“ഇപ്പോഴത്തെ ബഡ്ജറ്റ് ഒരുതരത്തിലും ഞങ്ങളുടെ അതിജീവന സമരങ്ങളെ കണക്കിലെടുക്കുന്നില്ല. ഇത് പ്രധാനമായും മധ്യവർഗത്തെ പ്രീണിപ്പിക്കുന്ന ബഡ്ജറ്റാണ്. വിശേഷിച്ചും, അതിലെ ശമ്പളക്കാരുടെ വിഭാഗത്തെ,” ഗീത വാഴച്ചാൽ പറയുന്നു
അതീവ ദുർബ്ബല ഗോത്രവിഭാഗമായി (പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പ് -പി.വി.ടി.ജി) പട്ടികപ്പെടുത്തിയിട്ടുള്ള കാടർ സമുദായത്തിലെ അംഗമാണ് 36 വയസ്സുള്ള ഗീത. കേരളത്തിലെ തൃശൂർ ജില്ലയിലെ നിർദിഷ്ട അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക്ക് പവർപ്രോജക്ടിന്റെ വൃഷ്ടിപ്രദേശത്താണ് അവരുടെ താമസസ്ഥലം.
ചാലക്കുടി നദീതടമേഖലയിലുള്ള ഈ നിർദിഷ്ട പദ്ധതി, ഗീതയേയും അവരുടെ ആദിവാസി സമൂഹത്തെ നാലാംവട്ടവും കുടിയിറക്കാൻ സാധ്യതയുള്ള ഒന്നാണ്. “രാജ്യമെങ്ങും ഞങ്ങൾ ആദിവാസികൾ വലിയ നിലയിലുള്ള കുടിയിറക്കൽ ഭീഷണി നേരിടുകയാണ്. ഞങ്ങളുടെ വനങ്ങളും ഭൂമിയും വിഭവങ്ങളും കോർപ്പറേറ്റുകൾ കയ്യേറുന്നതിനെക്കുറിച്ച് ബഡ്ജററ്റിൽ ഒന്നും പറയുന്നില്ല,'' അതിരപ്പള്ളി പദ്ധതിക്കെതിരായ പോരാട്ടത്തിന്റെ മുൻനിരകളിലുള്ള ഗീത പറയുന്നു.
“കാട്ടിൽ ജീവിക്കുന്ന ആദിവാസികളെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാവ്യതിയാനം കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പ്രതികൂല പരിസ്ഥിതി, വനനശീകരണം, ഉപജീവനമാർഗ്ഗത്തിന്റെ നഷ്ടം എന്നിവയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്,'' കേരളത്തിലെ ഏക വനിതാ ആദിവാസി ഊര് മൂപ്പത്തിയായ ഗീത പറയുന്നു.




