“എനിക്കറിയില്ല”, കൊറോണ വൈറസ് തന്റെ ഗ്രാമത്തിൽ എത്തുമോയെന്ന് ചോദിച്ചതിന് മറുപടിയായി വാർധ ജില്ലയിൽ നിന്നുള്ള 23-കാരനായ ക്ഷീരകർഷകൻ പ്രഫുല്ല കാലോകർ പറഞ്ഞു. “പക്ഷെ അതിന്റെ സാമ്പത്തിക ഫലങ്ങൾ നേരത്തെ തന്നെ ഇവിടെത്തി.”
പ്രഫുല്ലയുടെ ഗ്രാമമായ ചന്ദണിയിൽ പ്രതിദിനം 500 ലിറ്റർ പാൽ കിട്ടിയിരുന്നെങ്കില്‍ മാർച്ച് 25-ന് കോവിഡ്-19 ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ അതിന്റെ ഉൽപാദനം നിലച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആർവി താലൂക്കിലെ ഒരു ഗ്രാമത്തിൽ വസിക്കുന്ന ഏതാണ്ട് 520 പേരിൽ മിക്കവരും നന്ദ ഗവലി സമുദായത്തിൽ പെടുന്നു.
നന്ദ ഗവലികൾ അര്‍ദ്ധ കാർഷിക സമൂഹമാണ്. ബോർ കടുവ സങ്കേതത്തോടു ചേർന്ന് വാർധ ജില്ലയിലെ 40-50 ഗ്രാമങ്ങളിലായി അവർ വസിക്കുന്നു. ഗാവലി എന്നും അറിയപ്പെടുന്ന ഈ സമൂഹം പ്രാദേശിക ഇനമായ ഗവലാവു കാലികളെ പരമ്പരാഗതമായി വളർത്തുന്നു. കൂടാതെ, പശുവിൻ പാൽ, തൈര്, വെണ്ണ, നെയ്യ്, ഖോവ എന്നിവയുടെ മുഖ്യ ദാതാക്കളുമാണ് അവര്‍. “നന്ദ ഗവലികള്‍, ഏറ്റവും കുറഞ്ഞത്, 25,000 ലിറ്റര്‍ പാല്‍ക്കച്ചവടത്തിന്റെ കുറവിനാണ് സാക്ഷ്യം വഹിച്ചത്”, വാര്‍ധയില്‍ ലോക്ക്ഡൗണിന്റെ ആദ്യ 15 ദിവസത്തെ നഷ്ടം കണക്കാക്കിക്കൊണ്ട് കാലോകര്‍ പറഞ്ഞു.
പാലിന്റെയും പാലുല്പന്നങ്ങളുടെയും (എല്ലാം പെട്ടെന്ന് നശിക്കുന്ന സാധനങ്ങളാണ്) ആവശ്യത്തിലുണ്ടായ കുറവ് ക്ഷീരമേഖലയെ മോശമായി ബാധിച്ചു. കുടുംബങ്ങള്‍ കുറഞ്ഞ അളവില്‍ പാല് ഉപഭോഗം ചെയ്തതു മാത്രമല്ല ഹോട്ടലുകളും ഭക്ഷണശാലകളും മധുരപലഹാര ശാലകളും പോലും അടഞ്ഞുകിടന്നതും പാലുല്‍പന്നങ്ങള്‍ക്കുള്ള ആവശ്യം വീണ്ടും കുറയുന്നതിനു കാരണമായി. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ ഉപവിഭാഗമായ മദര്‍ ഡെയറി (Mother Dairy) ഉള്‍പ്പെടെയുള്ള വലിയ ക്ഷീര സംസ്കരണ ശാലകള്‍ പോലും പാല് സംഭരിക്കുന്നത് നിര്‍ത്തി.
സാമ്പത്തികനഷ്ടം മിക്കവാറും ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന് കാലോകര്‍ പറയുന്നു. ഈ മേഖലയുടെ ദീര്‍ഘ വിതരണ ശൃംഖലയുടെ ഭാഗമായിട്ടുള്ള എല്ലാവർക്കും ഇത് ആയിരക്കണക്കിന് രൂപ ദൈനംദിന വരുമാനം നല്‍കിയിരുന്നുവെന്ന് അദ്ദേഹം കണക്കാക്കി. നന്ദ ഗവലി സമുദായത്തിലെ ഏക പിഎച്.ഡി. വിദ്യാര്‍ത്ഥിയാണ് പ്രഫുല്ല. വാര്‍ധയിലെ പരുത്തി സമ്പദ്വ്യവസ്ഥയെക്കുറിച്ച് നാഗ്പൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ് അദ്ദേഹം.






