“എനിക്ക് ഏതാണ്ട് 450 പക്ഷികളുടെ ശബ്ദം മനസ്സിലാവും.”
മിക്ക റായിയുടെ സവിശേഷമായ കഴിവാണത്. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ, അപൂർവ്വങ്ങളായ പക്ഷികളേയും മൃഗങ്ങളേയും ഫോട്ടോയിൽ പകർത്താൻ ക്ഷമയോടെ കാത്തിരിക്കുക മാത്രമല്ല വേണ്ടത്. ശബ്ദങ്ങൾ തിരിച്ചറിയുന്നതും പ്രധാനമാണ്.
പറക്കുന്ന ജീവികൾമുതൽ പൂടയുള്ള സസ്തനജീവികൾവരെ, ഏകദേശം 300-ഓളം വ്യത്യസ്ത ഇനം ജീവജാലങ്ങളെ മിക്ക കഴിഞ്ഞ കാലത്തിനുള്ളിൽ ക്യാമറയിലാക്കിയിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ടിയത്, അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ബ്ലിത്തിന്റെ ട്രാഗോപാൻ (ട്രാഗോപാൻ ബ്ലിത്തി) എന്ന പക്ഷിയെ ഫോട്ടോ എടുക്കാനായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു.
2020 ഒക്ടോബർ മാസമായിരുന്നു. മിക്ക ഒരു പുതിയ സിഗ്മ 150 എം.എം.-600 എം.എം. ടെലിഫോട്ടോ സൂം ലെൻസ് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. ശക്തിയുള്ള ആ ലെൻസുപയോഗിച്ച് ട്രാഗോപാനെ ഫോട്ടോ എടുക്കാൻ അദ്ദേഹം തീരുമാനിച്ചുറച്ചു. ഒട്ടും മടുക്കാതെ, ആ പക്ഷിയുടെ ശബ്ദം തേടി അയാൾ അലയാൻ തുടങ്ങി. “ദിവസങ്ങളോളം അതിന്റെ ശബ്ദം കേട്ടിരുന്നു,” അയാൾ പറഞ്ഞു. എന്നിട്ടും ഫോട്ടോകളൊന്നും കിട്ടിയില്ല.
ഒടുവിൽ 2021 മേയ് മാസം, അതിന്റെ ശബ്ദം പിന്തുടർന്ന്, അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റ് വന്യജീവി സങ്കേതത്തിലെ കൊടുംകാട്ടിലൂടെ നടക്കുകയായിരുന്നു അയാൾ. അപ്പോഴാണ് ആ പക്ഷി കണ്ണിൽപ്പെട്ടത്. നിക്കോൺ D7200 ക്യാമറയിൽ ഘടിപ്പിച്ച ശക്തിയേറിയ സിഗ്മ 150 എം.എം-600 എം.എം.ലെൻസുമായി അയാൾ സ്ഥാനം പിടീച്ചു. എന്നാൽ പരിഭ്രാന്തിമൂലം വിജയിച്ചില്ല. “ഒട്ടും വ്യക്തമല്ലാത്ത ഒരു ചിത്രമാണ് കിട്ടിയത്. ഒരു പ്രയോജനവുമില്ലാത്ത ഒന്ന്,” അയാൾ ഓർത്തെടുത്തു.
രണ്ടുവർഷത്തിനുശേഷം, വെസ്റ്റ് കാമെംഗിലെ ബോംപൂ ക്യാമ്പിൽവെച്ച്, വീണ്ടും ആ പിടികിട്ടാ പക്ഷി – തിളങ്ങുന്ന തവിട്ടുനിറവും പിറകിൽ വെളുത്ത പുള്ളികളുമുള്ള പക്ഷി - കണ്ണിൽപ്പെട്ടു. ഇലകളുടെയകത്ത് മറഞ്ഞിരിക്കുന്ന നിലയിൽ. ഇത്തവണ മിക്ക അവസരം പാഴാക്കിയില്ല. 30-40 ചിത്രങ്ങൾ തുരുതുരാ എടുത്തപ്പോൾ 1-2 നല്ല ചിത്രങ്ങൾ കിട്ടി. ആദ്യമായി അത് പ്രസിദ്ധീകരിച്ചത് പാരിയിലായിരുന്നു, അരുണാചലിലെ പക്ഷികൾ: കൽക്കരിഖനിയിലെ മൈനകൾ എന്ന കഥയിൽ.




















