ഡിസ്ട്രിക്ട് ഇൻഡസ്ട്രി പ്രൊമോഷൻ ആൻഡ് ആൻട്രെപ്രീണർ ഡെവലപ്മെന്റ് സെന്ററിന്റെ (ഡി.ഐ.പി.ഇ.ഡി.സി) കണക്കനുസരിച്ച്, മീററ്റ് ജില്ലയിൽ 347 ക്രിക്കറ്റ് പന്ത് നിർമ്മാണ യൂണിറ്റുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. വ്യാവസായികമേഖലകളിൽ പ്രവർത്തിക്കുന്ന വലിയ ഫാക്ടറികൾ മുതൽ മീററ്റ് ജില്ലയിലെ ഗ്രാമീണ, നഗര പാർപ്പിട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചെറിയ ഉത്പാദന യൂണിറ്റുകൾവരെ ഇതിൽ ഉൾപ്പെടും.
എന്നാൽ, പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന, അസംഘടിതമായ നിർമ്മാണ കേന്ദ്രങ്ങളെയോ ഒരു പന്ത് മുഴുവനായിത്തന്നെ ഉണ്ടാക്കുകയോ അല്ലെങ്കിൽ പന്ത് നിർമ്മാണത്തിലെ ഏതെങ്കിലുമൊരു ഘട്ടം മാത്രം ഏറ്റെടുത്ത് പൂർത്തിയാക്കുകയോ ചെയ്യുന്ന വീട്ടക യൂണിറ്റുകളെയോ ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. മീററ്റ് ജില്ലയിലെ ജംഗേഠി, ഗഗോൽ, ഭാവൻപൂർ എന്നിവ ഉൾപ്പെടെയുള്ള ഗ്രാമങ്ങളിലാണ് അവ പ്രവർത്തിക്കുന്നത്. "മീററ്റിലെ ഈ ഗ്രാമങ്ങൾ ഇല്ലെങ്കിൽ എവിടെയും ഇന്ന് ക്രിക്കറ് പന്തുകൾ ലഭിക്കില്ല," മദൻ പറയുന്നു.
ക്രിക്കറ്റ് പന്തുകൾ തുകൽകൊണ്ട് നിർമ്മിക്കുന്നതുകൊണ്ടുതന്നെ ഗ്രാമങ്ങളിലെയും വലിയ ഫാക്ടറികളിലേയുമെല്ലാം മിക്ക പന്ത് നിർമ്മാണത്തൊഴിലാളികളും ജാദവ് സമുദായക്കാരാണ്," അദ്ദേഹം വിശദീകരിക്കുന്നു. 1904-ലെ ഡിസ്ട്രിക്ട് ഗസറ്റിയറനുസരിച്ച്, മീററ്റിൽ തുകൽ വ്യവസായത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന ഏറ്റവും വലിയ സാമൂഹികവിഭാഗം ജാദവ് അഥവാ ചമർ (ഉത്തർ പ്രദേശിൽ പട്ടികജാതിയായി പരിഗണിക്കപ്പെടുന്നു) സമുദായക്കാരായിരുന്നു. "ആളുകൾക്ക് ക്രിക്കറ്റ് പന്തിന്റെ രൂപത്തിൽ തുകൽ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല, എന്നാൽ തുകൽ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ അങ്ങനെയല്ല," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മദനിന്റെ കുടുംബത്തിന് ശോഭാപൂരിലും ഒരു തോലുറപ്പണിശാലയുണ്ട്. ക്രിക്കറ്റ് പന്ത് നിർമ്മാണമേഖലയിൽ ഉപയോഗിക്കാനായി തുകൽ സ്ഫടികക്കാരത്തിൽ ഊറയ്ക്കിടുന്ന ഒരേയൊരു പ്രദേശമാണിത്. (വായിക്കുക: പുറത്താവാതെ പൊരുതുന്ന മീററ്റിലെ തുകൽപ്പണിക്കാർ) "സ്ഫടികക്കാരത്തിൽ ഊറയ്ക്കിടുന്ന തുകലിനുള്ള ഡിമാൻഡ് കൂടുന്നത് കണ്ടപ്പോൾ, ക്രിക്കറ്റ് പന്തുകളുടെ ഡിമാൻഡ് ഒരിക്കലും കുറയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു," അദ്ദേഹം പറയുന്നു. വിപണിയിലെ ഈ സാധ്യത മനസ്സിലാക്കിയതോടെയാണ് അദ്ദേഹം 20 വർഷം മുൻപ് ബി.ഡി ആൻഡ് സൺസ് എന്ന, ഈ പ്രദേശത്തെ ക്രിക്കറ്റ് പന്ത് നിർമ്മാണ യൂണിറ്റുകളിലൊന്ന് തുടങ്ങിയത്.
ഒരു ക്രിക്കറ്റ് പന്തുണ്ടാക്കാൻ കൃത്യം എത്ര മണിക്കൂർ വേണമെന്ന് കണക്കുകൂട്ടുക ബുദ്ധിമുട്ടാണെന്ന് മദൻ പറയുന്നു. നിർമ്മാണഘട്ടത്തിലെ പല പ്രക്രിയകളും ഒന്നിൽക്കൂടുതൽ പേർ ഒരുമിച്ച് ചെയ്യുന്നതിനാലും ജോലി നടക്കുന്ന സമയത്തെ കാലാവസ്ഥയും തുകലിന്റെ ഗുണനിലവാരവുമെല്ലാം അനുസരിച്ച് അതിനാവശ്യമായ സമയത്തിൽ മാറ്റം വരുന്നതിനാലുമാണത്. "ഒരു പന്ത് തയ്യാറാക്കാൻ കുറഞ്ഞത് രണ്ടാഴ്ചവരെ സമയമെടുക്കും," അദ്ദേഹം പറയുന്നു.
മദനിന്റെ യൂണിറ്റിലെ ജോലിക്കാർ ആദ്യം സ്ഫടികക്കാരം ഉപയോഗിച്ച് തുകൽ സംസ്കരികുകയും അതിന് ചുവപ്പ് നിറം കൊടുത്ത് വെയിലത്ത് വച്ച് ഉണക്കിയെടുക്കുകയും ചെയ്യുന്നു. മൃഗക്കൊഴുപ്പുപയോഗിച്ച് തുകൽ വഴുപ്പുള്ളതാക്കി മാറ്റി, തടിയിൽ തീർത്ത ചുറ്റികകൊണ്ട് അടിച്ച് അതിനെ മിനുസപ്പെടുത്തുകയാണ് അടുത്ത പടി. "സ്ഫടികക്കാരംകൊണ്ട് ഊറയ്ക്കിടുന്ന തുകലിന് വെളുത്ത നിറമായതിനാൽ വെളുത്ത പന്തുകൾ നിർമ്മിക്കുമ്പോൾ തുകലിന് നിറം കൊടുക്കേണ്ട ആവശ്യമില്ല. പശുവിൻ പാലിൽനിന്നുള്ള വെണ്ണകൊണ്ടാണ് ഈ തുകലുകൾ വഴുപ്പുള്ളതാക്കി മാറ്റുന്നത്," മദൻ പറയുന്നു.