കൽക്കരിക്കൂനകളും ചാരക്കൂനകളുമുള്ള 2920 മെഗാവാട്ട് സൂപ്പർ തെർമൽ പവർ സ്റ്റേഷന്റെയും ചന്ദ്രപുരിലെ നിബിഡമായ കുറ്റിക്കാടിന്റെയും ഇടയിലുള്ള ഗ്രാ‍മചത്വരത്തിൽ നവീകരിച്ച ഒരു മഹീന്ദ്ര ചരക്കുവണ്ടി - MH34AB6880 നമ്പറുള്ളത് – വന്നുനിന്നു.

വാഹനത്തിന്റെ ഇരുവശത്തും നിറവും ആകർഷകവുമായ പോസ്റ്ററുകൾ ഒട്ടിച്ചുവെച്ചിരുന്നു. മുദ്രാവാക്യങ്ങളും ഫോട്ടോഗ്രാഫുകളുമുള്ള പോസ്റ്ററുകൾ. 2023 ഒക്ടോബറിലെ ഒരു അലസമായ പ്രഭാതത്തിൽ മയങ്ങിക്കിടന്നിരുന്ന ഗ്രാമത്തിന്റെ ശ്രദ്ധയെ അത് ആകർഷിച്ചു. കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഓടിക്കൂടി.

ഒരു ഡ്രൈവറുടേയും സഹായിയുടേയും കൂടെ വിത്തൽ ബഢ്കൽ വാഹനത്തിൽനിന്ന് ഇറങ്ങി. ഒരുകൈയ്യിൽ ഒരു മൈക്രോഫോണും മറുകൈയ്യിൽ തവിട്ടുനിറമുള്ള ഒരു ഡയറിയുമായിട്ടാണ് അദ്ദേഹം വന്നത്. വെള്ളനിറത്തിലുള്ള ധോത്തിയും കുർത്തയും വെളുത്ത നെഹ്രു തൊപ്പിയുമിട്ട്, കൈയ്യിലുള്ള മൈക്കിലൂടെ അദ്ദേഹം സംസാരിക്കാൻ തുടങ്ങി. വാഹനത്തിന്റെ മുൻഭാഗത്ത് ഘടിപ്പിച്ച കോളാമ്പിയിലൂടെ ആ സംഭാഷണം ഒഴുകിപ്പരന്നു.

താൻ എന്തിനാണ് വന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കർഷകരും അടുത്തുള്ള കൽക്കരിയൂണിറ്റുകളിലും ചെറുകിട വ്യവസായസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരുമായ 5,000-ത്തോളം ആളുകൾ താമസിക്കുന്ന ആ ഗ്രാമത്തിന്റെ ഓരോ മൂലയ്ക്കലും അദ്ദേഹത്ത്ന്റെ ശബ്ദമെത്തി. കഷ്ടിച്ച് അഞ്ച് മിനിറ്റ് നീണ്ട പ്രസംഗത്തിനൊടുവിൽ, ഗ്രാമത്തിലെ രണ്ട് മുതിർന്ന വ്യക്തികൾ അദ്ദേഹത്തെ പുഞ്ചിരിയോടെ സ്വീകരിക്കാൻ മുന്നോട്ട് വന്നു.

“ഹേ മാമ, നമസ്കാരം, ദയവായി ഇരുന്നാലും”, ആ രണ്ടുപേരിൽ ഒരാളായ ഹേമരാജ് മഹാദേവ് ദിവാസെ എന്ന 65 വയസ്സായ കർഷകൻ അഭ്യർത്ഥിച്ചു. ഗ്രാമചത്വരത്തിൽ ഒരു ചെറിയ പലചരക്കുകട നടത്തുകയും ചെയ്യുന്നുണ്ട് ഹേമരാജ്.

“നമസ്കാരം”, ബഢ്കൽ മാമ അവരെ നോക്കി കൈകൂപ്പി പറഞ്ഞു.

Vitthal Badkhal on a campaign trail in Chandrapur in October 2023. He is fondly known as ‘Dukkarwale mama ’ – ran-dukkar in Marathi means wild-boar. He has started a relentless crusade against the widespread menace on farms of wild animals, particularly wild boars. His mission is to make the government acknowledge the problem, compensate and resolve it.
PHOTO • Sudarshan Sakharkar
Hemraj Mahadev Diwase is a farmer who also runs a grocery shop in Tadali village. He says the menace of the wild animals on farms in the area is causing losses
PHOTO • Sudarshan Sakharkar

ഇടത്ത്: 2023 ഒക്ടോബറിൽ ചന്ദ്രപുരിൽ വിത്തൽ ബഢ്കൽ നടത്തിയ ഒരു പ്രചാരണയാത്ര. ‘ദുക്ഖർവാലെ മാമ’ എന്നാണ് അദ്ദേഹം സ്നേഹപൂർവ്വം വിളിക്കപ്പെടുന്നത്. മറാത്തിയിൽ റാൻ-ദുക്ഖർ എന്നാൽ കാട്ടുപന്നി എന്നാണ് അർത്ഥം. വന്യജീവികൾക്കെതിരേ, പ്രത്യേകിച്ചും കാട്ടുപന്നികൾക്കെതിരേ അക്ഷീണമായ കുരിശുയുദ്ധമാണ് അദ്ദേഹം നടത്തിയത്. ഇത്തരമൊരു പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് സർക്കാരിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ആ പ്രശ്നത്തിന് പരിഹാരവും, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും സർക്കാരിനെക്കൊണ്ട് കൊടുപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു ലക്ഷ്യം. വലത്ത്: തഡാലി ഗ്രാമത്തിൽ ഒരു പലചരക്കുകട നടത്തുന്ന കർഷകനാണ് ഹേമരാജ് മഹാദേവ് ദിവാസെ. കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങൾ നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു

ഗ്രാമീണരാൽ ചുറ്റപ്പെട്ട്, അദ്ദേഹം ശാന്തനായി പലചരക്കുകടയിലേക്ക് ചെന്ന്, ഗ്രാ‍മചത്വരത്തിന് അഭിമുഖമായി ഒരു പ്ലാസ്റ്റിക്ക് കസേരയിൽ ഇരുന്നു. അദ്ദേഹത്തിന്റെ പിൻ‌വശത്തുള്ള കടയിൽ ദിവാസെ പ്രതീക്ഷയോടെ ഇരിക്കുന്നുണ്ടായിരുന്നു.

