“ഓരോ വീടും മാസത്തില്‍ നാല് തവണയെങ്കിലും സന്ദര്‍ശിക്കുന്ന വിധത്തില്‍ ദിവസവും 25 വീടുകളാണ് കൊറോണ വൈറസ് സർവേ നടത്തുന്നതിന്റെ ഭാഗമായി ഞങ്ങൾ സന്ദർശിക്കേണ്ടത്”, സുനിത റാണി പറഞ്ഞു. 10 ദിവസത്തിലേറെയായി അവർ സന്ദര്‍ശനങ്ങള്‍ നടത്തുന്നു. അതേസമയം ഹരിയാനയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഏപ്രിൽ 14 വരെ 180 സ്ഥിരീകരിച്ച കേസുകളും രണ്ട് മരണങ്ങളുമാണ് രേഖപ്പെടുത്തിയിയിരിക്കുന്നത്.
“ആളുകൾ ഈ രോഗത്തെ ഭയപ്പെടുന്നു. സ്പർശനത്തിലൂടെയാണ് ഇത് പകരുന്നതെന്നാണ് പലരും കരുതുന്നത്. മാദ്ധ്യമങ്ങൾ ‘സാമൂഹിക അകലം’ പാലിക്കാൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് എന്താണെന്നും എങ്ങനെ അകലം പാലിക്കണമെന്നും വിശദീകരിച്ചതിനുശേഷവും, അവരെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് എനിക്കറിയില്ല,” സുനിത പറഞ്ഞു. “ഏഴ് പേർ ഒരുമിച്ച് താമസിക്കുന്ന 10 ചതുരശ്ര അടി മാത്രമുള്ള വീട്ടിൽ എങ്ങനെ സാമൂഹിക അകലം സൂക്ഷിക്കാനാണ്?”
ഹരിയാനയിലെ സോനീപത് ജില്ലയിലെ നാഥുപൂർ ഗ്രാമത്തിൽ ജോലി ചെയ്യുന്ന അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക (Accredited Social Health Activist) അഥവാ ആശ (ASHA) പ്രവര്‍ത്തകയാണ് 39 കാരിയായ സുനിത. ഇന്ത്യയിലെ ഗ്രാമീണ ജനതയെ പൊതുജനാരോഗ്യ സംവിധാനവുമായി ബന്ധിപ്പിക്കുന്ന 10 ലക്ഷത്തിലധികം പ്രവർത്തകരിൽ ഒരാൾ. കോവിഡ്-19 ഏറ്റവും വലിയ പൊതുജനാരോഗ്യ-സാമൂഹ്യക്ഷേമ പ്രതിസന്ധിയായി മാറിയതോടെ, നവജാതശിശുക്കൾക്ക് കുത്തിവയ്പ് നൽകുന്നത് മുതൽ ഗർഭിണികളായ സ്ത്രീകളെ പരിപാലിക്കുക, കുടുംബാസൂത്രണത്തെക്കുറിച്ച് അവരെ ഉപദേശിക്കുക - എന്നിങ്ങനെ 60-ലധികം ജോലികൾ ഉൾപ്പെട്ട ഇവരുടെ പൊതുവെ തിരക്കേറിയ പ്രവൃത്തി ദിനം തകിടം മറിഞ്ഞിരിക്കുകയാണ്.
മാർച്ച് 17 ന് ഹരിയാന ആദ്യത്തെ കോവിഡ്-19 കേസ് ഗുരുഗ്രാമിൽ റിപ്പോർട്ട് ചെയ്തപ്പോൾ സോനീപതിലെ ആശാ പ്രവർത്തകർക്ക് അവരുടെ സൂപ്പർവൈസർമാരിൽ നിന്ന് ഈ രോഗത്തെക്കുറിച്ച് ഒരു അറിവും ലഭിച്ചിട്ടുണ്ടായിരുന്നില്ല. നാല് ദിവസത്തിന് ശേഷം സോനീപതിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. അപ്പോഴും തങ്ങള്‍ പാലിക്കുകയോ ഗ്രാമീണരെ ബോധവാന്മാരാക്കുകയോ ചെയ്യേണ്ട പുതിയ സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് ഒരു വിവരവും സൂപ്പർവൈസർമാരിൽ നിന്ന് ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഏപ്രിൽ രണ്ടാം തീയതിയോടെ സുനിതയ്ക്കും സോനീപതിലെ 1,270 ആശാ പ്രവർത്തകർക്കും മാരകമായ സാര്‍സ് കോവ്-2 (SARS-CoV-2) വൈറസിനെതിരെ പ്രവർത്തിക്കുന്നതിനാവശ്യമായ അവബോധവും പരിശീലനവും ലഭിക്കുമ്പോഴേക്കും, രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പിലാക്കിയിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ കോവിഡ്-19 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
തന്റെ ഗ്രാമത്തിലെ ഏകദേശം ആയിരം പേരുടെ ചുമതലയുള്ള സുനിതയുടെ പുതിയ ഉത്തരവാദിത്തങ്ങളിൽ ഓരോ കുടുംബത്തിലും എല്ലാ കുടുംബാംഗങ്ങളുടെയും പ്രായം, ആരെങ്കിലും രാജ്യത്തിന് പുറത്തുനിന്ന് മടങ്ങിയെത്തിയിട്ടുണ്ടോ, കോവിഡ്-19 ബാധിക്കാൻ ഉയർന്ന അപകടസാധ്യതയുള്ളവരുടെ - കാൻസർ, ക്ഷയം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരുടെ - ആരോഗ്യസ്ഥിതി എന്നിവ ഉൾപ്പെട്ട വിവരങ്ങളുടെ രേഖകളുണ്ടാക്കുക എന്നതും പെടുന്നു. “ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ അല്ലെങ്കിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ആർക്കെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച് ഞാൻ കുറിപ്പ് തയ്യാറാക്കുന്നു. ഇതത്ര ബുദ്ധിമുട്ടുള്ള ജോലിയല്ല. വിശദമായ റെക്കോർഡ് സൂക്ഷിക്കൽ എനിക്ക് ശീലമാണ്, എന്നാലിപ്പോൾ സാഹചര്യങ്ങൾ പൂർണ്ണമായും മാറിയിരിക്കുന്നു,” സുനിത പറഞ്ഞു.




