ഒരു ദശകത്തിലധികമായി നിരവധി ആശുപത്രികള്‍ സന്ദര്‍ശിച്ച സുപാരി പുതേലിന് അതൊന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല.
ദീര്‍ഘ വര്‍ഷങ്ങളോളം17 വയസ്സുണ്ടായിരുന്ന മകന്റെ ചികിത്സയ്ക്കായി ഒഡീഷയിലെയും ഛത്തീസ്ഗഢിലെയും ആശുപത്രികള്‍ സന്ദര്‍ശിച്ചു. ചെറിയൊരു സമയം ഭര്‍ത്താവ് സുരേശ്വരന്റെ ചികിത്സയ്ക്കായി മുംബൈയിലും ഉണ്ടായിരുന്നു.
സുപാരിയെ ദു:ഖത്തിലാഴ്ത്തിക്കൊണ്ട് രണ്ടുപേരും 2019-ല്‍ നാലുമാസത്തിനകം മരിച്ചു.
അവരുടെ ഭര്‍ത്താവ് സുരേശ്വരന്‍ 44 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സുപാരിയോടൊപ്പം ഒഡീഷയിലെ ബലാംഗീര്‍ ജില്ലയിലെ വീട്ടില്‍നിന്നും ഏതാണ്ട് 1,400 കിലോമീറ്ററുകള്‍ക്കപ്പുറം മുംബൈയിലേക്കു കുടിയേറി. ഒരു പ്രാദേശിക തൊഴില്‍ ദല്ലാള്‍ അവരെ നിര്‍മ്മാണ ജോലി നടക്കുന്നയിടത്തേക്ക് ജോലിക്കെടുത്തു. “ഞങ്ങളുടെ കടങ്ങള്‍ വീട്ടുന്നതിനും വീടുപണി പൂര്‍ത്തിയാക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനുമായി ഞങ്ങള്‍ പോയി”, സുപാരി പറഞ്ഞു. അവിടെ രണ്ടുപേര്‍ക്കും ചേര്‍ത്ത് 600 രൂപ പ്രതിദിനം ലഭിച്ചിരുന്നു.
“ഒരു വൈകുന്നേരം മുംബൈയിലെ പണിസ്ഥലത്ത് പണി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഭര്‍ത്താവിനു കടുത്ത പനി ഉണ്ടായി”, തുരേകേല ബ്ലോക്കിലെ, 933 അംഗങ്ങളുള്ള ഹിയാല്‍ ഗ്രാമത്തിലെ, മണ്‍വീടിന്റെ മുന്‍പിലുള്ള തറയില്‍ ഇരുന്നുകൊണ്ട് 43-കാരിയായ സുപാരി ഓര്‍മ്മിച്ചു. അവരും കുടുംബം ഓ.ബി.സി. വിഭാഗത്തില്‍ വരുന്ന മാലി ജാതിയില്‍ പെടുന്നു.
സുപാരിയും പണി സ്ഥലത്തെ മേൽനോട്ടക്കാരനും ചേർന്ന് ഓട്ടോറിക്ഷകളിലും ആംബുലൻസിലുമായി സുരേശ്വരനെ ആദ്യം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള മൂന്ന് ആശുപത്രികളിൽ എത്തിച്ചു. അവസാനം ഉത്തര-മദ്ധ്യ മുംബൈയിലെ സയനിലെ ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയിലും എത്തിച്ചു.
"ആധാർ കാർഡുകളും മറ്റു പേപ്പറുകളും ആ സമയത്ത് ഇല്ലാതിരുന്നതിനാൽ ഓരോ ആശുപത്രിയില്‍നിന്നും ഞങ്ങളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിട്ടു”, സുപാരി പറഞ്ഞു. "അദ്ദേഹത്തിന് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിന്നു. അരയ്ക്കു താഴോട്ടു ശരീരം തളർന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ പാദങ്ങൾ തിരുമ്മിക്കൊണ്ടിരുന്നു”, പ്രത്യേകിച്ചെന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്നുറപ്പില്ലാതെ അവർ കൂട്ടിച്ചേർത്തു. തൊട്ടടുത്ത ദിവസം, 2019 നവംബര്‍ 6-ന് സുരേശ്വരന്‍ ആശുപത്രിയില്‍ വച്ചു മരിച്ചു.








