ഭിന്നലിംഗ സമുദായത്തിനൊപ്പം പ്രവർത്തിക്കുന്ന നമ്മ പ്രൈഡ്, സെവൻ റെയിൻബോ തുടങ്ങിയ രണ്ട് സംഘടനകളാണ് മാർച്ച് സംഘടിപ്പിച്ചത്. “ഇത് ഞങ്ങളുടെ രണ്ടാമത്തെ മാർച്ചാണ്. ഒരൊറ്റ ദിവസംകൊണ്ട് പൊലീസിന്റെ അനുമതി കിട്ടി. കഴിഞ്ഞ തവണ അനുവാദം കിട്ടാൻ രണ്ടാഴ്ച സമയമെടുത്തു,” അമ്മ എന്ന് സമുദായത്തിലുള്ളവർ ബഹുമാനപൂർവ്വം വിളിക്കുന്ന പ്രണതി പറഞ്ഞു. സെവൻ റെയിൻബോയുടെ സ്ഥാപകയായ അവർ, ലിംഗ, ലൈംഗിക വിഷയങ്ങളിൽ കഴിഞ്ഞ 37 കൊല്ലമായി ഇന്ത്യയിലെമ്പാടും പ്രവർത്തിച്ചുവരുന്നു.
“പൊലീസുമായി കൂടുതൽ ഭംഗിയായി ആശയവിനിമയം ചെയ്യാൻ പഠിക്കുകയാണ് ഞങ്ങൾ. ഞങ്ങളെ ഇഷ്ടപ്പെടാത്തവരും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവരുമായ ആളുകൾ ഇപ്പോഴും മൈസൂരുവിലുണ്ട്. എന്നാലും, എല്ലാ വർഷവും ഈ പ്രൈഡ് മാർച്ച് കൂടുതൽക്കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.”
നഗരത്തിലെ ഏറ്റവും തിരക്കുള്ള വ്യാപാരകേന്ദ്രത്തിലൂടെയായിരുന്നു കിലോമീറ്റർ ദൈർഘ്യമുള്ള മാർച്ച്. ഘോഷയാത്ര സുഗമമായി നടക്കാൻ പാകത്തിൽ പൊലീസ് ഗതഗതം നിയന്ത്രിച്ചിരുന്നു. “ഞങ്ങൾ ഈ സമുദായത്തെ ബഹുമാനിക്കുന്നു. അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഞങ്ങൾ അവരോടൊപ്പം യാത്ര ചെയ്തു. ഞങ്ങൾ ഈ ഭിന്നലിംഗ വ്യക്തികളെ പിന്താങ്ങുന്നു,” അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ വിജയേന്ദ്ര സിംഗ് പറഞ്ഞു.
“ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സ്ത്രീകൾ സങ്കീർണ്ണമായ ഒരിടത്തിലാണ് നിൽക്കുന്നത്. അവരുടെ മാന്ത്രികശക്തികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളാൽ അവർക്ക് അല്പം സാംസ്കാരിക സംരക്ഷണമൊക്കെ ലഭിക്കുന്നുണ്ടെങ്കിലും, അവർക്കുനേരെയും വിവേചനവും ആക്രമണങ്ങളും നിരന്തരമുണ്ടാകുന്നുണ്ട്,” എന്ന് ക്വീർ പുരുഷനായി സ്വയം വിശേഷിപ്പിക്കുന്ന, മാനസികാരോഗ്യ ചികിത്സകനായ ദീപക് ധനഞ്ജയ പറയുന്നു. “ആളുകളെ ബോധവത്കരിക്കാൻ പ്രാദേശിക സമുദായം ശ്രമിക്കുന്നുണ്ട്. ഒറ്റ ദിവസംകൊണ്ടൊന്നും ആളുകളുടെ മനോഭാവം മാറാൻ പോകുന്നില്ല. എന്നാലും ഇത്തരം മാർച്ചുകൾ അക്രമങ്ങളൊന്നുമില്ലാതെ നടക്കുന്നത് കാണുമ്പോൾ, അതും ചെറിയ നഗരങ്ങളിൽ, എനിക്ക് പ്രതീക്ഷയുണ്ട്,” അദ്ദേഹം പറഞ്ഞു.
മാർച്ചിൽ പങ്കെടുത്ത 31 വയസ്സുള്ള പ്രിയങ്ക് ആശ സുഖാനന്ദ് പറയുന്നു, “യൂണിവേഴ്സിറ്റിയിലായിരുന്നപ്പോൾ ഞാൻ പീഡനവും വിവേചനവും അനുഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ, എന്റെ അവകാശങ്ങൾ ഊട്ടിയുറപ്പിക്കാനും അത് പ്രഖ്യാപിക്കാനും ഞാൻ തീരുമാനിച്ചു. എന്റെയും, എന്റെ അതേ സാഹചര്യത്തിലൂടെ കടന്നുപോയവരുടേയും പോരാട്ടങ്ങളെ ഓർമ്മപ്പെടുത്താനുള്ളതാണ് ഓരോ സ്വാഭിമാന മാർച്ചുകളും. അതുകൊണ്ട് ഞാൻ അവരോടൊപ്പം മാർച്ച് ചെയ്യുന്നു.” ബംഗളൂരുവിൽനിന്നുള്ള ഒരു സ്പെഷ്യൽ എഡ്യുക്കേറ്ററും പാചകക്കാരിയുമായ അവർ ഇത്രയുംകൂടി പറഞ്ഞു, “മൈസൂരുവിലെ എൽ.ജി.ബി.ടി. സമൂഹത്തിന്റെ ശരിക്കുള്ള ശക്തി ഞങ്ങൾ കണ്ടു. അത് വലിയ ആശ്വാസമാണ് നൽകിയത്.”