“ഇല്ല, ഞങ്ങളെ നിരോധനാജ്ഞയുടെ പരിധിയിൽ പെടുത്തിയിട്ടില്ല. ഒരു ദിവസത്തെ അവധി പോലും ഞങ്ങൾക്ക് എടുക്കാൻ കഴിയില്ല. എല്ലാറ്റിനുമുപരി ജനങ്ങൾ സുരക്ഷിതരായിരിക്കണം – അതിനുവേണ്ടി ഞങ്ങൾക്ക് നഗരം വൃത്തിയാക്കുന്നത് തുടരേണ്ടതുണ്ട്”, ചെന്നൈയിലെ ആയിരം വിളക്കുകള്‍ പ്രദേശത്തെ ശുചീകരണ തൊഴിലാളിയായ ദീപിക പറഞ്ഞു.
മാർച്ച് 22-ന് ‘ജനതാ കർഫ്യൂ’ നിമിത്തം രാജ്യത്തെ മുഴുവൻ ജനങ്ങളും ഏതാണ്ട് വീടുകളിലായിരുന്നു - ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജീവനക്കാരോട് ‘നന്ദി’ പ്രകടിപ്പിക്കുന്നതിനായി വൈകുന്നേരം അഞ്ചുമണിക്ക് കൂടിച്ചേർന്ന ആളുകളുടെ കൂട്ടം ഒഴിച്ചു നിർത്തിയാൽ. നന്ദി ചൊരിയപ്പെട്ട വിഭാഗങ്ങളിൽ പെടുന്നതായി കരുതപ്പെടുന്ന ശുചീകരണ തൊഴിലാളികൾ നഗരം തൂത്തും വൃത്തിയാക്കിയും പകൽ മുഴുവൻ ജോലി ചെയ്തു. “ഞങ്ങളുടെ സേവനങ്ങൾ ഇപ്പോൾ കൂടുതൽ വിലപ്പെട്ടതാണ്”, ദീപിക പറഞ്ഞു. "ഈ തെരുവുകളിൽ നിന്നും ഞങ്ങൾക്ക് വൈറസുകളെ തുടച്ചു നീക്കേണ്ടതുണ്ട്.”
മറ്റേതൊരു ദിവസവും പോലെ ദീപികയും മറ്റുള്ളവരും സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ തെരുവുകൾ വൃത്തിയാക്കുകയായിരുന്നു. എന്നാൽ, മറ്റു മിക്ക ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ സാധാരണ നിലവിട്ട് കൂടുതൽ വഷളായി. ദേശീയ വ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കിയതിനാൽ അവരിൽ പലരും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങളിൽ ബുദ്ധിമുട്ടി യാത്ര ചെയ്ത് ജോലിക്കെത്താൻ നിർബന്ധിതരായി. ചിലർ ജോലി സ്ഥലത്തെത്താൻ കിലോമീറ്ററുകളോളം നടന്നു. “അകലെയുള്ള എന്‍റെ സഹപ്രവർത്തകർക്ക് എത്താൻ കഴിയാതിരുന്നതിനാൽ മാർച്ച് 22-ന് സാധാരണ ദിവസങ്ങളിലുള്ളതിലുമധികം തെരുവുകൾ എനിക്ക് വൃത്തിയാക്കേണ്ടിവന്നു”, ദീപിക പറഞ്ഞു.
ഈ ഫോട്ടോഗ്രാഫുകളിൽ കാണുന്ന മിക്ക സ്ത്രീകളും മദ്ധ്യ-ദക്ഷിണ ചെന്നൈയിലെ വിവിധ പ്രദേശങ്ങളായ ആയിരം വിളക്കുകള്‍, ആൽവാർപേട്ട് എന്നിവ പോലെയുള്ള സ്ഥലങ്ങളിലും അണ്ണാ സാലൈയിലെ ഒരു മേഖലയിലും ജോലി ചെയ്തു കൊണ്ടിരിക്കുന്നു. പ്രധാനമായും വടക്കൻ ചെന്നൈയിലെ വീടുകളിൽ നിന്നും യാത്രചെയ്തു വേണം ഈ സ്ത്രീകൾക്ക് ഇപ്പറഞ്ഞ സ്ഥലങ്ങളിൽ എത്താൻ.
വിചിത്രമായ രീതിയിലുള്ള ഒരു ഉപകാരസ്മരണയാണ് അവർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലാളികൾ ആരോപിക്കുന്നത് മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ അവർക്ക് അവധി എടുക്കാൻ സാധിക്കുന്നില്ല എന്നാണ്. "സ്വന്തം നിലയിൽ ജോലിക്ക് വരാതിരിക്കുകയാണെങ്കിൽ ജോലി നഷ്ടപ്പെടുമെന്നാണ് അവരോടു പറഞ്ഞിരിക്കുന്നത്”, സി.ഐ.റ്റി.യു.വുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചെന്നൈ കോർപ്പറേഷൻ റെഡ് ഫ്ലാഗ് യൂണിയന്‍റെ ജനറൽ സെക്രട്ടറി ബി. ശ്രീനിവാസുലു പറഞ്ഞു. ഗതാഗത സൗകര്യത്തിനായി ബസുകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ പോലും അവ ആവശ്യത്തിനില്ലെന്നും പലപ്പോഴും താമസിച്ചാണോടുന്നതെന്നും ശ്രീനിവാസുലു പറഞ്ഞു. അങ്ങനെ മാലിന്യങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന ലോറികൾ യാത്രയ്ക്കായി ഉപയോഗിക്കാൻ തൊഴിലാളികൾ നിർബ്ബന്ധിതരാകുന്നു. പ്രതിമാസം 9,000 രൂപയാണ് ശുചീകരണ തൊഴിലാളികൾക്ക് ലഭിക്കുന്നത്. പക്ഷെ, ദിവസേന 60 രൂപ വീതം യാത്രയ്ക്കായി അവർക്കു ചിലവാകുന്നു. കർഫ്യൂ, ലോക്ക്ഡൗൺ സമയങ്ങളിൽ സർക്കാർ ബസുകളോ കോർപ്പറേഷൻ ക്രമീകരിച്ചിട്ടുള്ള വാഹനങ്ങളോ ലഭിക്കാത്തവർ മുഴുവൻ ദൂരവും നടക്കാൻ നിർബ്ബന്ധിതരാവുന്നു.



