ഒരു വെളുത്ത ടവൽകൊണ്ട് തന്റെ മുഖത്തെ വിയർപ്പ് തുടച്ച്, ‘മാമ’ എന്ന് ആദരപൂർവ്വം വിളിക്കപ്പെടുന്ന അദ്ദേഹം ചുറ്റുമുള്ളവരോട് ചുറ്റും നിൽക്കാനും ഇരിക്കാനും അഭ്യർത്ഥിച്ചു. 20 മിനിറ്റ് നീണ്ടുനിൽക്കാൻ പോവുന്ന ഒരു വർക്ക്ഷോപ്പിനുള്ള ഒരുക്കമായിരുന്നു അത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വിളവുനഷ്ടമുണ്ടാവുകയോ, സർപ്പദംശനം മൂലമോ കടുവയുടെ ആക്രമണത്തിലോ ജീവൻ നഷ്ടപ്പെടുകയോ ചെയ്താൽ കർഷകർ ഏതുവിധത്തിലാണ് നഷ്ടപരിഹാരത്തിനുള്ള അവകാശമുന്നയിക്കേണ്ടത്, ഇടിമിന്നലിൽനിന്ന് രക്ഷപ്പെടാൻ എന്ത് ചെയ്യണം എന്നൊക്കെ വിവരിക്കുന്ന വിശദമായ ഒരു വിവരണമായിരുന്നു തുടർന്ന് നടന്നത്.

“വന്യജീവികൾ, കടുവകൾ, പാമ്പുകൾ, ഇടിമിന്നൽ എന്നിവയിൽനിന്നൊക്കെ നമുക്ക് ഉപദ്രവങ്ങൾ നേരിടുന്നു. എങ്ങിനെയാണ് നമ്മുടെ ശബ്ദം സർക്കാരിനെ കേൾപ്പിക്കേണ്ടത്?”, നല്ല മറാത്തിയിൽ അദ്ദേഹം വിവരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ശബ്ദഗാംഭീര്യത്തിൽ മുഴുകിയിരിക്കുകയായിരുന്നു ഗ്രാമീണർ. “നമ്മൾ അതിന്റെ വാതിലിൽ ചെന്ന് മുട്ടിയില്ലെങ്കിൽ സർക്കാർ എങ്ങിനെയാണ് ഉണരുക?”.

തന്റെ സ്വന്തം ചോദ്യത്തിനുള്ള ഉത്തരം തേടി അദ്ദേഹം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വന്യമൃഗ ആക്രമണംകൊണ്ടുണ്ടാകുന്ന വിളവുകൾക്കുള്ള നഷ്ടപരിഹാരത്തിനെക്കുറിച്ചും മറ്റും ഗ്രാമീണരിൽ അവബോധമുണർത്തുക എന്ന ലക്ഷ്യത്തോടെ.

ഭദ്രാവതി പട്ടണത്തിൽ കർഷകരുടെ ഒരു റാലി അടുത്തുതന്നെ ഉണ്ടാവുമെന്നും അതിൽ ‘നിങ്ങളെല്ലാവരും പങ്കെടുക്കണമെന്നും” അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു. അതിനുശേഷം, തന്റെ വാഹനത്തിൽ അടുത്ത ഗ്രാമം ലക്ഷ്യമാക്കി യാത്രയായി.

*****

യുവവിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നാണ് വിളിക്കുന്നത്. അനുയായികൾ ‘മാമ’ എന്നും. സ്വന്തം ഗോത്രക്കാരായ കർഷകർക്ക് അദ്ദേഹം ‘ദുക്ഖർ മാമ’യാണ്. മറാത്തിയിൽ റാൻ-ദുക്ഖർ എന്നാൽ കാട്ടുപന്നി എന്നാണ് അർത്ഥം. വന്യജീവികൾക്കെതിരേ, പ്രത്യേകിച്ചും കാട്ടുപന്നികൾക്കെതിരേ അക്ഷീണമായ കുരിശുയുദ്ധമാണ് അദ്ദേഹം നടത്തിയത്. ഇത്തരമൊരു പ്രശ്നമുണ്ടെന്ന് സർക്കാരിനെക്കൊണ്ട് സമ്മതിപ്പിക്കുകയും ആ പ്രശ്നത്തിന് പരിഹാരവും, നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരവും മേടിച്ചെടുക്കുക എന്നതുമായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു ലക്ഷ്യം

Women farmers from Tadali village speak about their fear while working on farms which are frequented by wild animals including tigers.
PHOTO • Sudarshan Sakharkar
Vitthal Badkhal listens intently to farmers
PHOTO • Sudarshan Sakharkar

ഇടത്ത്: തഡാലി ഗ്രാമത്തിലെ സ്ത്രീകർഷകർ, കടുവകളടക്കമുള്ള വന്യജീവികളെക്കുറിച്ച് തങ്ങൾക്കുള്ള ആശങ്കകളെപ്പറ്റി സംസാരിക്കുന്നു. വലത്ത്: കർഷകരെ ശ്രദ്ധയോടെ കേൾക്കുന്ന വിത്തൽ ബഢ്കൽ

ഒറ്റയാൾ ദൌത്യമായിരുന്നു അദ്ദേഹത്തിന്റേത്. സന്നദ്ധപ്രവർത്തനം. വിളകൾക്ക് നഷ്ടം മേടിച്ചെടുക്കുന്നതിനെക്കുറിച്ചും, അതിലുൾപ്പെട്ട പ്രക്രിയയെക്കുറിച്ചും – സ്ഥലത്തുചെന്നുള്ള പരിശോധനയും കടലാസ്സുകൾ സമർപ്പിക്കലുമടക്കം – കർഷകരെ ബോധവാന്മാരാക്കുകയും സജ്ജരാക്കുകയും ചെയ്യുക എന്നതായിരുന്നു ആ ദൌത്യം.

തഡോബ അന്ധാരി ടൈഗർ റിസർവിന് (ടി.എ.ടി.ആർ) ചുറ്റുമുള്ള ചന്ദ്രപുർ ജില്ല മുഴുവനും അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായിരുന്നു

സർക്കാരിന്റെ ശ്രദ്ധ ഈ വിഷയങ്ങളിൽ പതിഞ്ഞത് തങ്ങളുടെ ഇടപെടലുകൊണ്ടാണെന്നുള്ള അവകാശവാദവുമായി നിരവധിപേരുണ്ട്. എന്നാൽ, മഹാരാഷ്ട്ര സർക്കാർ ഈ വിഷയത്തെ ആദ്യമായി അംഗീകരിച്ചത് ഈ മനുഷ്യന്റെ പ്രവർത്തനഫലമായിട്ടായിരുന്നു. വിളനഷ്ടമെന്നത് ‘ഒരുതരത്തിൽ പറഞ്ഞാൽ വരൾച്ചയ്ക്ക് തുല്യമാണ്’ എന്നുള്ള കർഷകരുടെ വാദം അംഗീകരിച്ചുകൊണ്ട്, കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന ഒരു പ്രമേയം സർക്കാർ 2003-ൽ പാസ്സാക്കി. കർഷകരെ ഒരുമിപ്പിക്കാനും ബോധവത്കരിക്കാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനുമുള്ള അഞ്ചുവർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് അതുണ്ടായതെന്ന് ബഢ്കൽ പറയുന്നു.

