ഹർമൻദീപ് സിംഗ് നിൽക്കുന്നതിന്റെ നാലുചുറ്റും വർണ്ണശബളമായ പട്ടങ്ങൾ പാറിക്കളിക്കുന്നുണ്ട്. കുറച്ചുകൂടി മുൻപിലായി, പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ, കർഷകർ ഡൽഹിയിലേക്ക് പ്രകടനം നടത്തുന്നത് തടയാനായി പോലീസ് വലിയ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്.
അമൃത്‌സറിൽനിന്നുള്ള ഈ 17 വയസ്സുകാരൻ, പ്രതിഷേധിക്കുന്ന കർഷകർക്കുമേൽ കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുകയായിരുന്ന ഡ്രോണുകളെ പട്ടങ്ങളുപയോഗിച്ച് താഴെ വീഴ്ത്തുകയുണ്ടായി; ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം നേരിടാനുള്ള നവീനമായ മാർഗ്ഗമായിരുന്നു അത്. "കണ്ണീർവാതകത്തിന്റെ പ്രഭാവം കുറയ്ക്കുന്നതിനായി ഞാൻ കണ്ണുകൾക്ക് ചുറ്റും ടൂത്ത്പേസ്റ്റ് പുരട്ടുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ സധൈര്യം മുന്നേറി ഈ യുദ്ധം ജയിക്കുകതന്നെ ചെയ്യും," അദ്ദേഹം പറയുന്നു.
2024 ഫെബ്രുവരി 13-നു പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് സമാധാനപരമായി പ്രകടനം തുടങ്ങിയ ആയിരക്കണക്കിന് കർഷക- തൊഴിലാളികളിലൊരാരാളാണ് ഹർമൻദീപ്. എന്നാൽ അവർക്ക് ശംഭു അതിർത്തിയിൽവെച്ച് പാരാമിലിറ്ററി, റാപിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്), പോലീസ് സേനാംഗങ്ങളെ നേരിടേണ്ടിവന്നു. ഇതിനുപുറമേ, കർഷകർ ഡൽഹിയിലെ പ്രതിഷേധസ്ഥലത്ത് എത്തുന്നത് തടയാനായി റോഡിൽ ഇരുമ്പാണികളും കോൺക്രീറ്റ് മതിലുകളും സ്ഥാപിച്ചിരുന്നു.
ആദ്യത്തെ ബാരിക്കേഡിന് സമീപത്ത് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ഗുർജന്ധ് സിംഗ് ഖൽസ കർഷകർ ഉയർത്തുന്ന അഞ്ച് പ്രധാന ആവശ്യങ്ങൾ ആവർത്തിക്കുന്നു - സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം വിളകൾക്കുള്ള താങ്ങുവില ഉറപ്പ് നൽകുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടം പൂർണ്ണമായും എഴുതിത്തള്ളുക, ലക്കിംപൂർ ഖേരി കൂട്ടക്കൊലയിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ഇരകളായ കർഷകർക്ക് നീതി ഉറപ്പാക്കുകയും ചെയ്യുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ സമ്പ്രദായം ഏർപ്പെടുത്തുക, 2020-2021 കാലയളവിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുക എന്നിവയാണവ.
























