തന്‍റെ പ്രിയപ്പെട്ട ബസ് സ്റ്റാൻഡിനെ ഓർത്ത് സുരേഷ് മെഹെന്ദലെ വ്യാകുലനാണ്. ബസ് സ്റ്റാൻഡും പരിസരവും തന്‍റെ അഭാവത്തിൽ വൃത്തിയാക്കപ്പെട്ടിട്ടില്ലായിരിക്കാം. സ്നേഹത്തോടെ താനെന്നും ബിസ്കറ്റ് കൊടുക്കാറുള്ള പട്ടികുഞ്ഞുങ്ങൾ വിശന്നിരിക്കയാകും. പൂനെ ജില്ലയിലെ മുൽഷി താലൂക്കിലുള്ള പൗഡ് ബസ് സ്റ്റാൻഡിലെ വിവരശേഖരണ ബൂത്ത് ഒരു മാസത്തിലധികമായി പൂട്ടിയിട്ടിരിക്കയാണ്. പൗഡിലൂടെ പോകുന്ന സർക്കാർ വക സംസ്ഥാന ട്രാൻസ്‌പോർട്ട് ബസുകളുടെ വരവും പോക്കുമെല്ലാം അയാൾ അവിടെയിരുന്നുകൊണ്ടാണ് ഏകോപിപ്പിക്കാറുള്ളത്.
"കഴിഞ്ഞ 28 ദിവസങ്ങളായി ഞാൻ പൗഡിൽ പോയിട്ടില്ല. അവിടെ എല്ലാം നന്നായിരിക്കുന്നെന്നു ഞാൻ പ്രതീക്ഷിക്കുന്നു". അദ്ദേഹത്തിന്‍റെ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 35 കിലോമീറ്ററോളം അകലെയുള്ള പൂനെ പട്ടണത്തിലെ സ്വാർഗേറ്റ് ബസ് ഡിപ്പോയിൽ വച്ച് നവംബർ 26 ന് കണ്ടുമുട്ടിയപ്പോൾ 54 വയസുള്ള മെഹെന്ദലെ എന്നോട് പറഞ്ഞു. അദ്ദേഹം മഹാരാഷ്ട്ര സംസ്‌ഥാന റോഡ് ഗതാഗത കോർപ്പറേഷനിലെ (എം.എസ്.ആര്‍.റ്റി.സി.) തന്‍റെ സഹപ്രവർത്തകരോടൊപ്പം ഡിപ്പോയുടെ പ്രവേശന കവാടത്തിനരികിലെ ടെന്‍റിൽ സമരം ചെയ്തുവരികയാണ്. സംസ്‌ഥാനത്തെ എം.എസ്.ആര്‍.റ്റി.സി.ക്കു കീഴിലുള്ള മുഴുവൻ തൊഴിലാളികളും ഈ വർഷം ഒക്ടോബർ 27 മുതൽ അനിശ്ചിതകാല സമരത്തിലാണ്.
പൂനെയിലെ സംസ്ഥാന ഗതാഗത സംവിധാനത്തിന് കീഴിൽ ജോലിചെയ്യുന്ന 250-ഓളം കണ്ടക്ടർമാരും, 200-ഓളം ഡ്രൈവർമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. "ഏതാനും ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ മരണങ്ങൾക്കെതിരെ (ആത്മഹത്യകൾ) തുടങ്ങിയതാണ് ഈ സമരം. കഴിഞ്ഞ വർഷം ഏതാണ്ട് 31-ഓളം ട്രാൻസ്‌പോർട്ട് ജീവനക്കാർ ജീവനൊടുക്കിയിട്ടുണ്ട്," മെഹെന്ദലെ വിശദീകരിച്ചു. അദ്ദേഹത്തെ കണ്ടുമുട്ടിയ 3 ദിവസങ്ങൾക്കുള്ളിൽ രണ്ടു ജീവനക്കാർ കൂടി ആത്‍മഹത്യ ചെയ്തിരുന്നു. കൃത്യമായി ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും കോവിഡിന്‍റെ വരവോടെ സാഹചര്യം വീണ്ടും വഷളായി. ചരക്ക് ഗതാഗതമല്ലാതെ കോർപ്പറേഷന് മറ്റ് വരുമാനമാർഗ്ഗങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല.








