സ്വർണ്ണം കാണുമ്പോൾ അദ്ദേഹത്തിന് അറിയാം. “നിങ്ങൾ എന്റെ കയ്യിൽ ഒരു ആഭരണം തന്നാൽ എത്ര കാരറ്റ് തൂക്കമുണ്ടാകുമെന്ന് എനിക്ക് പറയാൻ കഴിയും”, റഫീഖ് പാപ്പാഭായി ഷെയ്ഖ് പറഞ്ഞു. “ഞാനൊരു സ്വർണപ്പണിക്കാരനാണ്. ഷിരൂർ - സതാര ഹൈവേയിലെ പദ്വി ഗ്രാമത്തിൽവെച്ച് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെ ഒരുപക്ഷേ അദ്ദേഹം വീണ്ടും സ്വർണ്ണം കണ്ടെത്തിയിരിക്കാം; പക്ഷേ ഇത്തവണ അത് തുറക്കാൻ പോകുന്ന ഒരു റെസ്റ്റോറിന്റെ രൂപത്തിലാണെന്നുമാത്രം.
പുണെ ജില്ലയോട് ചേർന്നുള്ള ദൗണ്ട് തഹസിൽ വഴി വാഹനമോടിക്കുമ്പോഴാന് ഞങ്ങളത് കണ്ടത്. കടുംനിറത്തിലുള്ള ഒരു ഷെഡ്ഡ്, മുകളിൽ പച്ചയിലും ചുവപ്പിലും എഴുതിവെച്ചിരിക്കുന്നു; 'ഹോട്ടൽ സെൽഫി’, ഞങ്ങൾ ഉടൻ വണ്ടി നിർത്തി. ഇത് ഞങ്ങൾക്ക് കണ്ടേ തീരൂ.
''യഥാർത്ഥത്തിൽ എന്റെ മകനുവേണ്ടിയാണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചത്,'' റഫീഖ് പറഞ്ഞു. ''ഞാൻ ഒരു സ്വർണവ്യാപാരിയായ് ഇപ്പോഴും ജോലി ചെയ്യുന്നു. പക്ഷെ മകനോടൊപ്പം എന്തുകൊണ്ട് ഈ തൊഴിലിൽ നിന്നുകൂടാ എന്ന് ഞാൻ ആലോചിച്ചു. ഈ ഹൈവേയിലാണെങ്കിൽ നല്ല തിരക്കുണ്ട്. ആളുകൾ ചായയ്ക്കും ഭക്ഷണത്തിനുംവേണ്ടി ഇവിടെ വരുന്നു”. എന്നാൽ മറ്റുള്ളവരെപ്പോലെ അദ്ദേഹം തന്റെ റെസ്റ്റൊറന്റ് ഹൈവേയുടെ തൊട്ടരികിലല്ല സ്ഥാപിച്ചത്. പകരം മുന്നിൽ കുറച്ച് സ്ഥലമിട്ടുകൊണ്ട് പുറകോട്ടിറക്കി പണിതു. അതിനാൽ ആളുകൾക്ക് അവരുടെ വാഹനങ്ങൾ അകത്ത് പാർക്ക് ചെയ്യാൻ സാധിക്കും. ഞങ്ങൾ ചെയ്തതുപോലെ.



