ദാദു സാൽവെയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു 1970. മഹാരാഷ്ട്രയുടെ വിദൂരസ്ഥമായ കോണുകളിലേക്കും അതിനുമപ്പുറത്തേക്കും ഡോ. അംബേദ്ക്കറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനത്തെ എത്തിച്ച ഗായകൻ വാമൻദാദ കർദാക്കിനെ ദാദു കണ്ടുമുട്ടി. തന്റെ അവസാന ശ്വാസംവരെ വാമൻദാദ ആ ദൌത്യത്തിലായിരുന്നു.
വാമൻദാദ കാർദാക്കുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയായിരുന്നു 75 വയസ്സായ മാധവ്‌റാവു ഗെയ്ൿവാഡ്. ദാദുവിനെ വാമൻദാദയുടെ അടുക്കലേക്ക് എത്തിച്ചത് മാധവ്‌റാവുവായിരുന്നു. വാമൻദാദ സ്വയം കൈപ്പടയിലെഴുതിയ 5,000-ത്തിൽപ്പരം ഗാനങ്ങൾ മാധവ്‌റാവുവും ഭാര്യ, 61 വയസ്സുള്ള സുമിത്രയും ശേഖരിച്ചിരുന്നു.
“അദ്ദേഹം 1970-ലാണ് നഗറിലേക്ക് വന്നത്. അംബേദ്ക്കറിന്റെ പ്രവർത്തനങ്ങളും സന്ദേശവും പ്രചരിപ്പിക്കുന്നതിനായി ഒരു ‘ഗായൻ’ സംഘം തുടങ്ങാൻ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നു. ദാദു സാൽവെ അംബേക്കറിനെക്കുറിച്ച് പാടാറുണ്ടായിരുന്നെങ്കിലും നല്ല പാട്ടുകൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ വാമൻദാദയെ പോയിക്കണ്ട്, ‘ഞങ്ങൾക്ക് അങ്ങയുടെ ചില പാട്ടുകൾ വേണം’ എന്ന് പറഞ്ഞു”, മാധവ്‌റാവു പറഞ്ഞു.
താൻ എഴുതിയ പാട്ടുകളൊന്നും സൂക്ഷിക്കാറില്ലെന്ന് വാമൻദാദ മറുപടി പറഞ്ഞു. “ഞാൻ എഴുതും, അവതരിപ്പിക്കും, അവിടെത്തന്നെ ഉപേക്ഷിക്കും”.
“ഇത്ര വിലപിടിപ്പുള്ള ഒരു നിധി പാഴായിപ്പോകുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് വേദന തോന്നി. അദ്ദേഹം (വാമൻദാദ) ജീവിതം മുഴുവൻ അംബേക്കർ പ്രസ്ഥാനത്തിനുവേണ്ടി ചിലവഴിച്ചു”, മാധവ്‌റാവു പറഞ്ഞു.
അദ്ദേഹത്തിന്റെ കൃതികൾ ശേഖരിക്കാനായി, വാമൻദാദ പരിപാടികൾ അവതരിപ്പിക്കുന്ന സ്ഥലത്തെല്ലാം മാധവ്‌റാവു ദാദു സാൽവെയെയും കൂട്ടി പോകാൻ തുടങ്ങി. “ദാദുവാണ് അദ്ദേഹത്തിന് ഹാർമ്മോണിയം വായിച്ചിരുന്നത്. അദ്ദേഹം പാടുമ്പോൾ ആ പാട്ടുകൾ ഞാൻ എഴുതിയെടുത്തു. സജീവമായിരുന്നു അവ”.
5,000-ത്തിലധികം പാട്ടുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. വെളിച്ചം കാണാത്ത മറ്റൊരു 3,000 പാട്ടുകളും വേറെയുണ്ട്. “സാമ്പത്തിക ഞെരുക്കംകൊണ്ട് എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഞാനൊരു കാര്യം പറയാം. ദാദു സാൽവെയുടെ സഹായംകൊണ്ട് മാത്രമാണ് അംബേദ്ക്കർ പ്രസ്ഥാനത്തിന്റെ വിജ്ഞാനവും അറിവും എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞത്”, മാധവ്‌റാവു പറഞ്ഞു.
വാമൻദാദയുടെ രചനകളുടെ സ്വാധീനത്തിൽപ്പെട്ട് ദാദു സാൽവെ ഒരു പുതിയ കാലാ പഥക് തുടങ്ങാൻ തീരുമാനിച്ചു. താബാജി ഗെയ്ൿവാഡ്, സഞ്ജയ് നാഥ ജാദവ്, രഘു ഗംഗാറാം സാൽവെ, മിലിന്ദ് ഷിൻഡെ എന്നിവരെ അദ്ദേഹം ഒരുമിച്ചുകൂട്ടി. ഈ സംഘത്തിന്റെ പേരാണ് ഭീം സന്ദേശ് ഗായൻ പാർട്ടി. അംബേക്കറിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സംഗീതസംഘം എന്നാണ് അതിന്റെ അർത്ഥം.
ഒരു ദൌത്യം പൂർത്തീകരിക്കാനാണ് അവർ പാടിയിരുന്നത്. അതുകൊണ്ട് അവരുടെ അവതരണങ്ങൾ ആരോടും പരിഭവം പ്രകടിപ്പിക്കാത്തതും കൃത്യതയുള്ളതുമായിരുന്നു.
ദാദു ഈ പാട്ട് ഞങ്ങൾക്കുവേണ്ടി പാടുന്നു: