ശാന്തിലാൽ, ഷാന്തു, ടിന്യോ: മൂന്ന് പേരുകൾ - ഒരേയൊരാൾ. എങ്കിലും നമുക്കയാളെ നാലാമത്തെ പേര് മതി. സബർഖണ്ഡ ജില്ലയിൽ വഡാലി ഗ്രാമത്തിലെ നാട്ടുഭാഷയിൽ അത് ഷോന്തു എന്നായി മാറും. അതിനാൽ നമുക്കയാളെ ആ പേര് വിളിക്കാം.
അനിതരസാധാരണമായ ഒരു സ്വഭാവക്കാരനാണ് ഷോന്തു. അസാധാരണവ്യക്തിത്വം, അനന്യൻ, പ്രസിദ്ധൻ തുടങ്ങിയ വിശേഷണങ്ങളല്ല ഉദ്ദേശിച്ചത്. മറിച്ച്, ശരിയുടെ പാതയിൽ ചലിക്കുന്നവർ, ദരിദ്രൻ, അധസ്ഥിതൻ അഥവാ ദളിതൻ എന്നൊക്കെയുള്ള അർത്ഥത്തിൽ. അതിജീവിക്കുന്നതും പീഡ അനുഭവിക്കുന്നതും ക്രമം തെറ്റിയതുമായ ഒരു സ്വഭാവവിശേഷക്കാരൻ എന്നാണ് അതിന്റെ അർത്ഥം. ചിലപ്പോൾ തോന്നും, അയാൾക്ക് അസ്തിത്വമേയില്ലെന്ന്, മറ്റ് ചിലപ്പോൾ, ഒരു സാധാരണ മനുഷ്യജീവിക്ക് ആവശ്യമുള്ളതിനേക്കാൾ വളരെക്കുറച്ചുമാത്രം ജീവിക്കുന്ന ഒരാളാണെന്നും തോന്നും.
ആറുപേരോടൊപ്പമാണ് - അച്ഛനമ്മമാർ, ജ്യേഷ്ഠൻ, രണ്ട് ഇളയ സഹോദരിമാർ - ദാരിദ്ര്യത്തിൽ അയാൾ ജീവിച്ചുവളർച്ചത്. കുടുംബത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ എന്നന്നേക്കുമായി വെട്ടിക്കുറയ്ക്കേണ്ടിവന്നു. അച്ഛനമമ്മമാരും മുതിർന്ന രണ്ട് സഹോദരന്മാരും ചേർന്ന് രണ്ടുനേരം കഴിക്കാനുള്ള അന്നത്തിനുള്ള വക ഒപ്പിച്ചു. അച്ഛൻ ചരക്കുകൾ കൊണ്ടുപോകാനുള്ള ഒരു മെറ്റഡോർ വണ്ടി ഓടിച്ചിരുന്നുവെങ്കിലും അതിൽ ആളുകളെയൊന്നും കൊണ്ടുപോയിരുന്നില്ല. അതിനാൽ അധികവരുമാനം ഉണ്ടായിരുന്നില്ല. അമ്മ ദിവസക്കൂലിക്ക് പോയിരുന്നു. ചിലപ്പോൾ ജോലിയുണ്ടാകും. ചിലപ്പോൾ ഇല്ല. അച്ഛൻ മദ്യപാനിയായിരുന്നില്ല എന്നതും, വീട്ടിൽ വലിയ ബഹളങ്ങളൊന്നും ഇല്ലായിരുന്നു എന്നതും വലിയ അനുഗ്രഹമായി. പക്ഷേ ഷോന്തു അത് വൈകിയാണ് തിരിച്ചറിഞ്ഞതെന്ന് മാത്രം.
വഡാലിയിലെ ശാരദ ഹൈസ്കൂളിൽ ഷോന്തു ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്രാമത്തിൽ സർക്കസ് വന്നത്. ടിക്കറ്റിന് മുന്തിയ വിലയായിരുന്നെങ്കിലും സ്കൂൾ കുട്ടികൾക്ക് അഞ്ച് രൂപയ്ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നു. അതുപോലുമെടുക്കാൻ ഷോന്തുവിന്റെ കൈയ്യിലുണ്ടായിരുന്നില്ല. “എണീറ്റ് നിൽക്ക്”, ടീച്ചർ ആജ്ഞാപിച്ചു. “എന്താ കുട്ടീ, പൈസ കൊണ്ടുവരാതിരുന്നത്?” ടീച്ചറിന്റെ ശബ്ദത്തിൽ കരുണയുണ്ടായിരുന്നു. “ടീച്ചർ, അച്ഛന് സുഖമുണ്ടായിരുന്നില്ല. അമ്മയ്ക്ക് പരുത്തിയന്ത്രപ്പണിയിൽനിന്ന് ശമ്പളവും കിട്ടിയിരുന്നില്ല”, ഷോന്തു കരയാൻ തുടങ്ങി.
