33-കാരനായ ആരെതി വാസുവിന്റെ പേരിൽ 23 ക്രിമിനൽ കേസുകളാണുള്ളത്. അദ്ദേഹത്തിന്റെ അമ്മ, 55-കാരി എ. സത്യവതിയുടെ പേരിൽ എട്ടും. ആന്ധ്രാപ്രദേശിലെ തന്റെ ഗ്രാമമായ തുണ്ടുരുവിൽ, വാസു വിവിധ അനുനയനശ്രമങ്ങൾക്ക് പാത്രമായി. ഒപ്പം ഭീഷണിക്കും. മൂന്ന് തവണ ജയിലിൽ കഴിയേണ്ടിവരികയും ചെയ്തു. 2016 സെപ്റ്റംബർ മുതൽ ഇതുവരെ ആകെ 67 ദിവസം അദ്ദേഹം ജയിലിൽ കഴിഞ്ഞു. ആരെതിയുടെ അമ്മ ജയിൽവാസം അനുഭവിച്ചത് 45 ദിവസവും.
"ഒരു വിവരാവകാശം ഫയൽ ചെയ്തു എന്നതുമാത്രമാണ് ഞാൻ ചെയ്തത്”, അവൻ ലളിതമായി പറഞ്ഞു.
പക്ഷേ ആ പ്രവൃത്തിയുടെ അനന്തരഫലം സുഖകരമായിരുന്നില്ല. പോലീസ് റെയ്ഡ്, ഭീഷണിപ്പെടുത്തൽ, വീടുകളിൽനിന്ന് ആളുകളെ വലിച്ചിഴച്ച് കസ്റ്റഡിയിൽ പാർപ്പിക്കൽ എന്നിവ ഇപ്പോൾ തുണ്ടുരുവിൽ സാധാരണമാണ്. അയൽഗ്രാമങ്ങളായ ഭീമവാരം മണ്ഡലത്തിലെ ജോന്നലഗരുവിലും നരസാപൂർ മണ്ഡലത്തിലെ കെ ബെത്തപുഡിയിലും ഇതുതന്നെയാണ് സ്ഥിതി. ഈ മൂന്ന് മേഖലകളും പശ്ചിമ ഗോദാവരി ജില്ലയിലാണ്.
കർഷകരും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരും അടങ്ങുന്ന ഭൂരിപക്ഷം ഗ്രാമീണരും ഗോദാവരി മെഗാ അക്വ ഫുഡ് പാർക് ലിമിറ്റഡ് (ജിഎംഎഎഫ്പി) സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധത്തിലാണ്. ഈ പദ്ധതി അവരുടെ ഉപജീവനമാർഗത്തെ ബാധിക്കുന്നതിനൊപ്പം വായു, ജല മലിനീകരണത്തിനും കാരണമാകുമെന്ന് അവർക്കറിയാം. യൂറോപ്യൻ യൂണിയനിലേക്കും അമേരിക്കയിലേക്കും മത്സ്യം, ചെമ്മീൻ, ഞണ്ട് എന്നിവ കയറ്റി അയക്കുക എന്നതാണ് എ ഫുഡ് പാർക്കുകൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രദേശത്ത് രൂപംകൊണ്ട ‘ജിഎംഎഎഫ്പിയ്ക്കെതിരായ സമരസമിതി'യുടെ കണക്കുപ്രകാരം പ്രതിദിനം കുറഞ്ഞത് 1.5 ലക്ഷം ലിറ്റർ വെള്ളമെങ്കിലും ഈവിധത്തിൽ പുറന്തള്ളപ്പെടുന്നുണ്ട്. "ഓരോ ദിവസവും - 50,000 ലിറ്റർ മലിനജലം പുറന്തള്ളും”, അവർ പറയുന്നു. ജില്ലയിൽനിന്ന് കടലിലേക്കൊഴുകുന്ന ഗോണ്ടേരു ചാലിലേക്കാണ് ഈ മലിനജലം തുറന്നുവിടുന്നത്.










