“ബഡ്ജറ്റൊക്കെ ഉദ്യോഗസ്ഥർക്കുള്ളതാണ്” എന്നാണ് അലി മൊഹമ്മദ് ലോണിന്റെ വിശ്വാസം. അതായത്, മദ്ധ്യവർഗ്ഗക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക്. തന്നെപ്പോലുള്ളവർക്ക് താത്പര്യം തോന്നിപ്പിക്കുന്ന ഒന്നും അതിലില്ലെന്നാണ്, കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ആ ചെറുകിട ബേക്കറിയുടമസ്ഥൻ അർത്ഥമാക്കുന്നത്.
“2024-ൽ 50 കിലോഗ്രാം ധാന്യപ്പൊടി ഞാൻ 1,400 രൂപയ്ക്കാണ് വാങ്ങിയത്. ഇന്നതിന് 2,200 രൂപയാണ്,” തംഗ്മാർഗ് ബ്ലോക്കിലെ മാഹീൻ ഗ്രാമത്തിലിരുന്ന് ഞങ്ങളോട് സംസാരിക്കുകയായിരുന്നു 52 വയസ്സുള്ള അലി. “വില കുറയ്ക്കാൻ സഹായിക്കുന്ന എന്തെങ്കിലും ബഡ്ജറ്റിലുണ്ടെങ്കിൽ എനിക്ക് ഇതിൽ താത്പര്യമുണ്ടാവും. ഇല്ലെങ്കിൽ, ഞാൻ ആദ്യം പറഞ്ഞതുപോലെ, ഇതൊക്കെ ഓഫീസർമാർക്ക് മാത്രമുള്ളതാണ്.”
ശ്രീനഗറിൽനിന്ന് 45 കിലോമീറ്റർ അകലെ, തണുപ്പുകാലത്തെ വിനോദസഞ്ചാരകേന്ദങ്ങളായ തംഗ്മാർഗിനും ദ്രാംഗിനുമിടയിലാണ് മാഹീൻ ഗ്രാമം. പോണികളെ വാടകയ്ക്ക് കൊടുക്കുക, സ്ലെഡ്ജ് വലിക്കുക, സഞ്ചാരികൾക്ക് വഴികാട്ടുക തുടങ്ങിയ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടുള്ള ജോലികളിലേർപ്പെട്ട 250-ഓളം കുടുംബങ്ങളാണ് ആ ഗ്രാമത്തിലുള്ളത്. തണുപ്പ് കൂടുതലുള്ള പ്രദേശമായതിനാൽ, പ്രധാനമായും ചോളമാണ് മാഹീനിലെ കൃഷി.






