“അവർ ദില്ലിയുടെ വാതിലുകൾ ഞങ്ങൾക്കുനേരെ കൊട്ടിയടച്ചു,” ബുട്ടർ സരിൻ ഗ്രാമത്തിന്റെ അറ്റത്ത് നിന്നുകൊണ്ട് ബിട്ടു മലൻ പറയുന്നു. “ഇപ്പോൾ പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളുടേയും വാതിലുകൾ അവർക്കുനേരെ കൊട്ടിയടച്ചിരിക്കുകയാണ്.”

ശ്രീ മുക്ത്സാർ സാഹിബ് ജില്ലയിലെ മലൻ എന്ന ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമി കൃഷി ചെയ്യുകയാണ് ബിട്ടു മലൻ. ‘അവർ’ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, പഞ്ചാബിലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒറ്റപ്പെട്ട പാർട്ടിയായ, കേന്ദ്രത്തിൽ അധികാരമുള്ള ബി.ജെ.പി.യെയാണ്. ‘ഞങ്ങൾ’ എന്ന വാക്കുകൊണ്ട്, നവംബർ 2020-ന് രാജ്യതലസ്ഥാനത്തേക്ക് പ്രകടനം നടത്തിയ പതിനായിരക്കണക്കിന് കർഷകരേയും.

കർഷക പ്രക്ഷോഭവും, രാജ്യതലസ്ഥാനത്തെ പ്രവേശനകവാ‍ടത്തിലെ സമരപ്പന്തലുകളും പഞ്ചാബിന്റെ ഓർമ്മകളിൽ അഗാധമായി പതിഞ്ഞുകിടക്കുന്നുണ്ട് ഇപ്പോഴും. മൂന്ന് വേനലിന് മുമ്പ്, സംസ്ഥാനത്തുനിന്നുള്ള പതിനായിരക്കണക്കിന് കർഷകർ ചെറുത്തുനിൽ‌പ്പിന്റേയും പ്രതീക്ഷകളുടേയും ആ വലിയ യാത്രയ്ക്കൊരുങ്ങിപ്പുറപ്പെട്ടു. ട്രാക്ടറുകളിലും ട്രെയിലറുകളിലുമായി നൂറുകണക്കിന് നാഴികകൾ താണ്ടി അവർ തലസ്ഥാനത്തെത്തിയത് ഒരേയൊരു ആവശ്യത്തിനുവേണ്ടിയായിരുന്നു. അവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻ‌വലിക്കുക എന്നതായിരുന്നു അത്.

ദില്ലിയുടെ വാതിൽക്കലെത്തിയ അവരെ കാത്തിരുന്നത്, അവരുടെ ആവശ്യങ്ങൾ കേൾക്കാൻ വിസമ്മതിച്ച സർക്കാർ ഉയർത്തിയ അവഗണനയുടെ വൻ‌മതിലായിരുന്നു. താപനില 2 ഡിഗ്രി സെൽ‌ഷ്യസിലേക്കും 45 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ഉയരുകയും ചെയ്ത ഒരു നീണ്ട സംവത്സരം മുഴുവൻ, ഏകാന്തതയുടേയും അനീതിയുടേയും തണുപ്പും ചൂടും അനുഭവിച്ച് അവർ അവിടെ തമ്പടിച്ചു. ഇരുമ്പിന്റെ ട്രെയിലറുകൾ അവർക്ക് വീടായി മാറി.

358 ദിവസത്തിന്റെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും 700 കർഷകരുടെ ശവശരീരങ്ങളാണ് പഞ്ചാബിലേക്ക് മടക്കമായത്. അവരുടെ പോരാട്ടത്തിന്റെ നിശ്ശബ്ദമായ സാക്ഷ്യപത്രമായിരുന്നു ആ മടക്കയാത്രം. എന്നിട്ടും സമരവീര്യത്തെ തോൽ‌പ്പിക്കാനായില്ല. ഒരുവർഷം മുഴുവനും ആ സമരത്തെ തള്ളിപ്പറയുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്ത കേന്ദ്രസർക്കാരിന് ഒടുവിൽ ആ ത്യാഗവും നീണ്ടുനിന്ന പോരാട്ടവും കണ്ടില്ലെന്ന് നടിക്കാനായില്ല. ആ കരിനിയമങ്ങൾ പിൻ‌വലിച്ചതായി 2021 നവംബർ 19-ന് പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നു.