1996-ൽ ഭദ്രാവതിക്ക് ചുറ്റും കൽക്കരി, ഇരുമ്പ് അയിരുകളുടെ ഖനികൾ വന്നതോടെയാണ് അദ്ദേഹത്തിന് തന്റെ കൃഷിയിടം ഒന്നാകെ നഷ്ടമായത്. കോൾ ഇന്ത്യാ ലിമിറ്റഡ് എന്ന പൊതുമേഖലയുടെ അനുബന്ധസ്ഥാപനമായ വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (ഡബ്ല്യു.സി.എൽ) ആ പ്രദേശത്ത് ഒരു തുറന്ന ഖനി ആരംഭിച്ചു. ബഢ്കൽ ജനിച്ച, തെൽ‌വാസ-ധൊർവാസ എന്ന ഇരട്ടഗ്രാമത്തിന് മുഴുവൻ സ്ഥലങ്ങളും നഷ്ടമായി.

അക്കാലമാകുമ്പോഴേക്കും കൃഷിയിടങ്ങളിലെ വന്യമൃഗ ആക്രമണങ്ങൾ ഭീകരരൂപമാർജ്ജിച്ചിരുന്നു. വനങ്ങളുടെ ഗുണനിലവാരത്തിൽ രണ്ടുമൂന്ന് പതിറ്റാണ്ടായി വന്നുകൊണ്ടിരുന്ന മാറ്റങ്ങളും, ജില്ലയിലാകമാനം പുതിയ ഖനി പദ്ധതികളും താപോർജ്ജനിലയങ്ങളും വന്നതും എല്ലാം, ഈ വന്യജീവി-മനുഷ്യ സംഘർഷം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

2002-ഓടെ, ഭാര്യ മന്ദാതായിയോടൊപ്പം അദ്ദേഹം ഭദ്രാവതിയിലേക്ക് താമസം മാറ്റുകയും മുഴുവൻ സമയ സാമൂഹികപ്രവർത്തകനായി മാറുകയും ചെയ്തു. അഴിമതിക്കും, മയക്കുമരുന്നിനുമെതിരേയും അദ്ദേഹം സന്ധിയില്ലാസമരം ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ രണ്ട് ആണ്മക്കളും ഒരു മകളും വിവാഹം കഴിച്ച് ഒതുങ്ങിക്കഴിയുന്നു. അവരുടെ അച്ഛനിൽനിന്ന് വ്യത്യസ്തരായി, അധികം അറിയപ്പെടാതെ.

സ്വന്തം ഉപജീവനത്തിനായി മാമ ഒരു ചെറിയ കൃഷിസംരംഭം നടത്തുന്നുണ്ട്. മുളകും, മഞ്ഞപ്പൊടിയും, ജൈവ ചക്കരയും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുകയാണ് അദ്ദേഹമിപ്പോൾ.

Badkhal with farmers in the TATR. He says, gradual changes over two or three decades in the quality of forests, an explosion of new mining projects all over the district and expansion of thermal power plants have cumulatively led to the aggravation of the wild-animal and human conflict
PHOTO • Sudarshan Sakharkar

ടി.എ.ടി.ആറിലെ കർഷകരോടൊപ്പം ബഢ്കൽ. വനങ്ങളുടെ ഗുണനിലവാരത്തിൽ രണ്ടുമൂന്ന് പതിറ്റാണ്ടായി വന്നുകൊണ്ടിരുന്ന മാറ്റങ്ങളും, ജില്ലയിലാകമാനം പുതിയ ഖനി പദ്ധതികളും താപോർജ്ജനിലയങ്ങളും വന്നതും എല്ലാം, ഈ വന്യജീവി-മനുഷ്യ സംഘർഷം വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു

വർഷങ്ങളായുള്ള പ്രവർത്തനഫലമായി, ചന്ദ്രപുരിലെയും സമീപജില്ലകളിലേയും കർഷകരെ സംഘടിപ്പിക്കാനും കന്നുകാലികളടക്കമുള്ള ജീവികളിൽനിന്ന് കൃഷിക്കുണ്ടാവുന്ന വിളനഷ്ടങ്ങളിൽ, സർക്കാരിന്റെ നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾമൂലം മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ കിട്ടേണ്ട നഷ്ടപരിഹാരത്തുകയും വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

2003-ൽ ആദ്യത്തെ സർക്കാർ പ്രമേയം പ്രഖ്യാപിച്ചപ്പോൾ, നഷ്ടപരിഹാരം തുച്ഛമായിരുന്നു. ഏതാനും നൂറുകൾ മാത്രം. ഇപ്പോൾ അത്, പരമാവധി 2 ഹെക്ടർ ഭൂമിയുള്ള ഒരു കുടുംബത്തിന് വർഷത്തിൽ, ഓരോ ഹെക്ടറിനും 25,000 രൂപ എന്ന നിരക്കിലെത്തിയിട്ടുണ്ട്. ആ പണം മതിയാകുമെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, നഷ്ടപരിഹാരം വർദ്ധിപ്പിച്ചതിൽനിന്നുതന്നെ, സർക്കാർ ഇത്തരം ഒരു വിഷയം നിലനിൽക്കുന്നു എന്നത് അംഗീകരിച്ചിട്ടുണ്ട് എന്നതാണ് പ്രധാനം എന്ന് ബഢ്കൽ മാമ സൂചിപ്പിക്കുന്നു. “സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും കർഷകർ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് മുന്നോട്ടുവരുന്നില്ല എന്നതാണ് സങ്കടം”, അദ്ദേഹം തുടർന്നു. വിളവുനഷ്ടത്തിന്, വർഷാവർഷം, ഒരു കുടുംബത്തിന്, ഓരോ ഹെക്ടറിനും 70,000 രൂപവെച്ച് നഷ്ടപരിഹാരം കൊടുക്കണം എന്നതാണ് ഇപ്പോൾ അദ്ദേഹം ഉയർത്തുന്ന ആവശ്യം. “അതൊരു തരക്കേടില്ലാത്ത നല്ല തുകയായിരിക്കും”, അദ്ദേഹം സൂചിപ്പിക്കുന്നു.

വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ നഷ്ടമാവുകയോ, കന്നുകാലികൾ കൊല്ലപ്പെടുകയോ, വിളവുനഷ്ടമുണ്ടാവുകയോ ചെയ്താൽ നഷ്ടപരിഹാരം കൊടുക്കുന്നതിനായി, മഹാരാഷ്ട്രയിൽ, വനംവകുപ്പ് വർഷത്തിൽ 80-100 കൊടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് 2022 മാർച്ചിൽ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഹെഡ് ഓഫ് ഫോറസ്റ്റ് സർവീസ്) സുനിൽ ലിമായെ പാരിയോട് ഒരു അനൌദ്യോഗിക സംഭാഷണത്തിൽ പറയുകയുണ്ടായി.

