ബസർഡിഹയിലെ ഇടുങ്ങിയ തെരുവുകളിൽ യന്ത്രത്തറികൾ പ്രവർത്തിക്കുന്ന ശബ്ദങ്ങൾക്കിടയിൽ വസിം അക്രം ജോലിത്തിരക്കിലാണ്. സിമന്‍റും ഇഷ്ടികകളും ചേർത്തുണ്ടാക്കിയ, തലമുറകൾ പഴക്കമുള്ള ഇതേ ഇരുനിലവീട്ടിൽ 14 വയസ്സുമുതല്‍ അദ്ദേഹം നെയ്ത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് – ബനാറസി സാരികൾ നെയ്യുന്ന തന്‍റെ കുടുംബത്തിന്‍റെ പാരമ്പര്യമെന്ന നിലയിൽ.
അദ്ദേഹത്തിന്‍റെ മുത്തശ്ശനും മുതുമുത്തശ്ശനും കൈത്തറികളിലാണ് ജോലി ചെയ്തത്. എന്നാൽ അദ്ദേഹത്തിന്‍റെ തലമുറ നെയ്ത്ത് പഠിച്ചത് മിക്കവാറും യന്ത്രത്തറികളിൽ തന്നെയാണ്. "2000 ആണ്ടോടെ ഇവിടെ യന്ത്രത്തറികൾ വന്നു.” 32-കാരനായ വസിം പറഞ്ഞു. "ഞാനൊരിക്കലും സ്ക്കൂളിൽ പോയിട്ടില്ല, കൂടാതെ തറികളിൽ പണിയെടുക്കാൻ ആരംഭിക്കുകയും ചെയ്തു.”
വാരണാസിയിലെ ബസർഡിഹ പ്രദേശത്ത് ആയിരത്തിലധികം കുടുംബങ്ങൾ (നെയ്ത്തുകാരുടെ കണക്കനുസരിച്ച്) നെയ്ത്തുകാരുടെ സമൂഹമായി ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്നു - റേഷൻ ഉറപ്പാക്കുക, വായ്പകളും വലിയ അളവിൽ ഉപഭോക്താക്കളെയും സംഘടിപ്പിക്കുക, എല്ലാവർക്കും തൊഴിലുണ്ടെന്ന് ഉറപ്പാക്കുക എന്നീ കാര്യങ്ങളിൽ പരസ്പരം സഹായിച്ചുകൊണ്ട്.
പക്ഷേ 2020 മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗണോടുകൂടി തറികൾ നിശബ്ദമായിത്തീർന്നു. ബുങ്കറുകൾ (നെയ്ത്തുകാരെയും തറിയുടമകളെയും നെയ്ത്ത് വ്യാപാരവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും പ്രാദേശികമായി വിളിക്കുന്നത് അങ്ങനെയാണ്) ജോലിയൊന്നുമില്ലാത്തവരായി തീർന്നിരിക്കുന്നു. സാരികൾക്ക് ലഭിച്ചിരുന്ന ഓർഡറുകൾ റദ്ദാക്കുകയും പണിശാലകൾ പൂട്ടുകയും ചെയ്തു. "ലോക്ക്ഡൗണിന്‍റെ ആദ്യത്തെ 2-4 മാസങ്ങളിൽ എന്‍റെ എല്ലാ സമ്പാദ്യങ്ങളും ഉപയോഗിച്ചു തീർത്തു”, വസിം പറഞ്ഞു. "ഞാൻ [സംസ്ഥാനം നടത്തുന്ന] വീവേഴ്സ് സർവ്വീസ് സെന്‍ററിൽ പോയി ഞങ്ങൾക്കു വേണ്ടി എന്തെങ്കിലും സർക്കാർ പദ്ധതി ഉണ്ടോയെന്ന് [ആ സമയത്തേക്ക്] ചോദിച്ചു. പക്ഷെ ഒന്നുമുണ്ടായിരുന്നില്ല.”