അടുത്ത ദിവസം അവന്റെ സഹപാഠി കുസും പത്താൻ, ‘റമദാന് അനുഗ്രഹം നേടാൻ’ എന്ന പേരിൽ അവന് 10 രൂപ കൊടുത്തു. “ഞാൻ തന്ന പൈസകൊണ്ട് നീ എന്ത് ചെയ്തു?”, പിറ്റേ ദിവസം കുസും ചോദിച്ചു. “ഞാൻ അഞ്ച് രൂപ സർക്കസിന് ചിലവാക്കി. അഞ്ചുരൂപ വീട്ടിലെ ആവശ്യങ്ങൾക്ക് കൊടുത്തു”, സത്യസന്ധതയോടെ ഷോന്തു മറുപടി പറഞ്ഞു. കുസും, റംദാൻ, ഷോന്തു, സർക്കസ് – നന്മയുള്ള ഒരു ലോകം.
അവൻ 11-ആം ക്ലാസ്സിലായപ്പോഴാണ് മണ്ണുകൊണ്ടുള്ള വീട്, ഇഷ്ടികയും സിമന്റുംകൊണ്ടുള്ളതാക്കി പുതുക്കിയത്. പ്ലാസ്റ്റർ തേച്ചിരുന്നില്ലെങ്കിലും. അത് അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. ദിവസക്കൂലിക്ക് ഒരു കല്ലാശാരിയെ വിളിച്ചു. ബാക്കിയുള്ള ജോലിയെല്ലാം കുടുംബാംഗങ്ങൾതന്നെ ചെയ്തു. ധാരാളം സമയമെടുത്തു ആ പണിക്ക്. അപ്പോഴേക്കും അവസാനപരീക്ഷയ്ക്കുള്ള സമയമായി. ഹാജർനില കുറവായിരുന്നു അവന്. പ്രധാനാധ്യപകനോട് സാഹചര്യങ്ങൾ വിശദീകരിച്ചും കേണപേക്ഷിച്ചും ഒടുവിൽ പരീക്ഷയെഴുതാൻ അവന് അനുവാദം കിട്ടി.
ക്ലാസ്സ് 12-ലേക്ക് അവനെത്തി. കൂടുതൽ നന്നായി പഠിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഷോന്തു നന്നായി അദ്ധ്വാനിച്ചുവെങ്കിലും അപ്പോഴേക്കും അമ്മ അസുഖബാധിതയായി. അസുഖം പെട്ടെന്ന് മൂർച്ഛിക്കുകയും, അവന്റെ പരീക്ഷയ്ക്ക് മുമ്പ് മരിക്കുകയും ചെയ്തു അമ്മ. ആ വേദനയും നഷ്ടവും 18 വയസ്സുകാരന് സഹിക്കാവുന്നതിലപ്പുറമായിരുന്നു. വരാൻ പോകുന്ന പരീക്ഷകളുടെ സമ്മർദ്ദം അവൻ തിരിച്ചറിഞ്ഞു. എത്ര അദ്ധ്വാനിച്ചിട്ടും രക്ഷയുണ്ടായില്ല. 65 ശതമാനം മാത്രം മാർക്ക് കിട്ടി. ഉപരിപഠനത്തിനുള്ള മോഹം ഷോന്തു ഉപേക്ഷിച്ചു.
വായിക്കാൻ വലിയ ഇഷ്ടമായിരുന്നതുകൊണ്ട് പബ്ലിക്ക് ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുവരിക പതിവായിരുന്നു. അവന്റെ താത്പര്യം കണ്ട്, ഒരു സുഹൃത്ത്, അവനോട് വഡാലി ആർട്ട്സ് കൊളേജിൽ ചരിത്രത്തിൽ ബിരുദപഠനത്തിന് ശ്രമിക്കാൻ നിർബന്ധിച്ചു. “വലിയ ചില പുസ്തകങ്ങൾ നിനക്ക് വായിക്കാൻ സാധിക്കും”, സുഹൃത്ത് പറഞ്ഞു. കൊളേജിൽ ചേർന്നെങ്കിലും, പുസ്തകമെടുക്കാനും തിരിച്ചുകൊടുക്കാനും മാത്രമേ അവൻ കൊളേജിൽ പോയിരുന്നുള്ളു. ദിവസത്തിൽ ബാക്കിയുള്ള സമയം അവൻ പരുത്തിയന്ത്രത്തിൽ പണിയെടുക്കാൻ പോയി.
അവന്റെ പഠനഫലങ്ങൾ കണ്ടപ്പോൾ പ്രൊഫസ്സർ അവനോട് സ്ഥിരമായി കൊളേജിൽ വരാൻ അഭ്യർത്ഥിച്ചു. ഷോന്തു പഠനം ആസ്വദിക്കാനും തുടങ്ങി. അവന്റെ മൂന്നാം വർഷമായിരുന്നു അത്. നന്നായി വായിക്കുന്ന കുട്ടികൾക്ക് ഒരു മെറിറ്റ് സർട്ടിഫിക്കറ്റ് കൊടുക്കാൻ വഡാലി ആർട്ട്സ് കൊളേജ് തീരുമാനിച്ചപ്പോൾ ഷോന്തുവിന് അത് ലഭിച്ചു. “എപ്പോഴാണ് നിനക്ക് ലൈബ്രറിയിൽ പോകാനും പുസ്തകങ്ങളെടുക്കാനും സമയം കിട്ടുന്നത് ശാന്തിലാൽ?” അത്ഭുതത്തോടെ അവന്റെ പ്രൊഫസ്സർ ചോദിച്ചു. 2003-ൽ 66 ശതമാനം മാർക്കോടെ അവൻ ബി.എ. പാസ്സായി.







