"എനിക്ക് സിക്സ് പാക്ക് സ്വാഭാവികമായി ഉണ്ടായതാണ്. ഞാൻ ഒരിക്കൽപ്പോലും വ്യായാമം ചെയ്തിട്ടില്ല. അതാ ആ ഷാബാസിന്റെ ബൈസെപ്സ് കണ്ടോ!" ആദിൽ എന്ന യുവാവ് തന്റെ സഹപ്രവർത്തകനെ ചൂണ്ടിക്കാണിച്ച് ചിരിച്ചുകൊണ്ട് പറയുന്നു.
മീററ്റിലെ ആരോഗ്യപരിപാലന, ജിം ഉപകരണ വ്യവസായമേഖലയിൽ തൊഴിലാളികളായ മുഹമ്മദ് ആദിലും ഷാബാസ് അൻസാരിയും, ജിമ്മിൽ പോകുന്ന ആളുകൾ ഒരു ആഴ്ചയിൽ ഉയർത്തുന്ന ഭാരത്തേക്കാൾ കൂടുതൽ ഭാരം ഒരു ദിവസം ഉയർത്താറുണ്ട്. അവർ ഇരുവരെയുംപോലെയുള്ള, ഉത്തർ പ്രദേശിലെ മീററ്റ് പട്ടണത്തിൽ ജീവിക്കുന്ന മുസ്‌ലിം കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾക്ക് ഈ ഭാരോദ്വഹനം ആരോഗ്യസംരക്ഷണത്തിനുള്ള ഒരു ഉപാധിയല്ല, മറിച്ച് ഒരു പ്രധാന ഉപജീവനമാർഗ്ഗമാണ്. പടിഞ്ഞാറൻ യു.പിയിലെ ഈ ജില്ല ഒന്നാകെ തകായിക ഉത്‌പന്നങ്ങളുടെ നിർമ്മാണത്തിന് വിഖ്യാതമാണ് എന്നതാണ് വസ്തുത.
"കുറച്ച് ദിവസങ്ങൾക്ക് മുൻപ്, ഇവിടത്തെ പയ്യന്മാർ അവരുടെ ബൈസെപ്‌സും ആബ്‌സും (വയറിലെ പേശികൾ) താരതമ്യം ചെയ്യാനായി ഫോട്ടോഷൂട്ട് നടത്തിയിരുന്നു," മുഹമ്മദ് സാക്കിബ് പറയുന്നു. സൂരജ് കുണ്ഡ് റോഡിൽ, സാക്കിബിന്റെ കുടുംബം വാടകയ്ക്കെടുത്ത് നടത്തുന്ന ജിം ഉപകരണ ഷോറൂമിൽ കൗണ്ടറിന് പുറകിൽ ഇരിക്കുകയാണ് 30 വയസ്സുള്ള ഈ സംരംഭകൻ. മീററ്റിലെ കായികോത്പന്ന വിപണിയുടെ പ്രധാനകേന്ദ്രമാണ് സൂരജ് കുണ്ഡ് റോഡ് എന്ന ഒരു കിലോമീറ്റർ നീളമുള്ള പാത.
"സാധാരണ ഡംബല്ലുകൾ ഉപയോഗിക്കുന്ന വീട്ടമ്മമാർമുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ ഉപയോഗിക്കുന്ന കായികതാരങ്ങൾവരെ, എല്ലാവർക്കും ഇന്ന് ജിം, ആരോഗ്യപരിപാലന ഉപകരണങ്ങൾ ആവശ്യമാണ്,' അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഞങ്ങൾ സംസാരിക്കുന്നതിനിടെ, ഇരുമ്പ് ദണ്ഡുകളും ഇരുമ്പ് കുഴലുകളും പണി പൂർത്തിയായ ഹോം ജിം പോലെയുള്ള ഉത്പന്നങ്ങളും ഇരുമ്പുകമ്പികളുമായി നിരവധി മുച്ചക്ര വൈദ്യുതി വാഹനങ്ങൾ (പ്രാദേശികമായി മിനി മെട്രോ എന്ന് അറിയപ്പെടുന്നു) തിരക്കേറിയ റോഡിൽ വരുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു. "ജിം മെഷീനുകളുടെ വിവിധ ഭാഗങ്ങൾ ആദ്യം നിർമ്മിച്ച് പിന്നീട് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്," ഇരുമ്പ് വസ്തുക്കൾ കൊണ്ടുപോകുന്നത് ഷോറൂമിന്റെ ചില്ല് വാതിലിലൂടെ നോക്കിക്കാണുന്നതിനിടെ സാക്കിബ് വിശദീകരിക്കുന്നു.





