ഇനി പഞ്ചാബിൽ തിരിച്ചടിക്കുള്ള സമയമാണ്. ദില്ലിയിൽനിന്ന് രുചിച്ച ‘സ്വീകരണ’ത്തിന് മറുപടി കൊടുത്തേ അടങ്ങൂ എന്ന വാശിയിലാന് ബിട്ടു മിലനും നിരവധി കർഷകരും. വീണുപോയ ഓരോ കർഷകന്റെ ജീവനും കണക്ക് ചോദിക്കേണ്ടത് തന്റെ കടമയാണെന്ന് വിശ്വസിച്ച ബിട്ടു, ഏപ്രിൽ 23-ന്, ഫരീദ്കോട്ട് ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥനാർത്ഥിയായ ഹൻസ് രാജ് ഹൻസിനെ ബുത്തർ സരിൻ ഗ്രാ‍മത്തിൽ‌വെച്ച് നേരിട്ടു.

വീഡിയോ കാണാം: ‘പ്രചാരണത്തിനിടയിൽ, പഞ്ചാബിലെ കർഷകർ ബി.ജെ.പി. സ്ഥാനാർത്ഥിയെ കണക്ക് പറയിപ്പിക്കുന്നു’

നവംബർ 2020-ന് രാജ്യതലസ്ഥാനത്തേക്ക് പ്രകടനം നടത്തിയ പതിനായിരക്കണക്കിന് കർഷകർക്ക് ദില്ലി പ്രവേശനം നിഷേധിച്ചു. 2024-ൽ അതിന് കണക്ക് ചോദിക്കാൻ സമയമായെന്ന് കർഷകർ

ബിട്ടുവിൽനിന്ന് ഒരുപിടി ചോദ്യങ്ങളും അഭിപ്രായങ്ങളും കേൾക്കേണ്ടിവന്നു ഹൻസിന്. “മൃഗങ്ങളുടെ ദേഹത്തുപോലും വാഹനം കയറ്റുന്നത് നമുക്ക് ആലോചിക്കാൻ വയ്യ. എന്നാൽ ലഖിം‌പുർ ഖേരിയിൽ (അജയ് മിശ്ര) തേനിയുടെ മകൻ കർഷകരുടെ ദേഹത്തേക്ക് ജീപ്പ് പായിച്ച് അവരുടെ ജീവനെടുത്തു. അവരുടെ കൈകാലുകൾ ചതഞ്ഞരഞ്ഞു. ഖനൌരിയിലും ശംബു വിലും വെടിയുണ്ടകൾ വർഷിച്ചു. എന്തായിരുന്നു പ്രീത്പാൽ ചെയ്ത കുറ്റം? അയാളുടെ എല്ലും, താടിയെല്ലും തവിടുപൊടിയായി. ലംഗാറിൽ സേവനത്തിന് പോയി എന്ന ഒരേയൊരു കുറ്റത്തിന്. ചണ്ഡിഗഡിലെ പി.ജി.ഐ ആശുപത്രിയിലാണ് അയാൾ. നിങ്ങൾ അയാളെ സന്ദർശിച്ചോ”?

“പാട്യാലയിൽനിന്നുള്ള 40 വയസ്സ് പ്രായമുള്ള ഒരാൾ, രണ്ട് കൊച്ചുകുട്ടികളുടെ അച്ഛൻ. കണ്ണീർവാതക പ്രയോഗത്തിൽ കാഴ്ചശക്തി നഷ്ടപ്പെട്ടു. ആകെയുള്ളത്, ഒരു മൂന്നേക്കർ ഭൂമിയാണ്. നിങ്ങൾ അയാളെ വീട്ടിൽച്ചെന്ന് കണ്ടോ? ഇല്ല. നിങ്ങൾ സിംഘു വിൽ പോയോ? ഇല്ല.” ചോദ്യങ്ങൾക്കൊന്നിനും ഹൻസ് രാജ് ഹൻസിന് ഉത്തരമുണ്ടായിരുന്നില്ല.

പഞ്ചാബിലുടനീളം ആയിരക്കണക്കിന് ബിട്ടുമാർ അവരുടെ ഗ്രാമങ്ങളുടെ പ്രവേശനകവാടത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥികളുടെ വരവും കാത്ത് ഇരിക്കുന്നുണ്ട്. ഓരോ ഗ്രാമവും മറ്റൊരു ബുത്തർ സരിനാണ്. ജൂൺ 1-നാണ് പഞ്ചാബ് പോളിംഗ് ബൂത്തിലേക്ക് പോവുന്നത്. കാവിപ്പാർട്ടിക്കാർ ആദ്യം 9 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 13 ലോകസഭാ മണ്ഡലങ്ങളിലേക്ക്. മേയ് 17-ന് നാലുപേരെക്കൂടി പ്രഖ്യാപിച്ച് പട്ടിക പൂർത്തിയാക്കി. ഗ്രാമങ്ങളിലേക്ക് കയറാൻ അവരെ അനുവദിക്കാതെ, കരിങ്കൊടികളും മുദ്രാവാക്യങ്ങളും, ചോദ്യങ്ങളുമായി കാത്തിരിക്കുകയാണ് ഗ്രാമീണർ.

