ബാല്‍ക്കണിയിലെ തുളസിച്ചെടിക്ക് അരികിലായി അമ്മ ഒരു ചെറിയദീപം തെളിച്ചു. ഓര്‍മ്മവച്ചനാള്‍ മുതല്‍ എല്ലാദിവസവും വയ്കുന്നേരം അവര്‍ ഇങ്ങനെ ചെയ്യുന്നു. ഇപ്പോള്‍ 70 വയസ്സ് കഴിഞ്ഞ, പാര്‍ക്കിന്‍സണ്‍ രോഗംമൂലം കൈകാലുകള്‍ വിറയ്ക്കുന്ന, മനസ്സിന് ഭ്രമം ബാധിച്ച അവര്‍ക്ക് അവരുടെ ദീപം ഇരുണ്ടതായി തോന്നുന്നു. അപ്പാര്‍ട്ട്മെന്‍റിലെ മറ്റ് ബാല്‍ക്കണികളില്‍ ദീപാവലിയുടെ ഭാഗമായി ദീപം തെളിച്ചിരിക്കുന്നതുപോലെ തോന്നുന്നു. ഇന്ന് ദീപാവലിയാണോ? അവര്‍ അദ്ഭുതപ്പെടുന്നു. അവരുടെ ഓര്‍മ്മ ഇപ്പോള്‍ വിശ്വസനീയമല്ല. പറ്റില്ല. ഇപ്പോള്‍ വീണ്ടും ഇവിടെ മുഴുവന്‍ അന്ധകാരമായിരിക്കുന്നു, മുന്‍പത്തേക്കാള്‍ കൂടുതലായി. പരിചിതമായി തോന്നുന്ന മന്ത്രങ്ങള്‍ അവര്‍ കേള്‍ക്കുന്നു; ഗായത്രിമന്ത്രത്തിന്‍റേതുപോലെയുള്ള ചില ശബ്ദങ്ങള്‍. അതോ അത് ഹനുമാന്‍ ചാലിസ യുടേതായിരുന്നോ? ‘പാക്കിസ്ഥാന്‍ മൂര്‍ദാബാദ്’ എന്ന് ആരെങ്കിലും പറഞ്ഞോ?
നക്ഷത്രരഹിതമായ ആകാശത്തേക്ക് നോക്കി അവര്‍ ഭയക്കുന്നു. പെട്ടെന്ന് അവര്‍ തലച്ചോറില്‍ ശബ്ദങ്ങള്‍ കേള്‍ക്കുകയും അതവരെ ഭ്രാന്തിയാക്കുകയും ചെയ്യുന്നു. മുസ്ലീങ്ങളായ റൊട്ടിനിര്‍മ്മാതാക്കള്‍ വിഷംകലര്‍ന്ന റൊട്ടികള്‍ വില്‍ക്കുന്നതായി ആ ശബ്ദങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അസുഖങ്ങള്‍ പടര്‍ത്താനായി തുപ്പിവയ്ക്കുന്ന മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാന്‍ ആ ശബ്ദങ്ങള്‍ അവരോട് ആവശ്യപ്പെടുന്നു. ഐക്യത്തിന്‍റെ ദീപങ്ങള്‍ തെളിക്കാനും ആ ശബ്ദം അവരോട് ആവശ്യപ്പെടുന്നു. വിശക്കുന്ന വയറിന്‍റെ ശബ്ദങ്ങള്‍ ഒരിടത്തും പോകാനില്ലാതെ പാതകളില്‍ മുരളുന്നു. സ്നേഹത്തിന്‍റെയും കരുണയുടെയും തിരുവെഴുത്തുകളുടെ തളര്‍ന്ന ശബ്ദങ്ങള്‍. ഇരുണ്ട കാറ്റുകളുടെ ശബ്ദങ്ങള്‍ അവരുടെ ദീപം കെടുത്തുന്നു. മോഹാലസ്യപ്പെടുന്നതായി തോന്നുന്ന അവര്‍ക്ക് തിരികെ കിടക്കയിലേക്ക് മടങ്ങണമെന്നുണ്ട്. പക്ഷെ തിരികെപ്പോകാനാകാത്തവിധം അന്തരീക്ഷം ഇരുണ്ടിരിക്കുന്നു. വിറയ്ക്കുന്ന വിരലുകള്‍കൊണ്ട് തന്‍റെ ദീപം തെളിയിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു, ഒരിക്കല്‍ക്കൂടി...
ഒരു
കൂരിരുൾ വിളക്ക്
ഞാനൊരു തീരെ ചെറിയ
വിളക്ക് കൊളുത്തി,
കൂരിരുട്ടായി!
ഇതെങ്ങനെ സംഭവിച്ചു?
ഇതുവരെ എത്ര ശാന്തമായി
ഈ വീടിന്‍റെ മുക്കിലും
മൂലയിലും ഒളിച്ചിരുന്നിട്ട്
ഇപ്പോളെന്‍റെ
കൺമുന്നിൽ
ഇവിടെയാകെ താണ്ഡവമാടുന്നു.
ഞാനിതിനെ ആഴത്തിൽ,
വീടിന്‍റെ അടിത്തട്ടിൽ,
ഭീഷണിയും താക്കീതും നൽകി
തടങ്കലിൽ പാർപ്പിച്ചിരുന്നു.
ഉപജാപത്തിലേർപ്പെടാതിരിക്കാൻ,
ഉരുക്കിന്‍റെ സങ്കോചം കൊണ്ട്
തലയിൽ ഭാരം വച്ചിരുന്നു.
വായ മൂടിക്കെട്ടി, അതിന്‍റെ
മുഖത്ത് കൊളുത്തിടാനും
പ്രത്യേകം ഓർത്തു.
ഇതെങ്ങനെ അഴിഞ്ഞുപോന്നു?
എവിടെ പോയി തടസ്സങ്ങൾ?
ഈ കൂരിരുട്ടെങ്ങനെ നാണമില്ലാതെ
നഗ്നമായി
ചുറ്റിത്തിരിയുന്നു?
നേർത്ത്, അവ്യക്തമായ
പ്രണയ ജ്വാലകളിൽ
നുഴഞ്ഞുകയറി
എല്ലാ വെളിച്ചത്തേയുമിത്
ഇരുട്ടാക്കുന്നു, കറുപ്പാക്കുന്നു,
വിഷമയമായ ചുവപ്പാക്കുന്നു,
നിർദ്ദയവും രക്തപങ്കിലവുമാക്കുന്നു.
ഒരിക്കലീ വെളിച്ചം തിളങ്ങുന്ന
മഞ്ഞ ഊഷ്മളതയായിരുന്നു.
ആരാണിതിന്‍റെ തലയിലെ
ഭാരമിറക്കിയത്?
ആരാണ് കൊളുത്തുകൾ തുറന്നത്?
ആരാണിതിന്‍റെ വായ തുറന്ന്
നാവിനെ അഴിച്ചു വിട്ടത്?
ആരറിഞ്ഞു , ഒരു വിളക്കു
കൊളുത്തുകയെന്നാൽ
ഇരുട്ടിനെ അഴിച്ചു വിടലാണെന്ന്?
ഓഡിയോ : ജനനാട്യ മഞ്ചിൽ അഭിനേതാവും സംവിധായകനുമായ സുധൻവ ദേശ്‌പാണ്ഡെ ലെഫ്റ്റ് വേഡ് ബുക്‌സില്‍ എഡിറ്ററായും പ്രവർത്തിക്കുന്നു .
ഫോട്ടൊ: രാഹുല്‍ എം.
പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു
പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.