“അത് വെറും തുച്ഛമായ തുകയാണ്. ഭദ്രാവതിയുടെ (അദ്ദേഹത്തിന്റെ ഗ്രാമം) കാര്യം മാത്രമെടുക്കുക, വിളനഷ്ടത്തിനുതന്നെ ശരാശരി 2 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട് ഈ ഗ്രാമത്തിന്. ഞങ്ങളുടെ പ്രചാരണപരിപാടികളും, അവർക്ക് കൊടുക്കുന്ന പരിശീലനവും മൂലം, കർഷകർക്ക് ഇതിനെക്കുറിച്ച് അറിയാമെന്നതാണ് കാരണം. മറ്റിടങ്ങളിൽ, ഈ വിഷയത്തിന് അധികം പ്രാധാന്യം കിട്ടുന്നില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞാനിത് 25 വർഷമായി ചെയ്തുകൊണ്ടിരിക്കുകയാണ്”, അപാരമായ നർമ്മബോധമുള്ള ആ മനുഷ്യൻ തന്റെ വീട്ടിലിരുന്ന് പറയുകയാണ്. “ഇനിയുള്ള കാലത്തും ഞാൻ ഇതുതന്നെ ചെയ്യും”.

ഇന്ന്, മഹാരാഷ്ട്രയിലാകമാനം, ബഢ്കൽ മാമയ്ക്ക് ആവശ്യക്കാരുണ്ട്.

Badkhal mama is in demand all over Maharashtra. 'I’ve been doing it for 25 years... I will do it for the rest of my life,' says the crusader from Bhadravati town in Chandrapur district
PHOTO • Jaideep Hardikar

മഹാരാഷ്ട്രയിലാകമാനം, ബഢ്കൽ മാമയ്ക്ക് ആവശ്യക്കാരുണ്ട്. ‘ഞാനിത് 25 വർഷമായി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള കാലത്തും ഞാൻ ഇതുതന്നെ ചെയ്യും’, ഭദ്രാവതിയിലെ തന്റെ വീട്ടിലിരുന്ന് ആ പോരാളി പറയുകയാണ്

മഹാരാഷ്ട സർക്കാർ നഷ്ടപരിഹാരത്തുക വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രശ്നമുണ്ടെന്ന് സമ്മതിക്കലാണ് അതെന്ന് ബഢ്കൽ പറയുന്നു. എന്നാൽ സംസ്ഥാനത്തെ പല ഭാഗത്തും, കർഷകർ ഇത്തരം ആവശ്യമുന്നയിച്ച് മുന്നോട്ട് വരുന്നില്ല. നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്

*****

തണുപ്പും കാറ്റുമുള്ള 2023 ഫെബ്രുവരിയിലെ ഒരു ദിവസം, പാരി അദ്ദേഹത്തോടൊപ്പം, ടി.എ.ടി.ആറിന്റെ പടിഞ്ഞാറുള്ള ഭദ്രാവതി തെഹ്സിലിലെ സമീപഗ്രാമങ്ങളിലേക്ക് യാത്ര തിരിച്ചു. മിക്ക കർഷകരും റാബി കൃഷി വിളവെടുക്കുകയായിരുന്നു അപ്പോൾ.

വിവിധ ജാതിയിൽ‌പ്പെട്ടവരും ചെറുതും വലുതുമായ കൃഷിയിടങ്ങളുള്ളവരും പാർക്കുന്ന നാലഞ്ച് ഗ്രാമങ്ങളിലേക്ക് നടത്തിയ ആ യാത്രയിൽ കണ്ടുമുട്ടിയ മിക്ക കർഷകരും വന്യമൃഗ ആക്രമണമെന്ന പൊതുവായ ദുരിതമനുഭവിക്കുന്നവരായിരുന്നു.

“ഇത് നോക്കൂ, ഇനി എന്താണ് എനിക്ക് ബാക്കി കിട്ടുക?” ഉഴുന്നുപാടത്തിന്റെ നടുക്ക് നിൽക്കുന്ന ഒരു കർഷകൻ ചോദിക്കുന്നു. കഴിഞ്ഞ രാത്രി കാട്ടുപന്നികൾ വന്ന് കൃഷിഭൂമി കുത്തിക്കിളച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു. ഇന്നലെ രാത്രി അവ വന്ന് വിളകൾ മുഴുവൻ തിന്നുവെന്ന് അദ്ദേഹം പറയുന്നു. ഇന്ന് അവ വീണ്ടും വന്ന് ബാക്കിയുള്ളതും തിന്നുതീർക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. “മാമാ, ഞാനിനി എന്ത് ചെയ്യണം?”, ആശങ്കയോടെ അയാൾ ചോദിക്കുന്നു.

പാടത്തുണ്ടായ നഷ്ടം കണ്ട് നിരാശനായി, തലകുലുക്കിക്കൊണ്ട് ബഢ്കൽ അയാളെ ആശ്വസിപ്പിച്ചു. “ഞാനൊരാളെ ക്യാമറയുമായി പറഞ്ഞയയ്ക്കാം. അയാൾ വന്ന് ചിത്രങ്ങളും വീഡിയോയുമെടുക്കട്ടെ. നിങ്ങൾ ചില അപേക്ഷകളിൽ ഒപ്പിട്ടുതരേണ്ടിയും വരും. സ്ഥലത്തെ റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെയടുത്ത് അത് സമർപ്പിക്കണം”.

Manjula helps farmers with the paperwork necessary to file claims. Through the year, and mostly during winters, she travels on her Scooty (gearless bike) from her village Gaurala covering about 150 villages to help farmers with documentation to apply for and claim compensation.
PHOTO • Jaideep Hardikar
Vitthal Badkhal visiting a farm
PHOTO • Jaideep Hardikar

ഇടത്ത്: നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള കടലാസ്സുകൾ തയ്യാറാക്കാൻ മഞ്ജുള കർഷകരെ സഹായിക്കുന്നു. വർഷം മുഴുവൻ, തണുപ്പുകാലത്ത് പ്രത്യേകിച്ചും, അവർ അവരുടെ സ്കൂട്ടിയിൽ അവരുടെ ഗ്രാമമായ ഗൌരാലയിൽനിന്ന് സഞ്ചരിച്ച്, 150-ഓളം ഗ്രാമങ്ങളിലെ കർഷകരെ, അപേക്ഷകൾ നൽകാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും സഹായിക്കുന്നു. വലത്ത്: ഒരു കൃഷിയിടം സന്ദർശിക്കുന്ന വിത്തൽ ബഢ്കൽ

ഈ ജോലി ചെയ്യാൻ വരുന്നത് മഞ്ജുള ബഢ്കൽ എന്ന 35 വയസ്സുള്ള ഭൂരഹിതയായ ഒരു സ്ത്രീയാണ്. ഗൌരാലാ ഗ്രാമത്തിലാണ് അവരുടെ വീട്. ഒരു സൂക്ഷ്മ വസ്ത്രവ്യാ‍പാര സംരംഭം അവർ സ്വന്തമായി നടത്തുന്നുണ്ട്. അതിനും പുറമേയാണ് കർഷകർക്ക് അവർ നൽകുന്ന ഈ പ്രൊഫഷണൽ സേവനം.

