“വെറ്റില ഇലകൾ രക്ഷപ്പെട്ടിരുന്നെങ്കിൽ ഈവർഷം (2023-ൽ) എനിക്ക് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപ കിട്ടിയേനേ”, സങ്കടവും നിരാശയും കലർന്ന ശബ്ദത്തിൽ ആ കർഷകസ്ത്രീ പറയുന്നു. ധേവരി ഗ്രാമത്തിലാണ് 29 വയസ്സുള്ള അവർ താമസിക്കുന്നത്. ബിഹാറിലെ നവാദ ജില്ലയിലുണ്ടായ ഉഷ്ണക്കാറ്റിലാണ് 2023 ജൂണിലെ വിളവ് കരുണാദേവിക്ക് നഷ്ടപ്പെട്ടത്. പച്ചപിടിച്ച് നിന്നിരുന്ന അവരുടെ ബരേജയിലെ തിളങ്ങുന്ന മഹാഗി വെറ്റിലക്കൊടികൾ അസ്ഥികൂടംപോലെയായി. മറ്റ് കൃഷിസ്ഥലങ്ങളിൽ ജോലി നോക്കാൻ അവർ അതോടെ നിർബന്ധിതയായി.
ദിവസങ്ങളോളം നീണ്ടുനിന്ന കഠിനമായ ചൂട് അനുഭവിക്കേണ്ടിവന്ന പത്തുപന്ത്രണ്ട് ജില്ലകളിലൊന്നായിരുന്നു നവാദ. “ആകാശത്തുനിന്ന് തീമഴ പെയ്യുന്നതുപോലെയായിരുന്നു. ഉച്ചസമയത്ത് പാടങ്ങളിൽ ആരുമുണ്ടാവില്ല. കർഫ്യൂവിന് സമാനമായിരുന്നു അവസ്ഥ”, ചൂടിനെ സൂചിപ്പിച്ച് അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ വാരിസാലിഗഞ്ച് കാലാവസ്ഥാകേന്ദം അക്കൊല്ലം രേഖപ്പെടുത്തിയ പരമാവധി താപനില 45.9 സെൽഷ്യസ് ആയിരുന്നു. അതിനെത്തുടർന്നുണ്ടായ ഉഷ്ണക്കാറ്റിൽ ബിഹാറിലും ഉത്തർ പ്രദേശിലും 100-ലധികം ആളുകൾ മരിച്ചതായി 2023 ജൂൺ 18-ലെ ദ് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തു.
ചൂടിനെ വകവെക്കാതെ “ഞങ്ങൾ ബരേജയിൽ പോകാറുണ്ടായിരുന്നു” എന്ന് കരുണാ ദേവി പറയുന്നു. ആറ് കത്ത (കഷ്ടി 8,000 ചതുരശ്രയടി) വരുന്ന പാടത്ത് മഗാഹി വെറ്റില കൃഷി ചെയ്യാൻ 1 ലക്ഷം രൂപ വായ്പയെടുത്തതുകൊണ്ട്, കുടുംബത്തിന് അതല്ലാതെ മറ്റ് വഴിയില്ലായിരുന്നു





















