“ജൂണിൽ എസ്.ഡി.എം. (സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വന്ന് പറഞ്ഞു, ‘ഇതാ, ഒഴിഞ്ഞുപോകാനുള്ള നോട്ടീസ്’.”
തന്റെ ഗാഹ്‌ധാര ഗ്രാമത്തിന്റെ പ്രവേശനകവാടത്തിലുള്ള വലിയ ആൽമരം ചൂണ്ടിക്കാണിക്കുന്നു ബാബുലാൽ ആദിവാസി. സമുദായയോഗങ്ങൾ കൂടാറുള്ള അവിടെവെച്ചുതന്നെയാണ് അയാളുടെ ഗ്രാമക്കാരുടെ ഭാവി ഒരൊറ്റ ദിവസംകൊണ്ട് മാറിമറിഞ്ഞതും.
ഒരു അണക്കെട്ടിനും, നദികളെ സംയോജിപ്പിക്കാനുള്ള പദ്ധതിക്കുംവേണ്ടി, മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിലെ (പി.ടി.ആർ) 22 ഗ്രാമങ്ങളിൽ താമസിക്കുന്ന ആയിരത്തോളം താമസക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ പാരിസ്ഥിതിക അംഗീകാരം 2017-ൽ കിട്ടുകയും ദേശീയോദ്യാനത്തിലെ വൃക്ഷങ്ങൾ വെട്ടുന്നത് ആരംഭിക്കുകയും ചെയ്തു. അടിയന്തരമായി ഒഴിഞ്ഞുപോകേണ്ടിവരുമെന്ന ഭീഷണി ഗതിവേഗമാർജ്ജിക്കുകയും ചെയ്തിരിക്കുന്നു.
രണ്ട് പതിറ്റാണ്ടായി ആലോചനയിലുള്ള ഈ പദ്ധതിക്ക് 44,605 കോടി ചിലവ് വരും (1-ആം ഘട്ടം). 218 കിലോമീറ്റർ നീളമുള്ള ഒരു വലിയ കനാൽ വഴി കെൻ, ബെത്‌വ പുഴകളെ സംയോജിപ്പിക്കുന്ന പദ്ധതിയാണ് ഇത്.
വലിയ രീതിയിൽ വിമർശിക്കപ്പെട്ട ഒന്നാണ് ഈ പദ്ധതി. “ഈ പദ്ധതിക്ക് ഒരു ന്യായീകരണംപോലും, ജലസംബന്ധിയായ ഒരു ന്യായീകരണംപോലും,” ജല വിഭാഗത്തിൽ 35 വർഷമായി പ്രവർത്തിക്കുന്ന ഹിമാൻശു താക്കർ എന്ന ശാസ്ത്രജ്ഞൻ പറയുന്നു. “ഒന്നാമതായി, കെൻ എന്ന നദിയിൽ അധികജലം ഇല്ല. മുൻകൂട്ടി തീരുമാനിച്ചുറച്ച ചില നിഗമനങ്ങളല്ലാതെ, വിശ്വസനീയമായ കണക്കെടുപ്പോ, വസ്തുനിഷ്ഠമായ പഠനമോ ഒന്നുമില്ല.”
അണക്കെട്ടുകൾ, പുഴകൾ, ജനതതികൾ എന്നിവയ്ക്കായുള്ള ദക്ഷിണേഷ്യൻ ശൃംഖലയുടെ (സൌത്ത് ഏഷ്യാ നെറ്റ്‌വർക്ക് ഓൺ ഡാംസ്, റിവേസ് ആൻഡ് പീപ്പിളിന്റെ -എസ്.എ.എൻ.ഡി.ആർ.പി) കോഓർഡിനേറ്ററാണ് താക്കർ. പുഴകളെ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് വാട്ടർ റിസോഴ്സസ് (ഇപ്പോൾ ജല ശക്തി എന്ന പേരിൽ അറിയപ്പെടുന്ന മന്ത്രാലയം) സംഘടിപ്പിച്ച വിദഗ്ദ്ധസമിതിയിലെ അംഗമാണ് അദ്ദേഹം. പദ്ധതിയുടെ അടിസ്ഥാനംതന്നെ ഞെട്ടിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറയുന്നു. “നദികളെ ബന്ധിപ്പിക്കുകയും കാടുകൾ, പുഴകൾ, ജൈവവൈവിദ്ധ്യം എന്നിവയെ പാരിസ്ഥിതികമായും സാമൂഹികമായും വളരെ പ്രതികൂലമായി ബാധിക്കുകയും, ഇവിടെയും, ബുന്ദേൽഖണ്ഡിലും അതിനുമപ്പുറത്തുള്ള ജനങ്ങളെ തകർക്കുകയും ചെയ്യും” എന്ന് പറയുന്നു അദ്ദേഹം.





