“പ്രിണീത് കൌറിനെ ഗ്രാമത്തിൽ കടക്കാൻ ഞങ്ങൾ അനുവദിക്കില്ല. പതിറ്റാണ്ടുകളായി അവരോട് വിശ്വസ്തത സൂക്ഷിക്കുന്ന കുടുംബങ്ങളെപ്പോലും ഞങ്ങൾ ചോദ്യം ചെയ്തു” എന്ന് പട്യാ‍ല ജില്ലയിലെ ഡക്കാലയിൽ നാലേക്കർ കൃഷി ചെയ്യുന്ന രഘ്ബീർ സിംഗ് എന്ന കർഷകൻ പറയുന്നു. പട്യാലയിൽനിന്ന് നാലുവർഷം പാർലമെന്റ് അംഗമായിരുന്ന പ്രിണീത് കൌർ, മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യയാണ്. രണ്ടുപേരും 2021-ൽ കോൺഗ്രസ് വിട്ട് കഴിഞ്ഞ വർഷം ബി.ജെ.പി.യിൽ ചേർന്നു. മറ്റുള്ള ബി.ജെ.പി. സ്ഥാനാർത്ഥികളെപ്പോലെ, പ്രിണീതിനേയും വിവിധ സ്ഥലങ്ങളിൽ‌വെച്ച് കരിങ്കൊടികളും ‘മൂർദ്ദാബാദ്’ വിളികളോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്.

അമൃത്‌സർ, ഹോഷിയാർപുർ, ഗുർദാപുർ, ഭട്ടിൻഡ തുടങ്ങിയ സ്ഥലങ്ങളിലും സമാനമാണ് സ്ഥിതി. ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയ മട്ടാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ, മൂന്നുതവണ കോൺഗ്രസ് എം.പി.യും, ഇപ്പോൾ ലുധിയാനയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയുമായ രവ്നീത് സിംഗ് ബിട്ടുവിന് ഗ്രാമങ്ങളിൽ പ്രചാരണം നടത്താൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

PHOTO • Courtesy: BKU (Ugrahan)
PHOTO • Vishav Bharti

ഇടത്ത്: ഭരണപക്ഷ സ്ഥാനാർത്ഥികൾ ഗ്രാമത്തിൽ കടക്കുന്നത് തടയാൻ ബർണാലയിൽ (സംഗ്രൂർ) കർഷകർ തീർത്ത മനുഷ്യമതിൽ. വലത്ത്: ഈയടുത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത, പഞ്ചാബ് എം.എൻ.ആർ.ഇ.ജി.എ മസ്ദൂർ യൂണിയൻ പ്രസിഡന്റ് ഷെർ സിംഗ് ഫർവാഹി (പതാകകൊണ്ട് മുഖം മറച്ചിരിക്കുന്നു)

PHOTO • Courtesy: BKU (Dakaunda)
PHOTO • Courtesy: BKU (Dakaunda)

സംഗ്രൂരിലെ മറ്റൊരു ഗ്രാമമായ മെഹൽകലാനിൽ ബി.ജെ.പി. സ്ഥാനാർത്ഥികൾ പ്രവേശിക്കാതിരിക്കാൻ ഗ്രാമത്തിന്റെ അരികിൽ കാത്തിരിക്കുന്ന കർഷകർ. കർഷകപ്രതിഷേധത്തിന്റെ ചരിത്രം പേറുന്ന ഒരു സ്ഥലം

രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിൽ രാഷ്ടീയക്കാർ ന്യൂനപക്ഷവിരുദ്ധവികാരം ആളിക്കത്തിച്ചും, ‘വ്രണപ്പെട്ട വികാര’ത്തിന്റെ പേരിൽ വോട്ട് പിടിക്കുകയും ചെയ്യുന്നുണ്ടാകാം. പഞ്ചാബിൽ, അവരെ കാത്തിരിക്കുന്നത് 11 ചോദ്യങ്ങളാണ് (കഥയുടെ താഴെ നോക്കുക). മിനിമം താങ്ങുവിലക്കുള്ള (എം.എസ്.പി.) നിയമപരമായ ഉറപ്പ്, വർഷം മുഴുവൻ നീണ്ട പ്രക്ഷോഭത്തിൽ മരിച്ച കർഷകർ, ലഖിംപുരിലെ രക്തസാക്ഷികൾ, ഖനൌരിയിൽ‌വെച്ച് തലയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ശുഭകരൺ , കർഷകരുടെ കടബാധ്യത തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കപ്പെടുന്നത്.

