ഒരു ചെറുപ്പക്കാരൻ താത്ക്കാലിക സ്റ്റേജിലേക്ക് ചാടിക്കയറി, നൃത്തം ചെയ്തുകൊണ്ടിരുന്ന 10 വയസ്സുകാരി മുസ്കാന്റെ കൈയ്യിൽ കയറിപ്പിടിച്ചു. “നിന്നെ ഞാനിപ്പോൾ കാച്ചിയാൽ നീ നൃത്തം ചെയ്യാൻ തുടങ്ങും”.
അവൻ മുസ്കാനെ ഭീഷണിപ്പെടുത്തിയപ്പോൾ ബാക്കിയുള്ള സദസ്സ് ആർത്തുവിളിച്ചു. ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ കൂടിയിരിക്കുന്ന ആർത്തുവിളിക്കുന്ന ആൾക്കൂട്ടത്തിനിടയിൽവെച്ച്, ഒരു അശ്ലീല ഭോജ്പുരി ഗാനത്തിനൊപ്പം നൃത്തം ചെയ്യാൻ വിസമ്മതിക്കുക മാത്രമാണ് അവൾ ചെയ്ത ഒരേയൊരു കുറ്റം.
റുണാലി ഓർക്കസ്ട്രാ ഗ്രൂപ്പിലെ അംഗമാണ് അവൾ. നാട്ടിൽ ഓർക്കസ്ട്ര എന്നുമാത്രം അറിയപ്പെടുന്ന ഒരു ഗാന-നൃത്ത സംഘത്തിലെ ഏഴ് നർത്തകരിൽ ഒരാളായിരുന്നു മുസ്കാൻ. ചിരയ്യ ബ്ലോക്കിലെ ദുർഗാ പൂജ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയായിരുന്നു അത്.
“ഇത്തരം ഭീഷണികളൊക്കെ ഞങ്ങൾക്ക് പതിവാണ്”, ഏകദേശം മൂന്ന് വർഷമായി ഈ ഓർക്കസ്ട്രയിൽ ജോലി ചെയ്യുന്ന മുസ്കാൻ പറയുന്നു.
എന്നാൽ ചിലപ്പോൾ ഭീഷണി പിന്നെ ലൈംഗികാതിക്രമമായും മാറുകയും ചെയ്യും. “പുരുഷന്മാർ അരയിൽ ചുറ്റിപ്പിടിക്കുകയോ, കൈകൾ ബ്ലൌസിനകത്തേക്ക് കടത്തുകയോ ഒക്കെ ചെയ്യും. ഇത് ഇവിടെ ദിവസവും നടക്കുന്നതാണ്”, രാധ എന്ന ഒരു നർത്തകി പറയുന്നു.













