ജാംലോയ്ക്ക് പന്ത്രണ്ട് വയസായിരുന്നു. ഫെബ്രുവരിയിലാണ് അവൾ തെലങ്കാനയിലെ മുളകുപാടങ്ങളിൽ പണിക്കുപോയത്. സഹതൊഴിലാളികൾക്കൊപ്പം എങ്ങനെയും വീടെത്താമെന്നുള്ള പ്രതീക്ഷയിൽ തുടർച്ചയായ മൂന്നു ദിവസത്തെ നടപ്പിനുശേഷം തളർന്ന് കഴിഞ്ഞ ഏപ്രിൽ 18-ന് അവൾ മരിച്ചുവീണു.
"കൂട്ടുകാർക്കും മറ്റു ഗ്രാമവാസികൾക്കുമൊപ്പമാണ് ഞങ്ങളെ അറിയിക്കാതെ അവൾ ഗ്രാമം വിട്ടുപോയത്. അടുത്തദിവസം മാത്രമാണ് അക്കാര്യം ഞങ്ങൾ അറിയുന്നത്," അവളുടെ അമ്മ സുഖ്മതി മഡ്കം പറഞ്ഞു. ആദിവാസികളായ മുരിയ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് ആ കുടുംബം.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ബീജാപ്പുർ ജില്ലയിലെ ആദേദ് ഗ്രാമത്തിലേയ്ക്കായിരുന്നു ആ പന്ത്രണ്ടുവയസുകാരിയുടെ തിരിച്ചുവരവ്. അവളും ഒപ്പം പതിനൊന്ന് തൊഴിലാളികൾ അടങ്ങിയ സംഘവും, അവരിൽ ചിലരെല്ലാം തെലങ്കാനയിലെ മുളുകു ജില്ലയിൽ കണ്ണെയ്ഗുഡം ഗ്രാമത്തിൽ പണിക്കു പോയ കുട്ടികളായിരുന്നു. (മേയ് ഏഴിന് റോഡിലൂടെ നടന്നുപോകുന്ന അത്തരമൊരു സംഘത്തിന്റെതാണ് കവർ ചിത്രമായി മുകളിൽ നല്കിയിരിക്കുന്നത്.) അവിടെ അവർ മുളക് പറിച്ചെടുക്കും, മുൻകൂട്ടി നിശ്ചയിച്ചപോലെ ഒരു ദിവസത്തേയ്ക്ക് ഇരുനൂറ് രൂപ അല്ലെങ്കിൽ ഇത്ര ചാക്ക് മുളക് എന്നിങ്ങനെയായിരുന്നു അവരുടെ കൂലി. (മുളകുപാടത്തെ കുട്ടികൾഎന്ന ലേഖനം കാണുക)
"ജാംലോ അവളുടെ കൂട്ടുകാർക്കും മറ്റ് ഗ്രാമക്കാർക്കൊപ്പവും ജോലി ചെയ്യാനാണ് പോയത്. എന്നാല്, ജോലിയില്ലാതായതോടെ അവർ തിരിച്ചുപോന്നു. പേരൂരു ഗ്രാമത്തിൽനിന്ന് (മുളുകു ജില്ല) പുറപ്പെടുമ്പോൾ അവൾ എന്നെ ഫോണ് ചെയ്തിരുന്നു. ഗ്രാമവാസികൾ അവസാനം അവളുടെ മരണത്തെക്കുറിച്ച് പറയാനാണ് വിളിച്ചത്," ജാംലോയുടെ അച്ഛൻ ആന്ദോറാം പറഞ്ഞു. ആദേദ് ഗ്രാമത്തിലെ മറ്റെല്ലാ ആദിവാസികളേയും പോലെ അയാളും സുഖ്മതിയും കാട്ടിൽനിന്നുള്ള ഉത്പന്നങ്ങൾ ശേഖരിച്ചും നെല്ലും മുതിരയും മറ്റ് വിളകളും ചെറിയ കൃഷിയിടങ്ങളിൽ കൃഷിയിറക്കിയും കാർഷികതൊഴിലാളികളായി എംജിഎൻആർഇജിഎ തൊഴിലിടങ്ങളിൽ പണിയെടുത്തുമാണ് ജീവിതം പുലർത്തുന്നത്.
"രണ്ടുമാസം മുമ്പ് ജാംലോ തെലുങ്കാനയിൽ തൊഴിലാളിയായി പോയതാണ്. എന്നാൽ, ലോക്ക്ഡൗൺ വന്നതോടെ ജോലിയില്ലാതെയായി. തൊഴിലാളികളെല്ലാം അവരുടെ ഗ്രാമത്തിലേയ്ക്കു തിരിക്കാൻ തത്രപ്പെട്ടു. അവരുടെ ചെറിയ സമ്പാദ്യങ്ങളെല്ലാം ഇല്ലാതായിരുന്നു. അവർ തിരികെ പോകുന്നതാണ് നല്ലതെന്ന് അവരെ ജോലിക്കെടുത്തിരുന്ന കരാറുകാരൻ നിർദ്ദേശിച്ചു," ബീജാപ്പുരിൽനിന്നുള്ള പത്രപ്രവർത്തകയായ പുഷ്പ ഉസേന്ദി-റോക്കഡെ പറഞ്ഞു. ഗോണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട അവർ ജഗദൽപ്പുരിലെ ഒരു പത്രത്തിന്റെ റിപ്പോർട്ടറാണ്.