കർഷകർ മാത്രമല്ല, കർഷകത്തൊഴിലാളികളും, കേന്ദ്രത്തിലെ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. “ബഡ്ജറ്റിൽ കുറവ് വരുത്തി ബി.ജെ.പി. എം.ജി.എൻ.ആർ.ഇ.ജി.എ.യെ കൊന്നു. കർഷകർക്ക് മാത്രമല്ല, കർഷകത്തൊഴിലാളികൾക്കും ഭീഷണിയാണ് അവർ,” പഞ്ചാബിലെ എം.എൻ.ആർ.ഇ.ജി.എ മസ്ദൂർ യൂണിയൻ പ്രസിഡന്റ് ഷെർ സിംഗ് ഫർവാഹി പറയുന്നു.

അങ്ങിനെ, ‘ചികിത്സ’ തുടരുകയാണ്. 18 മാസം മുമ്പ് കാർഷിക നിയമങ്ങൾ പിൻ‌വലിച്ചുവെങ്കിലും ഇപ്പോഴും മുറിവ് ഭേദമായിട്ടില്ല. താഴെപ്പറയുന്ന ആ നിയമങ്ങള്‍ ഇവയായിരുന്നു: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഈ നിയമങ്ങൾ പിൻ‌വാതിലിലൂടെ നടപ്പാക്കുകയാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അവർ പറയുന്നു.

വോട്ടിംഗ് ദിവസം അടുക്കുന്തോറും പഞ്ചാബിലെ പ്രചാരണത്തിനും ചൂട് പിടിക്കുകയാണ്. അതോടൊപ്പം‌തന്നെ കർഷകരുടെ പ്രതിഷേധവും. ബി.ജെ.പി. സ്ഥാനാർത്ഥി പ്രിണീത് കൌറിന്റെ പ്രവേശനത്തിനെതിരേ കർഷകരോടൊപ്പം പ്രതിഷേധിക്കുന്നതിനിടയ്ക്ക്, മേയ് 4-ന്, പട്യാലയിലെ സെഹ്ര ഗ്രാമത്തിലെ സുരീന്ദർപാൽ സിംഗ് എന്ന കർഷകൻ മരണപ്പെട്ടു. പ്രിണീത് കൌറിന്റെ സെക്യൂരിറ്റിക്കാർ റോഡിലെ തടസ്സങ്ങൾ മാറ്റാൻ ശ്രമിച്ചപ്പോഴാണ് സുരീന്ദർപാൽ മരിച്ചതെന്ന് കർഷകർ ആരോപിക്കുന്നുണ്ടെങ്കിലും അവരത് നിഷേധിക്കുകയാണ്.

ഗോതമ്പിന്റെ വിളവെടുപ്പ് ജോലികളൊക്കെ കഴിഞ്ഞ സ്ഥിതിക്ക് കർഷകർ ഇപ്പോൾ പൊതുവെ സ്വതന്ത്രരാണ്. ഈ നാടകത്തിന്റെ മറ്റ് രംഗങ്ങൾ ഇനി വരുന്ന ദിവസങ്ങളിൽ കാണാൻ കഴിഞ്ഞേക്കും. പ്രത്യേകിച്ചും, ചെറുത്തുനിൽ‌പ്പിന്റെ ചരിത്രസ്ഥലിയായ സംഗ്രൂർപോലെയുള്ള ദുർഗ്ഗങ്ങളിൽ. തേജാ സിംഗ് സ്വതന്ത്രർ, ധരം സിംഗ് ഫക്കർ, ജഗീർ സിംഗ് ജോഗ തുടങ്ങിയ ശൂരരായ കർഷക നേതാക്കളുടെ ഇതിഹാസകഥകൾ കേട്ട് കുട്ടികൾ വളരുന്ന സ്ഥലങ്ങളിൽ.