വർഷം മുഴുവൻ, തണുപ്പുകാലത്ത് പ്രത്യേകിച്ചും, അവർ അവരുടെ സ്കൂട്ടിയിൽ അവരുടെ ഗ്രാമമായ ഗൌരാലയിൽനിന്ന് സഞ്ചരിച്ച്, 150-ഓളം ഗ്രാമങ്ങളിലെ കർഷകരെ, അപേക്ഷകൾ നൽകാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും സഹായിക്കുന്നു

“ഞാൻ ഫോട്ടോകൾ എടുക്കുകയും അപേക്ഷകൾ പൂരിപ്പിക്കുകയും സാക്ഷ്യപത്രങ്ങൾ തയ്യാറാക്കുകയും വേണ്ടിവന്നാൽ, കൃഷിയിടത്തിൽ പങ്കുള്ള കുടുംബാംഗങ്ങളുടെ സമ്മതപത്രങ്ങൾ വാങ്ങുകയും ചെയ്യുന്നു”, മഞ്ജുള പാരിയോട് പറയുന്നു.

എത്ര കർഷകരെയാണ് ഇത്തരത്തിൽ സഹായിക്കേണ്ടിവരിക?

“:ഒരു ഗ്രാമത്തിൽ 10 കർഷകരുണ്ടെന്ന് കരുതുക. അപ്പോൾത്തന്നെ 1,500 പേരായി”, അവർ പറയുന്നു. ഓരോ കർഷകരിൽനിന്നും 300 രൂപയാണ് അവർ ഈടാക്കുന്നത്. അതിൽ 100 രൂപ മാത്രമാണ് അവരുടെ സേവനത്തിന് വാങ്ങുക. ബാക്കി 200 രൂപ, യാത്രാച്ചിലവിനും, അപേക്ഷകൾ വാങ്ങാനും, കോപ്പിയെടുക്കാനും മറ്റുമായി ചിലവാകും. അതിൽക്കൂടുതൽ കൊടുക്കാനും കർഷകർക്ക് സന്തോഷമേയുള്ളു എന്ന് അവർ സൂചിപ്പിച്ചു.

The 72-year-old activist resting at Gopal Bonde’s home in Chiprala, talking to him (left) and his family about filing claims
PHOTO • Jaideep Hardikar

ചിപ്രാലയിലെ ഗോപാൽ ബോണ്ടെയുടെ വീട്ടിൽ വിശ്രമിക്കുന്ന 72 വയസ്സുള്ള ആക്ടിവിസ്റ്റ്. അപേക്ഷകൾ ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ഗോപാലിനോടും കുടുംബത്തോടും സംസാരിക്കുകയാണ് മഢ്കൽ

അതേസമയം, മാമ ആ കർഷകനെ ഉപദേശിക്കുന്നത് തുടർന്നു. പഞ്ചനാമ -  സ്ഥലത്ത് വന്നുള്ള പരിശോധനയ്ക്ക് പറയുന്ന പേരാണത് -  നടത്തുന്ന ഉദ്യോഗസ്ഥർ വന്ന് അവകാശങ്ങൾ ഉറപ്പുവരുത്തുന്നതുവരെ കാത്തിരിക്കാൻ അദ്ദേഹം ആ കർഷകനോട് അഭ്യർത്ഥിച്ചു. ഒരു തലാത്തി, അഥവാ വനം സൂക്ഷിപ്പുകാരനും, ഒരു കൃഷി സഹായിയും പാടത്ത് വന്ന് പരിശോധന നടത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

“തലാത്തി വന്ന് സ്ഥലത്തിന്റെ അളവെടുക്കും. കൃഷി സഹായി വന്ന് വിളവുനഷ്ടത്തിന്റെ കണക്കെടുക്കും. വനം സൂക്ഷിപ്പുകാരൻ വന്ന്, ഏത് മൃഗമാന് നഷ്ടമുണ്ടാക്കിയതെന്ന് മനസ്സിലാക്കും”, മഢ്കൽ സൂചിപ്പിച്ചു. അതാണത്രെ നിയമം.

“നിങ്ങൾക്ക് അർഹതപ്പെട്ടത് കിട്ടും. ഇല്ലെങ്കിൽ നമ്മൾ അതിനുവേണ്ടി സമരം ചെയ്യും”, ഉശിരുള്ള വാക്കുകളായിരുന്നു ബഢ്കലിന്റേത്. കർഷകന് ഉന്മേഷവും ധൈര്യവും പകരാൻ ശക്തിയുള്ള ശബ്ദമാണ് ആ വന്ദ്യവയോധികന്റേത്. ധാർമ്മികമായ പിന്തുണയും ആശ്വാസവും ലഭിക്കാൻ അത് ആവശ്യവുമാണ്.

“ഉദ്യോഗസ്ഥന്മാർ സ്ഥലപരിശോധനയ്ക്ക് വന്നില്ലെങ്കിൽ എന്തുചെയ്യും?”, ആശങ്കയോടെ ആ കർഷകൻ ചോദിക്കുന്നു.

ബഢ്കൽ അതിനെക്കുറിച്ച് വിശദീകരിച്ചു. വിളനഷ്ടം (ജീവഹാനിയും) ഉണ്ടായാൽ 48 മണിക്കൂറിനുള്ളിൽ അപേക്ഷ ഫയൽ ചെയ്യണം. അതിനുശേഷം പരാതിയും സമർപ്പിക്കണം. ഏഴുദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ കൃഷിസ്ഥലം സന്ദർശിച്ച്, 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. കർഷകന് 30 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിക്കുകയും വേണമെന്ന് മഢ്കൽ ഉറപ്പിച്ചുപറയുന്നു.

“അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ വന്നില്ലെങ്കിൽ, നമ്മൾ നൽകുന്ന സ്പോട്ട് പരിശോധനയും ചിത്രങ്ങളും തെളിവായി വകുപ്പ് സ്വീകരിക്കണമെന്നാണ് നിയമം”, ബഢ്കൽ ആശ്വസിപ്പിക്കുന്നു.

“നോക്കൂ, മാമ, എന്റെ ജീവിതം നിങ്ങളുടെ കൈയ്യിലാണ്”, കൈകൂപ്പിക്കൊണ്ട് ആ കർഷകൻ മാമയോട് പറയുന്നു. “നിങ്ങൾ വിഷമിക്കേണ്ട”, മാമ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്നു.

തന്റെ സംഘം ഒരിക്കൽ മാത്രം ഇത് ചെയ്തുതരും. അടുത്ത തവണ, (കർഷകൻ) ഇതെല്ലാം സ്വയം ചെയ്ത് പഠിക്കണമെന്നും ഓർമ്മിപ്പിക്കുന്നു ബഢ്കൽ.

