എല്ലാദിവസവും രാവിലെ ശേഖ് കുടുംബം മുഴുവന്‍ ജോലിക്ക് തയ്യാറാകുന്നു. മദ്ധ്യശ്രീനഗറിലെ ബടര്‍മാലൂ പ്രദേശത്തെ ചേരികോളനിയില്‍ സ്ഥിതിചെയ്യുന്ന തന്‍റെ വീട്ടില്‍നിന്നും ഫാത്തിമ രാവിലെ 9 മണിക്കിറങ്ങി വൈകുന്നേരം 5 മണിവരെ ഏതാണ്ട് 20 കിലോമീറ്ററോളം ഒഴിഞ്ഞ കുപ്പികളും കാര്‍ഡ്ബോര്‍ഡുകളും പെറുക്കാൻ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടുന്നു. അവരുടെ ഭര്‍ത്താവ് മൊഹമ്മദ് കുര്‍ബാന്‍ ശേഖ്, ചിലപ്പോള്‍, ഒഴിവാക്കപ്പെട്ട സാധനങ്ങള്‍ അന്വേഷിച്ച് നഗരപരിധിക്കപ്പുറം 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള പട്ടണങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കുന്നു. ഒരുമുച്ചക്ര സൈക്കിള്‍റിക്ഷയാണ് അതിനായി ഉപയോഗിക്കുന്നത്. അതിന്‍റെ പിന്നില്‍ സാധനങ്ങള്‍ ശേഖരിക്കാനായി ടെമ്പോ പോലെയുള്ള ഒരു പെട്ടിയും കാണും. 17 മുതല്‍ 21 വയസ്സുവരെ പ്രായമുള്ള അവരുട രണ്ട് പുത്രന്മാരും മകളും ശ്രീനഗറില്‍നിന്നും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നു.
ശ്രീനഗറിലെ വീടുകളും ഹോട്ടലുകളും നിര്‍മ്മാണ സ്ഥലങ്ങളും പച്ചക്കറിച്ചന്തകളും മറ്റുസ്ഥലങ്ങളും പ്രതിദിനം ഉത്പാദിപ്പിക്കുന്ന 450-500 ടണ്‍ മാലിന്യങ്ങളുടെ (ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ കണക്ക് പ്രകാരം) ചെറിയൊരുഭാഗം നീക്കംചെയ്യാന്‍ ഈ 5 പേരുടെയും പ്രവൃത്തികൾ സഹായകരമാകുന്നു
ശേഖ് കുടുംബം (കൂടാതെ പാഴ്വസ്തുക്കൾ പെറുക്കുന്ന മറ്റനേകരും) മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ മാലിന്യ നിയന്ത്രണ പ്രക്രിയയുമായി ഔപചാരികമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരല്ല. നഗരത്തിലെ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും നീക്കംചെയ്യുന്നതിനുമായി ഏകദേശം 4,000 ശുചീകരണ തൊഴിലാളികളെ മുഴുവന്‍ സമയത്തേക്കോ കരാറടിസ്ഥാനത്തിലോ നിയമിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ കമ്മീഷണറായ അത്ഹര്‍ ആമിര്‍ ഖാന്‍ പറഞ്ഞു. “പഴയ വസ്തുക്കള്‍ ശേഖരിക്കുന്നവരാണെങ്കിലും ഞങ്ങളുടെ ഏറ്റവുംനല്ല സുഹൃത്തുക്കളാണ്”, ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ചീഫ് സാനിറ്റേഷന്‍ ഓഫീസറായ നസീര്‍ അഹ്മദ് പറഞ്ഞു. “100 വര്‍ഷങ്ങള്‍കൊണ്ടുപോലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവര്‍ നീക്കുന്നു.”
പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ ‘സ്വയംതൊഴില്‍’ ചെയ്യുന്നവരാണെന്ന് മാത്രമല്ല ഒരുതരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് വളരെ അപകടകരമായ അവസ്ഥകളില്‍ അവര്‍ ജോലി ചെയ്യുന്നത്. കോവിഡ്-19 മഹാമാരിനിമിത്തം അവ ഒട്ടും സുരക്ഷിതമല്ലാതാകുന്നു. “ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഞാന്‍ ജോലി പുനരാരംഭിച്ചു [2021 ജനുവരിയില്‍ ലോക്ക്ഡൗണുകള്‍ക്ക് ഇളവുകള്‍ ആരംഭിച്ചശേഷം]. എന്‍റെ കുടുംബത്തെ ഊട്ടുക എന്ന ശുദ്ധമായ ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ജോലി ചെയ്യുന്നത്, അസുഖം എന്നെ ബാധിക്കില്ലെന്നും അറിയാം...”, 40-കാരിയായ ഫാത്തിമ പറഞ്ഞു.






















