കിരൺ ഭക്ഷണമുണ്ടാക്കും, വീട് വൃത്തിയാക്കും, കാര്യങ്ങൾ നോക്കിനടത്തും. വിറകും വെള്ളവും ശേഖരിച്ച് വീട്ടിലേക്കെത്തിക്കുമ്പോൾ വേനൽക്കാലത്ത് വീട്ടിലേക്കുള്ള ദൂരം കൂടുന്നതുപോലെ തോന്നും.
11 വയസ്സുമാത്രമുള്ള അവൾക്ക് മറ്റ് വഴികളില്ല. അവളുടെ രക്ഷിതാക്കൾ വർഷംതോറും ജോലിയന്വേഷിച്ച് പലായനം ചെയ്യും. ബൻസ്‌വാരാ ജില്ലയിലെ ആ ഗ്രാമത്തിലെ (പേര് വെളിപ്പെടുത്തുന്നില്ല) വീട്ടിൽ മറ്റാരുമില്ല. 18 വയസ്സുള്ള സഹോദരൻ വികാസ് (പേര് യഥാർത്ഥമല്ല) അടുത്തുണ്ടെങ്കിലും ഏതുനിമിഷവും അവനും കുടിയേറിപ്പോവാം. മുമ്പ് പലപ്പോഴും ചെയ്തതുപോലെ. മൂന്നും 13-ഉം വയസ്സിനിടയ്ക്കുള്ള മറ്റ് മൂന്ന് സഹോദരർ രക്ഷിതാക്കളുടെ കൂടെ താമസിക്കുന്നു. ഗുജറാത്തിലെ വഡോഡരയിലെ നിർമ്മാണ സൈറ്റിൽ. അവർക്ക് സ്കൂൾ വിദ്യാഭ്യാസം പ്രാപ്യമല്ല. കിരണിനാകട്ടെ, അത് ലഭിക്കുകയും ചെയ്യുന്നു.
“ഞാൻ രാവിലെ കുറച്ച് ഭക്ഷണം പാചകം ചെയ്യും,” കിരൺ (പേര് യഥാർത്ഥമല്ല) പറയുന്നു. തന്റെ ദിനചര്യ ഈ റിപ്പോർട്ടർക്ക് വിവരിച്ചുതരികയായിരുന്നു അവൾ. ഒറ്റമുറി വീടിന്റെ പകുതി ഭാഗവും അടുക്കളയാണ്. മേൽത്തട്ടിൽനിന്ന് തൂങ്ങിനിൽക്കുന്ന ഒരൊറ്റ വെളിച്ചം മാത്രമാണ് രാത്രിയിൽ ആശ്രയം.
ഒരറ്റത്ത് വിറകടുപ്പുണ്ട്; കുറച്ചധികം വിറകും എണ്ണയും സമീപത്തുതന്നെ വെച്ചിരിക്കുന്നു. പച്ചക്കറി, മസാലകൾ, മറ്റ് കൂട്ടുകൾ എന്നിവ പ്ലാസ്റ്റിക്ക് ബാഗിലും ഡബ്ബകളിലുമായി നിലത്തും, ചുമരിൽനിന്ന് കയറിൽ തൂക്കിയും വെച്ചിരിക്കുന്നു. അവളുടെ കുഞ്ഞുകൈകൾക്ക് എത്താൻ പാകത്തീൽ. “വൈകീട്ട് സ്കൂൾ വിട്ടുവന്നാൽ രാത്രിക്കുള്ള അത്താഴവും ഞാനുണ്ടാക്കും. പിന്നെ കോഴികളുടെ കാര്യങ്ങൾ നോക്കണം. പിന്നീട് ഞങ്ങൾ ഉറങ്ങാൻ പോവും,” കിരൺ പറയുന്നു.
ചെറുനാണത്തോടെ അവൾ പറഞ്ഞ ആ ജോലികൾക്ക് പുറമേ മറ്റ് ചില ജോലികളും അവൾ ചെയ്യുന്നുണ്ട്. ബിജ്ലിയ, ദാവ്ഡ ഖോര എന്നൊക്കെ നാട്ടുകൾ വിശേഷിപ്പിക്കുന്ന അടുത്തുള്ള കുന്നിന്റെ താഴെയുള്ള കാട്ടിൽ പോയി വിറക് ശേഖരിക്കണം. കാട്ടിൽ പോകാൻ അവൾ ഒരുമണിക്കൂറെടുക്കും. പിന്നെ വിറക് വെട്ടാനും, അവ ശേഖരിച്ച്, കെട്ടാക്കാനും വീണ്ടും ഒരുമണിക്കൂർ. പിന്നെ അത് ചുമന്ന് വീട്ടിലെത്താൻ വീണ്ടും ഒരു മണിക്കൂർ. ആ കുഞ്ഞുശരീരത്തേക്കാൾ ഉയരവും ഭാരവുമുള്ള വിറകുകെട്ടുമായിട്ടാണ് പലപ്പോഴും അവളുടെ മടക്കം.