Vitthal Badkhal inspecting the farm of one of his close volunteers, Gopal Bonde in Chiprala village of Bhadravati tehsil , close to the buffer area of the TATR. The farm is set for rabi or winter crop, and already wild animals have announced their arrival on his farm
PHOTO • Jaideep Hardikar

തന്റെ വളരെയടുത്ത സഹായിയും, ഭദ്രാവതി തെഹ്സിലിൽ ചിപ്രാല ഗ്രാമത്തിലെ താമസക്കാരനുമായ ഗോപാൽ ബോണ്ടെയുടെ കൃഷിസ്ഥലം പരിശോധിക്കുന്ന വിത്തൽ ബഢ്കൽ. ടി.എ.ടി.ആറിന്റെ കരുതൽ മേഖലയ്ക്ക് സമീപത്താണ് ആ സ്ഥലം. റാബി, അഥവാ, ശിശിരകാല കൃഷിക്ക് തയ്യാറായ ആ പാടത്ത്, അതിനകം‌തന്നെ വിളവ് നശിപ്പിക്കാൻ മൃഗങ്ങൾ എത്തിക്കഴിഞ്ഞിരുന്നു

ഇത്തരം വ്യക്തിപരമായ സന്ദർശനങ്ങൾക്ക് പുറമേ, തന്റെ പ്രചാരണ പരിപാടിക്കിടയിൽ, മഢ്കൾ അനൌദ്യോഗിക ശില്പശാലകളും നടത്താറുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അപേക്ഷയുടെ മാതൃകകൾ ഇത്തരം ശില്പശാലകളിൽ അദ്ദേഹം ഗ്രാമീണർക്ക് വിതരണം ചെയ്യുക പതിവാണ്.

“എന്റെ ലഘുലേഖ ശ്രദ്ധയോടെ വായിക്കണം”, 2023 ഒക്ടോബറിൽ തനിക്ക് ചുറ്റും തടിച്ചുകൂടിയ തഡാലിയിലെ ഗ്രാമീണർക്ക് അവ വിതരണം ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നു.

“എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ചോദിക്കണം. ഞാൻ വിശദീകരിച്ചുതരാം”, അദ്ദേഹത്തിന്റെ കൈയ്യിലുള്ള മറാത്തിയിൽ എഴുതിയ അപേക്ഷാ മാതൃകകൾ വായിക്കാൻ എളുപ്പമുള്ളതാണ്. ആളുകളുടെ പേരുവിവരങ്നൾ, ഭൂമിയുടെ വലിപ്പം, വിള ചെയ്യുന്നതിന്റെ രീതി തുടങ്ങിയവ രേഖപ്പെടുത്താനുള്ള ഭാഗങ്ങളുണ്ട് അതിൽ.

“ഇതിന്റെ കൂടെ നിങ്ങൾ 7/12-ന്റെ (സാത്ത് ബാരഹ് ഭൂരേഖകൾ) കോപ്പികളും, ആധാർ കാർഡും ബാങ്ക് വിവരങ്ങളും, വന്യമൃഗങ്ങൾ വിളവുകൾ തിന്നുതീർത്ത പാടങ്ങളുടെ ചിത്രങ്ങളും വെക്കണം”. പരാതിയിലും നഷ്ടപരിഹാരമാവശ്യപ്പെടുന്ന അപേക്ഷയിലും തെറ്റുകൾ ഉണ്ടാവരുത്. ഒരു സീസണിൽ പലതവണ ഇങ്ങനെ ചെയ്യേണ്ടിവന്നാലും അതിൽ മടി കാണിക്കരുത്. ബുദ്ധിമുട്ടാതെ ഒന്നും നേടാ‍നാവില്ല”, അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നു.

30 ദിവസത്തിനുള്ളിൽ പൈസ കർഷകർക്ക് എത്തണമെന്നാണ് നിയമമെങ്കിലും, സർക്കാരിൽനിന്ന് പൈസ വിട്ടുകിട്ടാൻ ഒരുവർഷംവരെ എടുക്കാറുണ്ട്. “പണ്ടൊക്കെ വനംവകുപ്പുദ്യോഗസ്ഥർ ഈ പണി ചെയ്യുന്നതിന് കൈക്കൂലി ചോദിക്കാറുണ്ടായിരുന്നു. എന്നാലിപ്പോൾ ഞങ്ങൾ നേരിട്ടുള്ള ബാങ്കിടപാടിന് അവരെ നിർബന്ധിക്കാൻ തുടങ്ങി”.

Badkhal at his home in Bhadravati tehsil of Chandrapur district
PHOTO • Jaideep Hardikar

ചന്ദ്രപുർ ജില്ലയിലെ ഭദ്രാവതി തെഹ്സിലിലെ തന്റെ വീട്ടിൽ ബഢ്കൽ

വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ ആക്രമിക്കുന്നത് തടയാൻ വലിയ രീതിയിലുള്ള മുൻ‌കരുതൽ നടപടികൾകൊണ്ടൊന്നും ആവില്ല. അതിനാൽ, കർഷകന് നഷ്ടപരിഹാം കൊടുക്കുക എന്നതുമാത്രമാണ് പ്രതിവിധി. എന്നാൽ നഷ്ടങ്ങൾ കണക്കാക്കലും, നഷ്ടപരിഹാരത്തിന് അപേക്ഷിക്കലും, അതിന്റെ പിന്നാലെ നടക്കലുമൊക്കെ ബുദ്ധിമുട്ടായതിനാൽ പലരും അതിന് മിനക്കെടാറില്ല എന്നതാണ് സത്യം.

“നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യുകതന്നെ വേണം” എന്ന അഭിപ്രായമാണ് പക്ഷേ ബഢ്കലിനുള്ളത്. അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ആളുകളുടെ ഇതിനെക്കുറിച്ചുള്ള അജ്ഞത ഇല്ലാതാക്കുകയും ആളുകൾക്ക് അറിവിന്റെയും നിയമത്തിന്റെയും ആയുധങ്ങൾ നൽകുകയുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

മാമയുടെ ഫോണിന് ഒരിക്കലും വിശ്രമമില്ല. വിദർഭയുടെ പല ഭാഗത്തുനിന്നും ആളുകൾ സഹായത്തിനായി വിളിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോൾ മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിൽനിന്നും, സംസ്ഥാനത്തിന് പുറത്തുനിന്നുപോലും സഹായാഭ്യർത്ഥനകൾ വരാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

യഥാർത്ഥ നഷ്ടം കണക്കാക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്. ചിലപ്പോൾ പരിശോധനയിൽനിന്ന് ശരിയായ ചിത്രം കിട്ടിയില്ലെന്നുവരും. ഉദാഹരണത്തിന്, വന്യമൃഗങ്ങൾ വന്ന് പരുത്തിച്ചെടിയുടെ പരുത്തിയുണ്ടകളും, സോയാപ്പാടങ്ങളിലെ സോയാബീനുകളും മാത്രം തിന്നുകയും, ചെടിക്ക് നാശനഷ്ടം ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പോൾ, എങ്ങിനെയാണ് നിങ്ങൾ നഷ്ടം കണക്കാക്കുക?”. വനം ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച്, തിരിച്ചുപോയി നഷ്ടങ്ങളൊന്നുമില്ലെന്ന് റിപ്പോർട്ടെഴുതും. കർഷകർക്കാകട്ടെ, നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കും.

