"തിങ്കളാഴ്ച (മാർച്ച് 16) മുതൽ ഞങ്ങൾക്ക് എവിടെയും തൊഴിൽ കിട്ടുന്നില്ല. ഞാൻ എവിടെ നിന്ന് പണം കൊണ്ടുവരാനാണ്?", വന്ദന ഉംബർസഡ 5 രൂപയ്ക്കു വേണ്ടി ശാഠ്യം പിടിക്കുന്ന ഏഴുവയസ്സുകാരിയായ തന്റെ കൊച്ചുമകളോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ വാഡാ താലൂക്കിലെ പല കെട്ടിടനിർമ്മാണ സ്ഥലങ്ങളില്‍ തൊഴിൽ ചെയ്യുന്ന വന്ദന, പൽഘാർ ജില്ലയിലെ കവടേപാഡയിലുള്ള തന്റെ മുറ്റത്തിരുന്നു പറയുന്നു, "എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. എന്റെ മകൻ പറഞ്ഞത് നമുക്ക് ചുറ്റും ഒരു രോഗം പടർന്ന് പിടിക്കുന്നുണ്ടെന്നും അതുകൊണ്ട് പുറത്തു പോകരുതെന്നും വീട്ടിനുള്ളിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ്."
സമയം ഉച്ച കഴിഞ്ഞു നാല് മണിയോടടുത്തിരുന്നു. വന്ദനയുടെ വീടിന്റെ മുറ്റത്തു അവരുടെ അയൽക്കാരിൽ പലരും ഒത്തുകൂടി പല കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച്, ചർച്ച ചെയ്യുകയായിരുന്നു. അവരിൽ ഒരു പെൺകുട്ടി മാത്രം സംസാരിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കണമെന്ന് പറയുന്നുണ്ടായിരുന്നു. കവടേപാഡയിൽ അവിടുള്ളവരുടെ കണക്കനുസരിച്ചു ഏകദേശം 70 വീടുകളാണുള്ളത്. എല്ലാ കുടുംബങ്ങളും വാർളി ആദിവാസി സമുദായത്തിൽ പെടുന്നു.
സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ തുടങ്ങുന്നതുവരെ വന്ദനയും അവരുടെ അയൽക്കാരി മനിത ഉംബർസഡയും രാവിലെ എട്ടു മണിക്ക് തുടങ്ങി ഒരുമണിക്കൂറിലേറെ നടന്നു 10 കിലോമീറ്ററോളം അകലെയുള്ള വാഡാ പട്ടണത്തിന്റെ പരിസരത്തുള്ള കെട്ടിട നിർമ്മാണ സ്ഥലങ്ങളിലെത്തുമായിരുന്നു. 9 മണി മുതൽ വൈകിട്ട് 6 മണി വരെ ജോലി ചെയ്താൽ 200 രൂപ ലഭിക്കും. വന്ദന പറയുന്നത് ഇങ്ങനെ അവർ മാസത്തിൽ 4000 രൂപയോളം സമ്പാദിച്ചിരുന്നു എന്നാണ്. പക്ഷെ ഇപ്പോൾ അവർക്കു ജോലി നല്കാന് കെട്ടിട നിർമ്മാണ കരാറുകാര്‍ക്ക് സാദ്ധ്യമല്ല.
"എന്റെ ആണ്മക്കൾക്കും തൊഴിലൊന്നും കിട്ടുന്നില്ല. ഞങ്ങൾക്ക് ഭക്ഷണം മേടിക്കണം, പക്ഷെ ജോലിയില്ലാതെ ഞങ്ങൾക്ക് അതിനുള്ള പണം എവിടെനിന്നു കിട്ടാനാണ്?" അവർ ചോദിച്ചു. "കരുതിവച്ച ഭക്ഷ്യവസ്തുക്കളൊക്കെ തീരാറായി. അതും കഴിഞ്ഞാൽ കുട്ടികൾക്ക് ഞങ്ങൾ വെറും ചട്ണി മാത്രം ഉണ്ടാക്കി കൊടുക്കണോ? ഇത് എങ്ങനെയെങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു."
വന്ദനയ്ക്ക് മൂന്ന് ആണ്മക്കളും 11 കൊച്ചുമക്കളുമാണുള്ളത്. 168 ഗ്രാമങ്ങളിലായി 154,416 ജനങ്ങളുള്ള വാഡാ താലൂക്കിൽ ഇവരുടെ മക്കൾ ഇഷ്ടിക ചൂളകളിലോ കെട്ടിടനിർമ്മാണ സ്ഥലങ്ങളിലോ ജോലി ചെയ്യുന്നു. വന്ദനയുടെ ഭർത്താവ് ലക്ഷ്മൺ 15 വർഷങ്ങൾക്കു മുമ്പ് അമിത മദ്യപാനം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചു.







