മണിറാമിന്റെ ജീവൻ രക്ഷിച്ചത് വത്സലയാണ്.
“ഞങ്ങൾ പാണ്ഡവ് ഫാൾസിലേക്ക് പോയതായിരുന്നു. വത്സല പുല്ല് മേഞ്ഞ് ദൂരേയ്ക്ക് പോയി. ഞാൻ അവളെ തിരിച്ചുകൊണ്ടുവരാൻ പോയപ്പോഴാണ് കടുവ പ്രത്യക്ഷപ്പെട്ടത്.” മണിറാം പറയുന്നു.
മണിറാം സഹായത്തിനായി നിലവിളിച്ചപ്പോൾ “അവൾ ഓടിവന്ന് അവളുടെ മുൻകാലുകൾ ഉയർത്തി, എനിക്ക് അവളുടെ മുകളിൽ കയറാൻ പാകത്തിൽ. ഞാൻ ഇരുന്നുകഴിഞ്ഞപ്പോൾ, അവൾ നിലത്ത് അമർത്തിച്ചവിട്ടി, മരങ്ങൾ പിഴുതെടുത്തു. കടുവ ജീവനുംകൊണ്ട് ഓടിപ്പോയി,” ആശ്വാസത്തോടെ ആ പാപ്പാൻ പറയുന്നു.
പന്ന ടൈഗർ റിസർവിലെ അമ്മൂമ്മയായ വത്സലയ്ക്ക് 100 വയസ്സിനുമീതെ പ്രായമുണ്ടെന്ന് പറയപ്പെടുന്നു – ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ആനയാവും അവൾ. “ചിലർ പറയുന്നു 110 ആയി എന്ന്, ചിലർ 115 എന്നും. അത് സത്യമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു,” 1996 മുതൽ വത്സലയെ പരിപാലിക്കുന്ന മണിറാം എന്ന ഗോണ്ട് ആദിവാസി പറയുന്നു.
ഒരു ഏഷ്യാറ്റിക്ക് ആനയായ (എലിഫസ് മാക്സിമസ്) വത്സല, കേരളത്തിലും മധ്യ പ്രദേശിലും ജീവിച്ചിട്ടുണ്ട്. വളരെ മര്യാദക്കാരിയാണെങ്കിലും ചെറുപ്പത്തിൽ അവൾ ചോരത്തിളപ്പുള്ളവളായിരുന്നുവെന്ന് മണിറാം പറയുന്നു. കാഴ്ചയും കേൾവിയും കുറഞ്ഞ ഈ പ്രായത്തിൽപ്പോലും, എന്തെങ്കിലും അപകടങ്ങൾ കണ്ടാൽ ആനക്കൂട്ടങ്ങൾക്ക് ഏറ്റവുമാദ്യം മുന്നറിയിപ്പ് നൽകുന്നത് വത്സലയാണ്.
അവളുടെ ഘ്രാണശക്തി ഇപ്പൊഴും ശക്തമാണെന്ന് മണിറാം പറയുന്നു. മറ്റേതെങ്കിലും മൃഗങ്ങൾ സമീപത്തുണ്ടെങ്കിൽ അവൾ പെട്ടെന്ന് മണത്തറിയുന്നു. ഉടൻ അവൾ ആനക്കൂട്ടങ്ങൾക്ക് വിവരം കൊടുക്കുകയും അവ ഒരുമിക്കുകയും ചെയ്യും. കുട്ടികളെ നടുവിൽ സംരക്ഷിച്ചാവും അവയുടെ നിൽപ്പ്. “മൃഗം ആക്രമിക്കാൻ വന്നാൽ, കല്ലുകളെടുത്ത് എറിയുകയും, തുമ്പിക്കൈകൊണ്ട് പറിച്ചെടുത്ത മരക്കൊമ്പുകൾകൊണ്ട് അവയെ അടിച്ചോടിക്കുകയും ചെയ്യുന്നു ഈ ആനക്കൂട്ടം,” മണിറാം പറയുന്നു. “കുശാഗ്രബുദ്ധിയാണ്,” അയാൾ കൂട്ടിച്ചേർത്തു.










