ഏത് ഭാഷയിലാണ് ഒരമ്മ സ്വപ്നം കാണുന്നത്? ഗംഗ മുതൽ പെരിയാർവരെയുള്ള തീരങ്ങളിൽ താമസിക്കുന്ന തന്റെ മക്കളോട് ഏത് ഭാഷയിലാണ് അവൾ സംസാരിക്കുക? ഓരോ സംസ്ഥാനത്തേക്കും, ജില്ലയിലേക്കും ഗ്രാമത്തിലേക്കും വരുമ്പോൾ അവളുടെ നാവിന്റെ നിറം മാറുന്നുണ്ടോ? ആയിരക്കണക്കിന് ഭാഷകൾ, ലക്ഷക്കണക്കിന് വാമൊഴികൾ, അതെല്ലാം അവൾക്ക് അറിയാമെന്ന് വരുമോ? വിദർഭയിലെ കൃഷിക്കാരോടും, ഹത്രാസിലെ കുട്ടികളോടും, ദിണ്ടിഗലിലെ സ്ത്രീകളോടും ഏത് ഭാഷയിലാണ് അവൾ സംസാരിക്കുക? ശ്രദ്ധിച്ചുകേൾക്കൂ! ചുവന്ന മണ്ണിൽ ചെവി ചേർത്തുവെക്കൂ. മലമുകളിൽ, മുഖത്തേക്ക് വീശുന്ന കാറ്റേറ്റ് നിൽക്കുമ്പോൾ ശ്രദ്ധിച്ച് കേൾക്കുക! അവളെ, അവളുടെ കഥകളെ, പാട്ടുകളെ, വിലാപങ്ങളെ കേൾക്കാൻ സാധിക്കുന്നുണ്ടോ? എന്നോട് പറയൂ, അവളുടെ ഭാഷ തിരിച്ചറിയാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ? എനിക്ക് കേൾക്കാൻ കഴിയുന്നതുപോലെ, ഒരു താരാട്ട് അവൾ പാടുന്നത് നിനക്ക് കേൾക്കാനാവുന്നുണ്ടോ?
നാവുകൾ
എന്റെ നാവിലൂടെ ഒരു
കഠാര ആഴ്ന്നിറങ്ങുന്നു
അതിന്റെ മൃദുലമായ പേശികളിൽ
മൂർച്ചയുള്ള അരികുകൾ
സ്പർശിക്കുന്നു
എനിക്ക് സംസാരിക്കാനാവുന്നില്ല
കഠാര എന്റെ വാക്കുകളെ
പിടിച്ചുവെച്ചിരിക്കുന്നു,
എന്റെ അക്ഷരങ്ങളെ, പാട്ടുകളെ,
കഥകളെ,
അറിഞ്ഞതും അനുഭവിച്ചതുമായ
എല്ലാത്തിനേയും
മുറിവേറ്റ ഈ നാവ്
ഒരു രക്തപ്പുഴ
വായിൽനിന്ന് നെഞ്ചിലേക്കും,
പൊക്കിളിലേക്കും, ലിംഗത്തിലേക്കും
ദ്രാവിഡന്റെ വളക്കൂറുള്ള
മണ്ണിലേക്കും
ഒഴുകുന്നു
നാവിനെപ്പോലെ, ഭൂമിയും
നനഞ്ഞ്, ചുവക്കുന്നു
ഓരോ രക്തത്തുള്ളിയും
കറുത്ത മണ്ണിൽനിന്ന്
മറ്റൊരു ചുവന്ന പുൽക്കൊടിക്ക്
ജന്മം നൽകുന്നു
അവയ്ക്കടിയിൽ നൂറായിരം
നാവുകൾ
ആയിരങ്ങൾ, ദശലക്ഷങ്ങൾ.
പുരാതന ഖബറിടങ്ങളിൽനിന്ന്
മരിച്ചവ ഉയിർത്തെഴുന്നേൽക്കുന്നു.
വിസ്മരിക്കപ്പെട്ടവയാകട്ടെ,
അമ്മയ്ക്കറിയാമായിരുന്ന
പാട്ടുകൾ പാടി,
കഥകൾ പറഞ്ഞ്,
വസന്തത്തിലെ പൂക്കളെപ്പോലെ
പൊട്ടിമുളയ്ക്കുന്നു.
എന്റെ നാവിലൂടെ കഠാര
ആഴ്ന്നിറങ്ങുന്നു
തേഞ്ഞ അരികുകൾ
നാവുകളുടെ നാട്ടിലെ
പാട്ടുകളെയോർത്ത്
ഭയന്ന് വിറയ്ക്കുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്