ഗ്രാമങ്ങളിലേക്ക് പ്രവേശിക്കുന്ന ബി.ജെ.പി. സ്ഥാനാർത്ഥികളെ കാത്തിരിക്കുന്ന ചോദ്യാവലി

കൂടുതൽ പ്രശ്നങ്ങൾ മുമ്പിലുണ്ട്. ഭാരതീയ കിസാൻ യൂണിയന്റെ (ബി.കെ.യു. ഏൿത ഉഗ്രഹൺ) നേതാവ് ഝണ്ട സിംഗ് ജെതുകെ ഈയടുത്ത് ബർണാലയിൽ‌വെച്ച് പറയുകയുണ്ടായി: “ഒരാഴ്ച കാത്തിരിക്കൂ. ഗ്രാ‍മങ്ങളിൽനിന്ന് മാത്രമല്ല, പട്ടണങ്ങളിൽനിന്നും അവരെ ആട്ടിയോടിക്കുന്ന കാഴ്ച നിങ്ങൾക്ക് കാണാം. മതിലുകളും ആണികളുമുപയോഗിച്ച് ദില്ലിയിലേക്കുള്ള നമ്മുടെ യാത്രയെ അവർ തടസ്സപ്പെടുത്തിയത് ഓർമ്മയുണ്ടോ? ഞങ്ങൾ ബാരിയറുകളും ആണികളുമല്ല ഉപയോഗിക്കുക. മനുഷ്യമതിലുകളായിരിക്കും. ലഖിം‌പുരിൽ ചെയ്തതുപോലെ അവർ ഞങ്ങളുടെ ശരീരത്തിന്റെ മുകളിലൂടെ ചവുട്ടിമെതിച്ച് പോയേക്കാം. എന്നാലും ഞങ്ങളുടെ ശരീരമുപയോഗിച്ച് അവരെ ഞങ്ങൾ ഗ്രാമങ്ങളിൽ കടക്കുന്നതിൽനിന്ന് തടയും.”

എന്നാലും, നീതിയെ സ്നേഹിക്കുന്ന കർഷകരോട് അവർ നന്ദിയുള്ളവരായിരിക്കണമെന്ന് ശിരോമണി അകാലി ദൾ നേതാവായ ബിക്രം സിംഗ് മജിതിയ പറയുന്നു. “അവർ ഗ്രാമങ്ങളിലേക്കുള്ള പ്രവേശനം തടയുക മാത്രമാന് ചെയ്തത്. കർഷകരോട് ദില്ലിയിൽ‌വെച്ച് ചെയ്തതുപോലെ, കണ്ണീർവാതകങ്ങളും റബ്ബർ ബുള്ളറ്റുകളും അവർ ഉപയോഗിച്ചില്ലല്ലോ.”

പഴയതും പുതിയതുമായ ചെറുത്തുനിൽ‌പ്പുകളുടേയും ജനകീയ മുന്നേറ്റങ്ങളുടേയും സ്മരണകൾ പഞ്ചാബിന്റെ സിരകളിലോടുന്നുണ്ട്. 28 മാസം മുമ്പാണ് സംസ്ഥാനത്തെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫിറോസ്പുരിലെ ഒരു ഫ്ലൈഓവറിന്റെ മുകളിൽ‌വെച്ച് തടഞ്ഞത്. ഇന്ന് അവർ അദ്ദേഹത്തിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളെ ഗ്രാമങ്ങളിൽ കടക്കാതെ തടയുന്നു. വിവിധ സംസ്ഥാനങ്ങളിലായി രണ്ടുതവണ മോദി സർക്കാർ ഗവർണറായി നിയമിച്ച സത്യപാൽ മാലികിന്, തനിക്ക് ആ പദവികൾ തന്ന സർക്കാരിനോട് പറയാനുള്ളത് ഇതുമാത്രമാണ്. “പഞ്ചാബികൾ അവരുടെ ശത്രുക്കളെ അത്രവേഗം മറക്കില്ല.”

പരിഭാഷ: രാജീവ് ചേലനാട്ട്

Vishav Bharti

ବିଶବ ଭାରତୀ ଚଣ୍ଡୀଗଡ଼ର ଜଣେ ସାମ୍ବାଦିକ ଏବଂ ସେ ଗତ ଦୁଇ ଦଶନ୍ଧି ହେଲା ପଞ୍ଜାବର କୃଷି କ୍ଷେତ୍ରରେ ସଂକଟ ଏବଂ କୃଷକମାନଙ୍କର ପ୍ରତିରୋଧମୂଳକ ଆନ୍ଦୋଳନ ସଂପର୍କରେ ରିପୋର୍ଟ କରିଆସୁଛନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Vishav Bharti
Editor : P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat