"എന്തുകൊണ്ടാണ് എനിക്ക് റേഷൻ കടയിൽനിന്ന് അരി കിട്ടാത്ത്?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു.
വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു.
ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചതിനുശേഷം 2016 ഒക്ടോബർമുതൽ പതാൻ മഹമ്മദ് അലി ഖാന് റേഷൻ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 52-കാരനും പച്ചക്കറി കച്ചവടക്കാരനുമായ അലി ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചത് ആന്ധ്രപ്രദേശ് സർക്കാർ നിർബന്ധിത നിർദേശം നൽകിയതോടെയാണ്. അതിനുശേഷം ആഴ്ചകൾക്കുള്ളിൽ അനന്ദ്പൂർ ജില്ലയിലെ അമഡാഗൂർ മണ്ഡലത്തിലെ തുമ്മല വില്ലേജിലെ റേഷൻ കടയിലെ പൊതുവിതരണ സംവിധാനത്തിൽ അലി പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി.
അലിയെപ്പോലെ, ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) റേഷൻ കാർഡുടമകൾ കടയിലെത്തുമ്പോൾ കാർഡ് നമ്പർ ചെറുയന്ത്രത്തിൽ അപ്ലോഡ് ചെയ്യും. തുടർന്ന് കാർഡിലെ അംഗങ്ങളുടെ പട്ടിക യന്ത്രത്തിൽ പ്രത്യക്ഷപ്പെടും. റേഷൻ വാങ്ങാനെത്തിയത് ആരാണോ, അയാളുടെ വിരിടയാളവും നൽകണം. യന്ത്രത്തിൽ കാണിക്കുന്ന അംഗങ്ങളുടെ എണ്ണം അനുസരിച്ചാണ് കടയുടമ റേഷൻ നൽകുന്നത്. പക്ഷേ റേഷൻ കാർഡിലെ അലിയുടെ പേര് ഓൺലൈൻ സംവിധാനങ്ങളിൽനിന്ന് പൂർണമായും അപ്രത്യക്ഷ്യമായിരുന്നു. "ഞാൻ പല തവണ പോയി അന്വേഷിച്ചു. പക്ഷേ എന്റെ പേര് കിട്ടിയില്ല”, അലി പറഞ്ഞു."ഞങ്ങളുടെ കാർഡ് നമ്പർ നൽകുമ്പോൾ അഞ്ച് പേരുകൾ ഉണ്ടാകേണ്ടതാണ്. പക്ഷേ നാലെണ്ണം മാത്രമാണ് കാണുക. എന്റെ പേര് ഉണ്ടാകില്ല. പേരുണ്ടെങ്കിൽ മാത്രമേ വിരലടയാളം ചേർക്കാനും പറ്റൂ”.










