ഇന്ന്, വീണ്ടുമൊരിക്കൽക്കൂടി, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ ലോകപരിഭാഷാദിനത്തേയും, മറ്റേതൊരു പത്രപ്രവർത്തന വെബ്ബിലേതിനേക്കാളും മികവുറ്റ ഞങ്ങളുടെ പരിഭാഷാസംഘത്തേയും ആഘോഷിക്കുകയാണ്. ഞാനറിഞ്ഞിടത്തൊളം, ലോകത്തിലെ ഏറ്റവും സമഗ്രമായ ബഹുഭാഷാ പത്രപ്രവർത്തനമാണ് പാരിയുടേത്. ഈ പ്രസ്താവന തെറ്റാണെന്ന് ബോധ്യം വന്നാൽ തിരുത്താനും എനിക്ക് സന്തോഷമേയുള്ളു. 170 പരിഭാഷകരിലൂടെ, ഭാഷകളിലായി പാരി പ്രസിദ്ധീകരണം നിർവ്വഹിക്കുന്നു. 40 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങളുണ്ടെന്നത് ശരിയാണ്. പക്ഷേ അവയിലെല്ലാം ശക്തമായ ഒരു അധികാരശ്രേണി നിലവിലുണ്ട്. ചില ഭാഷകൾക്ക് മറ്റുള്ളവയേക്കാൾ പരിഗണയുമുണ്ട്.
‘എല്ലാ ഇന്ത്യൻ ഭാഷയും നിങ്ങളുടെ ഭാഷയാണ്’ എന്ന തത്ത്വത്തിൽ അധിഷ്ഠിതമാണ് ഞങ്ങളുടെ പ്രസിദ്ധീകരണദൌത്യം. എല്ലാ ഭാഷകൾക്കും തുല്യതയുണ്ടെന്നാണ് ഇതിന്റെയർത്ഥം. ഒരു ഭാഷയിൽ ഒരു എഴുത്ത് വന്നാൽ, അത് മറ്റ് 14 ഭാഷകളിലും വന്നുകാണണമെന്നൊരു നിർബന്ധമാണ് ഞങ്ങളെ നയിക്കുന്നത്. പാരി കുടുംബത്തിലേക്ക് ഈ വർഷം വന്നുചേർന്ന ഭാഷ ചത്തീസ്ഗർഹിയാണ്. ഭോജ്പുരിയുടേതാണ് അടുത്ത ഊഴം.
ഒരു സമൂഹം സമഗ്രമാകാൻ, ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ മൂന്നോ നാലോ കിലോമീറ്ററിലും ജലത്തിന് ഓരോരോ രുചിയാണെന്ന ഒരു പഴയ പറച്ചിലിന്, നമ്മുടെ ഈ രാജ്യത്തിന്റെ ഭാഷാവൈവിധ്യം കാരണമായിട്ടുണ്ടെങ്കിൽ, അത് മറ്റൊരുവിധത്തിലും പറയാമെന്ന് തോന്നുന്നു. ഓരോ 12-15 കിലോമീറ്ററിലും നിങ്ങൾക്ക് വ്യത്യസ്തമായൊരു വാമൊഴി കേൾക്കാം എന്നോ മറ്റോ.
പക്ഷേ അക്കാര്യത്തിൽ ഇനി നമുക്ക് അലംഭാവം സാധ്യമല്ല. 800-ഓളം സജീവമായ ഭാഷകളുള്ള ഈ രാജ്യത്ത്, കഴിഞ്ഞ 50 വർഷത്തിനുള്ളിൽ 225-ഓളം വാമൊഴികൾ മൃതിയടഞ്ഞതായി പീപ്പിൾസ് ലിംഗ്വിസ്റ്റിക്ക് സർവ്വേ ഓഫ് ഇന്ത്യയുടെ കണക്ക് നിലനിൽക്കുമ്പോൾ; ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഇന്ന് ലോകത്ത് നിലവിലുള്ള സംസാരഭാഷയുടെ 90-95 ശതമാനത്തിനും വംശനാശം വരികയോ അവ ഗുരുതരമായ പ്രതിസന്ധിയിലാവുകയോ ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ അവകാശപ്പെടുമ്പോൾ; ലോകത്താകമാനം, ഓരോ ഈരണ്ടാഴ്ചകളിലും ഒരു തനതുഭാഷ മരിച്ചുകൊണ്ടിരിക്കുമ്പോൾ, അത്തരമൊരു അലംഭാവം നമുക്ക് സാധ്യമേയല്ല.


