ഓർമ്മവെച്ച കാലം മുതൽ, മോഹൻലാൽ ലോഹാറിന് ചുറ്റികകൊണ്ട് മേടുന്നതിന്റെ ക്രമബദ്ധമായ സംഗീതത്തോട് വലിയ താത്പര്യം തോന്നിയിരുന്നു. താളബദ്ധമായ ആ മുഴക്കം കേട്ട്, അവ മെനയുന്നത് തന്റെ ജീവിതപാതയാകുമെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം വളർന്നത്.
രാജസ്ഥാനിലെ ബാഡ്മീർ ജില്ലയിലുള്ള നന്ദ് ഗ്രാമത്തിലെ ഒരു ലോഹാർ (ഇരുമ്പ് പണിക്കാർ) കുടുംബത്തിലാണ് മോഹൻലാൽ ജനിച്ചത്. അദ്ദേഹത്തിന് എട്ട് വയസ്സുള്ളപ്പോൾ, പിതാവ്, പരേതനായ ഭവ്‌റാറാം ലോഹാറിന് ജോലിയ്ക്കിടെ ചുറ്റികകളും മറ്റ് ഉപകരണങ്ങളും എടുത്തുകൊടുത്താണ് അദ്ദേഹം ഈ തൊഴിലിൽ പ്രവേശിച്ചത്. "ഞാൻ ഒരിക്കൽപ്പോലും സ്കൂളിൽ പോയിട്ടില്ല. ഈ ഉപകരണങ്ങൾകൊണ്ട് കളിക്കാനായിരുന്നു എനിക്ക് ഇഷ്ടം," അദ്ദേഹം പറയുന്നു.
രാജസ്ഥാനിൽ മറ്റു പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്ന ഗഡുലിയാ ലോഹാർ സമുദായത്തിൽപ്പെട്ട ഈ കുടുംബം മാർവാഡി, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കുന്നവരാണ്. അഞ്ച് ദശാബ്ദം മുൻപ്, 1980-കളുടെ തുടക്കത്തിലാണ് കൗമാരക്കാരനായ മോഹൻലാൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടി ജയ്സാൽമറിൽ എത്തുന്നത്. അന്നുതൊട്ട് അദ്ദേഹം അലുമിനിയം, വെള്ളി, സ്റ്റീൽ എന്നിവയ്ക്ക് പുറമേ പിച്ചളകൊണ്ടുപോലും മോർചാങ്കുകൾ നിർമ്മിച്ചുവരുന്നു.
"ഒരു കഷ്ണം ലോഹാ (ഇരുമ്പ്) വെറുതെ ഒന്ന് തൊട്ടാൽപ്പോലും, അതിൽനിന്ന് നല്ല നാദം ഉയരുമോ എന്ന് എനിക്ക് പറയാനാകും," ചുട്ടുപഴുത്ത ഇരുമ്പ് ആകൃതിപ്പെടുത്തി, സംഗീതസാന്ദ്രമായ മോർചാങ്കുകൾ നിർമ്മിക്കുന്ന ജോലിയിൽ 20,000-ൽ അധികം മണിക്കൂറുകളുടെ അനുഭവസമ്പത്തുള്ള മോഹൻലാൽ പറയുന്നു. ജയ്സാൽമറിൽ ഏറെ പ്രചാരത്തിലുള്ള ഒരു താളവാദ്യമാണ് മോർചാങ്ക്.
"ഒരു മോർചാങ്ക് നിർമ്മിക്കുന്ന പ്രവൃത്തി ഏറെ ദുഷ്‌കരമാണ്," എന്ന് പറയുന്ന ആ 65 വയസ്സുകാരൻ താൻ ഇന്നേവരെ എത്ര മോർചാങ്കുകൾ നിർമ്മിച്ചിട്ടുണ്ടാകുമെന്ന് ഓർത്തെടുക്കാനാകുന്നില്ലെന്ന് കൂട്ടിച്ചേർക്കുന്നു: "അത് എണ്ണിത്തിട്ടപ്പെടുത്താനാവില്ല."
ഏതാണ്ട് 10 ഇഞ്ച് നീളം വരുന്ന ഒരു മോർചാങ്കിൽ (മൊർസിങ് എന്നും എഴുതാറുണ്ട്) കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഒരു വളയവും സമാന്തരമായ രണ്ടു ദണ്ഡുകളുമാണുള്ളത്. ഇവയ്ക്കിടയിലൂടെ കടന്നുപോകുന്ന, ട്രിഗ്ഗർ എന്ന് വിളിക്കുന്ന ലോഹക്കഷ്ണം ഒരു വശത്ത് ഉറപ്പിച്ചിരിക്കും. ഈ ലോഹക്കഷ്ണം മുൻപല്ലുകൾകൊണ്ട് കടിച്ചുപിടിച്ച് അതിലൂടെയാണ് മോർചാങ്ക് വാദകൻ ശ്വാസോച്ഛ്വാസം ചെയ്യുക. ഒരു കൈകൊണ്ട് മോർചാങ്കിലെ ലോഹക്കഷ്ണം ചലിപ്പിച്ച് വാദകൻ സ്വരങ്ങൾ പുറപ്പെടുവിക്കും; മറ്റേ കൈകൊണ്ട് ഇരുമ്പ് വളയത്തിൽ മുറുകെ പിടിക്കുകയും ചെയ്യും.