നഷ്ടപരിഹാര നിയമങ്ങൾ, കർഷകർക്ക് ഗുണപ്രദമായ രീതിയിൽ ഭേദഗതി ചെയ്യപ്പെടേണ്ടതുണ്ട്” എന്ന് ബഢ്കൽ ആവശ്യപ്പെടുന്നു.

*****

2022 ഫെബ്രുവരി മുതൽക്ക്, ഈ റിപ്പോർട്ടർ ബഢ്കലിന്റെ കൂടെ ടി.എ.ടി.ആറിന്റെ ചുറ്റുമുള്ള പൊടിപിടിച്ച് വരണ്ട നിരവധി ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഒരു സാധാരണ ദിവസം രാവിലെ 7 മണിക്ക് തുടങ്ങി വൈകീട്ട് 7 വരെയാണ്. ഉദാരമതികളായ ആളുകളുടേയും കർഷകരുടേയും അനുഭാവികളുടേയും സഹായത്തോടെയാണ് അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളധികവും നടക്കുന്നത്. ദിവസവും 5 മുതൽ 10 ഗ്രാമങ്ങൾവരെ അദ്ദേഹം സന്ദർശിക്കും.

Alongwith Badkhal on the campaign trail is a Mahindra vehicle in which he travels to the villages
PHOTO • Sudarshan Sakharkar

മഹീന്ദ്രയുടെ വണ്ടിയിൽ ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്ന ബഢ്കലിന്റെ പ്രചാരണയാത്രയോടൊപ്പം

എല്ലാ വർഷവും ബഢ്കൽ മറാത്തിയിൽ 5,000 പ്രത്യേക കലണ്ടറുകൾ അച്ചടിക്കുന്നുണ്ട്. കലണ്ടർ പേജുകളുടെ പിൻ‌ഭാഗത്തായി സർക്കാരുകളുടെ പ്രമേയങ്ങൾ, പദ്ധതികൾ, വിള നഷ്ടപരിഹാരത്തിന്റെ പ്രക്രിയകൾ തുടങ്ങി കർഷകർക്ക് ആവശ്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരിക്കും. ഇത് അദ്ദേഹം ചെയ്യുന്നത് സംഭാവനയായി കിട്ടുന്ന പൈസ ഉപയോഗിച്ചാണ്. വിവരങ്ങൾ പങ്കുവെക്കാനും ആശയങ്ങൾ കൈമാറാനും അദ്ദേഹത്തിന്റ് സന്നദ്ധകർഷക സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്നുണ്ട്.

ഒരു പതിറ്റാണ്ട് മുമ്പ് അദ്ദേഹം, ചന്ദ്രപുർ ജില്ലയിലും ചുറ്റുവട്ടത്തും ഈ പ്രസ്ഥാനം ശക്തിപ്പെടുത്താനായി ‘ഷേട്കാരി സംരക്ഷൺ സമിതി’ (കർഷക സംരക്ഷണസമിതി) എന്നൊരു സംഘടനയുണ്ടാക്കി. ഇപ്പോൾ അതിൽ കർഷകരിൽനിന്നുള്ള ഏകദേശം 100 സന്നദ്ധപ്രവർത്തകരുണ്ട്. അവരാണ് അദ്ദേഹത്തെ സഹായിക്കുന്നത്.

നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുടെയും മറ്റ് അവശ്യ രേഖകളുടേയും ക്രമീകൃതമായ മാതൃകകൾ നിങ്ങൾക്ക് ജില്ലയിൽ പരക്കെയുള്ള കൃഷി കേന്ദ്രങ്ങളിൽനിന്നോ കൃഷിയുത്പന്ന സ്ഥാപനങ്ങളിൽനിന്നോ വാങ്ങാവുന്നതാണ്. എല്ലാ കർഷകരും കൃഷികേന്ദ്രങ്ങളിലെത്തും. കൃഷികേന്ദ്രങ്ങൾ നിലനിൽക്കുന്നതും അവരുടെ സഹായത്തോടെയാണ്. അതിനാൽ പ്രചാരണം നടത്താൻ പ്രസ്ഥാനം ആശ്രയിക്കുന്നത് കർഷകരെയാണ്. അവരത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്നു.

ദിവസം മുഴുവൻ ബഢ്കലിന് പരിഭ്രാന്തരായ കർഷകരുടെ വിളികൾ വരാറുണ്ട്. ചിലപ്പോൾ അത് സഹായത്തിനുള്ള കരച്ചിലായിരിക്കും. ചിലപ്പോൾ ദേഷ്യത്തോടെയുള്ള പ്രതികരണവും ആയേക്കാം. മിക്കവാറും വിളികൾ അദ്ദേഹത്തിന്റെ ഉപദേശത്തിനുവേണ്ടിയുള്ളതാണ്.

“കർഷകരുണ്ട്. വന്യജീവികളുണ്ട്. കർഷകരുടെ നേതാക്കളുണ്ട്. വന്യജീവികളിൽ താത്പര്യമുള്ളവരും, സർക്കാരും, വനവും, കൃഷിയും, റവന്യൂ ഉദ്യോഗസ്ഥരും അങ്ങിനെ, പ്രശ്നം പരിഹരിക്കാനും, നീട്ടിക്കൊണ്ടുപോകാനും നിരവധിയാളുകളുണ്ട്. എന്നാൽ ആരുടെ കൈയ്യിലും പരിഹാരമില്ല”, ബഢ്കൽ പറയുന്നു.

Pamphlets and handbills that Badkhal prints for distribution among farmers.
PHOTO • Jaideep Hardikar
He is showing calendars that he prints to raise awareness and educate farmers about the procedure to claim compensation
PHOTO • Jaideep Hardikar

ഇടത്ത്: കർഷകർക്കിടയിൽ വിതരണം ചെയ്യാനുള്ള ലഘുലേഖകളും ബില്ലുകളും. വലത്ത്: നഷ്ടപരിഹാരത്തെക്കുറിച്ച് കർഷകരെ ബോധവത്കരിക്കാനും അറിയിക്കാനുമായി അദ്ദേഹം എല്ലാ വർഷവും അച്ചടിക്കുന്ന കലണ്ടർ

ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുക എന്നതാണ്. കാരണം, അതാണ് ഏറ്റവും ആശ്വാസം നൽകുന്ന കാര്യം.

