“അവർ പറയുന്നത്, ഈ സ്ഥലത്ത് നാറ്റമുണ്ട്, വൃത്തിയില്ല, ചവറുകൾ നിറഞ്ഞിരിക്കുന്നു എന്നൊക്കെയാണ്,” റോഡിന്റെ ഇരുവശത്തും നിരന്നിരിക്കുന്ന കച്ചവടക്കാരേയും മീൻപെട്ടികളേയും ചൂണ്ടിക്കൊണ്ട് എൻ. ഗീത രോഷാകുലയാവുന്നു. “ഈ ചവറുകളാണ് ഞങ്ങളുടെ സ്വത്ത്, ഈ നാറ്റം ഞങ്ങളുടെ ഉപജീവനമാണ്. ഇതൊക്കെ വിട്ട് ഞങ്ങളെങ്ങോട്ട് പോവാനാണ്?’ 42 വയസ്സുള്ള അവർ ചോദിക്കുന്നു.
മറീന ബീച്ചിൽ 2.5 കിലോമീറ്റർ നീണ്ടുകിടക്കുന്ന ലൂപ്പ് റോഡിലെ നൊചികുപ്പം താത്ക്കാലിക മത്സ്യച്ചന്തയിൽ നിൽക്കുകയായിരുന്നു ഞങ്ങൾ. ‘അവർ’ എന്നതുകൊണ്ട്, ഗീത ഉദ്ദേശിച്ചത്, സൌന്ദര്യവത്കരണത്തിന്റെ പേരിൽ ഈ കച്ചവടക്കാരെ ഇവിടെനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്ന നിയമസാമാജികരേയും തദ്ദേശഭരണാധികാരികളേയുമാണ്. ഗീതയെപ്പോലെയുള്ള മുക്കുവർക്ക്, നൊചിക്കുപം അവരുടെ ഊരാണ് (ഗ്രാമം). സുനാമികളും കാലവർഷവുമൊക്കെ ഉണ്ടായിട്ടും അവർ ഉപേക്ഷിക്കാതിരുന്ന അവരുടെ സ്വന്തം സ്ഥലം.
ചന്തയിൽ തിരക്കാരംഭിക്കുന്നതിനുമുമ്പ് തന്റെ സ്റ്റോൾ ഒരുക്കുന്ന തിരക്കിലായിരുന്നു രാവിലെ ഗീത. മറിച്ചിട്ട പ്ലാസ്റ്റിക്ക് ട്രേകളുടെ മുകളിൽ ഒരു പ്ലാസ്റ്റിക്ബോർഡ് വെച്ച് ഉണ്ടാക്കിയ താത്ക്കാലിക മേശയിൽ അവർ വെള്ളം തളിക്കുന്നു. ഉച്ചയ്ക്ക് 2 മണിവരെ അവരിവിടെ ഉണ്ടാവും. രണ്ട് പതിറ്റാണ്ട് മുമ്പ് വിവാഹം കഴിഞ്ഞതുമുതൽ അവരിവിടെ മത്സ്യം വിൽക്കുകയാണ്.
എന്നാൽ ഒരുവർഷം മുമ്പ്, 2023 ഏപ്രിൽ 11-ന്, ലൂപ്പ് റോഡിലിരുന്ന് കച്ചവടം ചെയ്യുന്ന അവർക്കും മുന്നൂറോളം മറ്റ് കച്ചവടക്കാർക്കും ഒഴിഞ്ഞുപോകാനുള്ള കടലാസ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽനിന്ന് (ജി.സി.സി.) കിട്ടി. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥലം ഒഴിപ്പിക്കാൻ ഒരു വിധിയിലൂടെ മദ്രാസ് ഹൈക്കോർട്ട് ജി.സി.സി.ക്ക് നിർദ്ദേശവും നൽകി.
“നിയമങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ എല്ലാ കൈയേറ്റങ്ങളും (മത്സ്യക്കച്ചവടക്കാർ, സ്റ്റാളുകൾ, പാർക്ക് ചെയ്ത വാഹനങ്ങൾ) ഒഴിവാക്കേണ്ടതാണ്. റോഡിന്റെ എല്ലാ ഭാഗങ്ങളും നടപ്പാതയും കൈയേറ്റങ്ങളിൽനിന്ന് വിമുക്തമാക്കാനും, ഗതാഗതവും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും സുഗമമവുമാക്കാൻ പൊലീസ് കോർപ്പറേഷന് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്” എന്ന് കോടതിവിധി സൂചിപ്പിക്കുന്നു.






















