“ഞാനാണ്, ഞാനാണ്..”മറ്റുള്ളവരേക്കാൾ മുമ്പേ ഉത്തരം പറയാൻ അമൻ മുഹമ്മദിന് ഉത്സാഹമായിരുന്നു. ഈ വർഷത്തെ വിനായക ചാവിതിക്കുള്ള പന്തൽ നിർമ്മാണത്തിന്റെ മുഖ്യസംഘാടകൻ ആരാണെന്ന് പത്തുപന്ത്രണ്ടോളം കുട്ടികളോട് ഞാൻ ചോദിച്ചപ്പോഴാണ് അവന്റെ മറുപടി വന്നത്. “അവർ സ്വന്തമായി 2,000 രൂപ ശേഖരിച്ചു”, സംഘത്തിലെ മുതിർന്ന കുട്ടി ടി.രാഗിണി പറഞ്ഞു. അതിനാൽ, ആരും അമന്റെ അവകാശവാദത്തെക്കുറിച്ച് തർക്കമുന്നയിച്ചില്ല.
പന്തൽ സംഘാടകർ ശേഖരിച്ച 3,000 രൂപയുടെ മൂന്നിൽ രണ്ടും അവനായിരുന്നു പിരിച്ചത്. ആന്ധ്രാ പ്രദേശിലെ അനന്തപുർ പട്ടണത്തിലെ സായിനഗർ പ്രദേശത്തിലൂടെ പോവുന്ന വാഹനങ്ങളിൽനിന്ന് സംഭാവന പിരിച്ച് അവരുണ്ടാക്കിയതാണ് പന്തൽ.
ഇത് അവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ആഘോഷമാണെന്ന് അമൻ എന്നോട് പറഞ്ഞു. എനിക്ക് അത്ഭുതം തോന്നിയില്ല.
2018-ലെ ഒരു ഞായറാഴ്ച, സായ്നഗറിലെ വിനായക ചാവിതി ആഘോഷങ്ങൾ കഴിഞ്ഞ് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ നാല് കുട്ടികൾ അഭിനയിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ അവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ‘അവ്വ അപ്പാച്ചി‘ എന്ന പേരിലുള്ള ഒരു കളിയുടെ വേറൊരു രൂപമായിരുന്നു അത്. കുട്ടികളുടെ പ്രിയപ്പെട്ട വിനോദം. ഒരാൺകുട്ടി ഗണേശനായിട്ടാണ് അഭിനയിച്ചത്. ഗണേശൻ എന്ന ഹിന്ദു ദൈവത്തിന്റെ ജന്മദിനമാണ് വിനായക ചാവതി എന്ന പേരിൽ ആഘോഷിക്കുന്നത്. മറ്റ് രണ്ട് കുട്ടികൾ അവനെ തോളത്തേറ്റി ചുറ്റിനടന്ന് ഒടുവിൽ നിലത്തിറക്കി. ഗണേശവിഗ്രഹം പുഴയിൽ നിമജ്ജനം ചെയ്യുന്നത് അഭിനയിക്കുകയായിരുന്നു അവർ.
ആ കുഞ്ഞുഗണേശൻ അമൻ മൊഹമ്മദായിരുന്നു. മുകളിലുള്ള ആ കവർച്ചിത്രത്തിലെ 11 കുട്ടികളിൽ മുമ്പിലുള്ള വരിയിൽ (ഇടത്തേയറ്റം) നിൽക്കുന്നത് അവനാണ്.
ഈ വർഷം ഓഗസ്റ്റിൽ നടന്ന വിനായക ചാവിതി ആഘോഷത്തിന് അമനും സുഹൃത്തുക്കളും ചേർന്ന് ഒരു പന്തലിൽ വിനായകന്റെ വിഗ്രഹം സ്ഥാപിച്ചു. 2x2 അടി വലിപ്പമുള്ള ഒരു പന്തലായിരുന്നു അത്. ഒരുപക്ഷേ അനന്തപുരിലെ ഏറ്റവും കുഞ്ഞു പന്തലായിരിക്കണം അത്. എനിക്ക് ഫോട്ടോ എടുക്കാൻ സാധിക്കുന്നതിനുമുൻപ് അത് അഴിച്ചുമാറ്റിയിരുന്നു. വിഗ്രഹത്തിന് 1,000 രൂപയും, പന്തൽ കെട്ടാനും അലങ്കരിക്കാനും 2,000 രൂപയും ചിലവായെന്ന് കുട്ടികൾ എന്നോട് പറഞ്ഞു. സായ്നഗർ മൂന്നാമത്തെ ക്രോസ്സിനടുത്തുള്ള ദർഗ്ഗയോട് ചേർന്നായിരുന്നു പന്തൽ.