അതുകൊണ്ടുതന്നെ, മാമ തന്റെ വണ്ടിയിലും, ചിലപ്പോൾ ബസ്സിലും, മറ്റ് ചിലപ്പോൾ ആരുടെയെങ്കിലും കൂടെ ബൈക്കിലുമൊക്കെയായി ഗ്രാമങ്ങൾ സന്ദർശിക്കുകയും കർഷകരെ കാണുകയും, പോരാട്ടം തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ബോധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

“വിഭവങ്ങൾ ലഭിച്ചാൽ, ഞാൻ അതിനനുസരിച്ച് ഗ്രാ‍മസന്ദർശനങ്ങൾ ആസൂത്രണം ചെയ്യും”, അദ്ദേഹം പറയുന്നു. ഈ പ്രചാരണ പരിപാടി 2023 ജൂലായ് മുതൽ ഒക്ടോബർവരെ നീളുന്നതാണ്. ചന്ദ്രപുർ ജില്ലയിൽ മാത്രം 1,000 ഗ്രാമങ്ങളിൽ അത് ചെന്നെത്തും.

“എല്ലാ ഗ്രാ‍മങ്ങളിലും അഞ്ചുപേരെങ്കിലും വനംവകുപ്പിനോട് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നെങ്കിൽ എന്റെ പ്രചാരണം അതിന്റെ ലക്ഷ്യം പൂർത്തിയാക്കിയേനേ”. അദ്ദേഹം പറയുന്നു.

കർഷകരെ, അവരുടെ സ്വന്തം ആവശ്യങ്ങൾക്കായി ഒരുമിച്ചുകൂട്ടുന്നതുതന്നെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അദ്ദേഹം പറയുന്നു. വിലപിക്കാനാണ്, പോരാടാനല്ല അവർക്ക് താത്പര്യം. കരയാൻ എളുപ്പമാണ്. സർക്കാരിനെ കുറ്റം പറയുന്നതുപോലെത്തന്നെ, അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ, അവകാശങ്ങൾക്കുവേണ്ടി പൊരുതുന്നതും, നീതി ആവശ്യപ്പെടുന്നതും, വ്യത്യാസങ്ങൾ മറന്ന്, പൊതുനന്മയ്ക്കായി ഒരുമിക്കുന്നതും ബുദ്ധിമുട്ടാണെന്നും ബഢ്കൽ കൂട്ടിച്ചേർക്കുന്നു

'Even if five farmers in every village submit a compensation claim to the forest department, this campaign would have accomplished its objective,' he says
PHOTO • Jaideep Hardikar
'Even if five farmers in every village submit a compensation claim to the forest department, this campaign would have accomplished its objective,' he says
PHOTO • Jaideep Hardikar

‘എല്ലാ ഗ്രാ‍മങ്ങളിലും അഞ്ചുപേരെങ്കിലും വനംവകുപ്പിനോട് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നെങ്കിൽ ഈ പ്രചാരണം അതിന്റെ ലക്ഷ്യം പൂർത്തിയാക്കിയേനേ’

പ്രകൃതിസംരക്ഷകരും, വന്യജീവി സ്നേഹികളും വിദഗ്ദ്ധരും, കടുവാപ്രേമികളും എല്ലാവരും ടി.എ.ടി.ആറിന് ചുറ്റുമുള്ള വന്യജീവി വിഷയങ്ങളിൽ ഇടപെടുകയാണ്. എന്നാൽ, സമൂഹത്തിന്റെ വിവിധമാനങ്ങളോടും വർദ്ധിച്ചുകൊണ്ടിരിക്കുന്നയ പ്രശ്നങ്ങളോടും യാതൊരുവിധ അനുഭാവവുമില്ലാതെയാണ് അവരുടെ ഇടപെടൽ എന്ന് ബഢ്കൽ വിലപിക്കുന്നു.

അദ്ദേഹത്തിന്റെ പ്രസ്ഥാനം ഇതിനൊരു പ്രതിവീക്ഷണം നൽകുകയാണ് ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടിനുള്ളിൽ അദ്ദേഹം കർഷകരുടെ ശബ്ദത്തിന് സമൂഹത്തിൽ ഒരു സ്ഥാനം കണ്ടെത്തിയിരിക്കുന്നു.

‘വന്യജീവിസംരക്ഷകർക്ക് ഞങ്ങളുടെ വീക്ഷണം രുചിക്കണമെന്നില്ല. എന്നാൽ, പ്രാദേശികജനതയുടെ ജീവന്മരണ പ്രശ്നങ്ങളെ മനസ്സിലാക്കേണ്ടത് സുപ്രധാനമാണ്”, അദ്ദേഹം പറയുന്നു.

അവരുടെ കൃഷിയിടങ്ങളിൽ, അവരത്, എല്ലാ വർഷവും, എല്ലാ ദിവസവും ചെയ്യുന്ന ഒന്നാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

Jaideep Hardikar

ଜୟଦୀପ ହାର୍ଦିକର୍‌ ନାଗପୁରର ଜଣେ ସାମ୍ବାଦିକ ଏବଂ ଲେଖକ, ଏବଂ PARIର ଜଣେ କୋର୍‌ ଟିମ୍‌ ସଦସ୍ୟ

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ଜୟଦୀପ ହାର୍ଦିକର
Photographs : Sudarshan Sakharkar

ସୁଦର୍ଶନ ସାଖାରକର ନାଗପୁରର ଜଣେ ସ୍ୱାଧୀନ ଫଟୋ ସାମ୍ବାଦିକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Sudarshan Sakharkar
Photographs : Jaideep Hardikar

ଜୟଦୀପ ହାର୍ଦିକର୍‌ ନାଗପୁରର ଜଣେ ସାମ୍ବାଦିକ ଏବଂ ଲେଖକ, ଏବଂ PARIର ଜଣେ କୋର୍‌ ଟିମ୍‌ ସଦସ୍ୟ

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ଜୟଦୀପ ହାର୍ଦିକର
Editor : Priti David

ପ୍ରୀତି ଡେଭିଡ୍‌ ପରୀର କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା। ସେ ଜଣେ ସାମ୍ବାଦିକା ଓ ଶିକ୍ଷୟିତ୍ରୀ, ସେ ପରୀର ଶିକ୍ଷା ବିଭାଗର ମୁଖ୍ୟ ଅଛନ୍ତି ଏବଂ ଗ୍ରାମୀଣ ପ୍ରସଙ୍ଗଗୁଡ଼ିକୁ ପାଠ୍ୟକ୍ରମ ଓ ଶ୍ରେଣୀଗୃହକୁ ଆଣିବା ଲାଗି ସ୍କୁଲ ଓ କଲେଜ ସହିତ କାର୍ଯ୍ୟ କରିଥାନ୍ତି ତଥା ଆମ ସମୟର ପ୍ରସଙ୍ଗଗୁଡ଼ିକର ଦସ୍ତାବିଜ ପ୍ରସ୍ତୁତ କରିବା ଲାଗି ଯୁବପିଢ଼ିଙ୍କ ସହ ମିଶି କାମ କରୁଛନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat