സ്ക്കൂള്‍ അടച്ചുപൂട്ടിയതിനെക്കുറിച്ച് പാരസ് മാഡികര്‍ പ്രതികരിച്ചത് 11 വയസ്സുള്ള മിക്ക കുട്ടികളും പ്രതികരിക്കുന്നതു പോലെയാണ്. തന്‍റെ 4-ാം ക്ലാസ്സിലെ പരീക്ഷകള്‍ റദ്ദാക്കിയതില്‍ സന്തോഷവാനായ അവന്‍ അവധി നീട്ടിക്കിട്ടുന്നതിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു.
പക്ഷെ, അതു സംഭവിച്ചില്ല. അവന്‍റെ അച്ഛന്‍ 45-കാരനായ ശ്രീകാന്തിന് ഡ്രൈവര്‍ ജോലി നഷ്ടപ്പെടുകയും അവസാനം ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗത്തിലധികം നഷ്ടത്തില്‍ ഒരു ജോലി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനാവുകയും ചെയ്തു. മാര്‍ച്ച് 25-ന് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ 35-കാരിയായ അവന്‍റെ അമ്മ സരിതയ്ക്കും പാചകക്കാരിയായുള്ള ജോലി നഷ്ടപ്പെട്ടു.
ഉച്ചയ്ക്കു മുമ്പുള്ള സമയം പാരസ് ചിലവഴിക്കുന്നത് ഇലക്കറികള്‍ തലച്ചുമടായി വില്‍ക്കാന്‍ നടന്നുകൊണ്ടാണ്. വിരോധാഭാസമെന്നു പറയട്ടെ, പാവപ്പെട്ട ആ വിദ്യാര്‍ത്ഥി കച്ചവടം നടത്തുന്ന രണ്ടു പ്രദേശങ്ങളും സരസ്വതി കോളനി, ലക്ഷ്മി കോളനി എന്നിങ്ങനെയാണ് അറിയപ്പെടുന്നത് (അറിവിന്‍റെയും സമ്പത്തിന്‍റെയും ദേവതമാരുടെ പേരിനോട് ചേര്‍ത്ത്). അവന്‍റെ സഹോദരി 12-കാരിയായ സൃഷ്ടി പച്ചക്കറികള്‍ വില്‍ക്കുന്നത് റാം നഗര്‍, സീതാറാം നഗര്‍ എന്നീ കോളനികളിലാണ്.
“എല്ലാദിവസവും വൈകുന്നേരം കഴുത്തിന് എത്ര കടുത്ത വേദനയുണ്ടെന്ന് എനിക്കു നിങ്ങളോടു പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല. ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ ചെറുചൂടുള്ള തുണികൊണ്ട് എനിക്ക് എണ്ണയിട്ടു തരും. അതുകൊണ്ട് അടുത്ത ദിവസം രാവിലെ ഒരു ചുമട് സാധനങ്ങള്‍ കൂടി എനിക്ക് ചുമക്കാന്‍ കഴിയും”, കൊച്ചു പാരസ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. സൃഷ്ടിയുടെ പ്രശ്നം വ്യത്യസ്തമായിരുന്നു. “ഉച്ചയാകുമ്പോള്‍ എനിക്കു നന്നായി വിശക്കും”, അവള്‍ പറഞ്ഞു. “ഉച്ച ഭക്ഷണത്തിനു മുന്‍പ് ഞാന്‍ നാരങ്ങാവെള്ളം കുടിക്കും – അതെനിക്ക് കുറച്ച് ആശ്വാസം തരും.” ലോക്ക്ഡൗണിനു മുന്‍പ് രണ്ടുപേരും ശാരീരികമായി അദ്ധ്വാനിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ടുപേരും വീടിനു പുറത്തിറങ്ങുന്നത് ഏറ്റവും മോശമായ ഈ സാഹചര്യത്തിലും കുറച്ച് റൊട്ടിയുണ്ടാക്കാനാണ്, വെണ്ണയുടെ കാര്യം പോകട്ടെ.



