Thakur

ପୁନମ ଠାକୁର ଦିଲ୍ଲୀର ଜଣେ ମୁକ୍ତବୃତ୍ତି ସାମ୍ବାଦିକ ଏବଂ ରିପୋର୍ଟିଂ ଓ ସଂପାଦନାରେ ତାଙ୍କର ଅଭିଜ୍ଞତା ରହିଛି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Punam Thakur
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat