“ആഘോഷിക്കാൻ പറ്റിയ ഒരു ദിവസമാണ്. മനോഹരമായ കാലാവസ്ഥയും“, ലേ ജില്ലയിലെ റോഡ് നിർമ്മാണ സൈറ്റിലെ ദിവസക്കൂലിക്കാരനായ പേമ റിഞ്ചൻ പറഞ്ഞു.
തിബത്തൻ കലണ്ടറിലെ സാഗ ദവ എന്ന വിശേഷാഘോഷത്തെക്കുറിച്ചാണ് റിഞ്ചൻ പറയുന്നത്. ലഡാക്കിലെ ഹാൻലെ (ആൻലെ എന്നും വിളിക്കുന്നു) എന്ന ഗ്രാമത്തിലാണ് 42 വയസ്സുള്ള റിഞ്ചൻ താമസിക്കുന്നത്. ലഡാക്ക്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ബുദ്ധവിഭാഗക്കാരുടെ ആഘോഷമാണ് സാഗാ ദവ. തിബത്തൻ ഭാഷയിൽ, ‘സാഗ’ എന്നാൽ നാല് എന്ന അക്കമാണ്. ‘ദവ’ എന്നത് മാസവും. സാഗ ദവ എന്നാൽ ‘സത്കർമ്മത്തിന്റെ മാസം’ എന്നർത്ഥം. ഈ സമയത്ത് ചെയ്യുന്ന സത്ക്കർമ്മങ്ങൾക്ക് പലമടങ്ങ് പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം.
“മുമ്പൊക്കെ ഓരോ കോളനികളും അവരവരുടെ പ്രദേശത്തായിരുന്നു ഇത് ആഘോഷിച്ചിരുന്നത്. എന്നാൽ ഇക്കൊല്ലം (2022) ആറ് കോളണികൾ ഒരുമിച്ച് ചേർന്നു” ഹാൻലെയിലെ ഇന്ത്യൻ ആസ്ട്രോണോമിക്കൽ ഒബ്സർവേറ്ററിയിൽ ജോലി ചെയ്യുന്ന നാഗാ കോളണിയിലെ 44 വയസ്സുള്ള സോണം ദോർജെ പറയുന്നു. കോവിഡ് 19 മഹാവ്യാധിമൂലം രണ്ടുവർഷമായി പരിമിതമായ രീതിയിൽ മാത്രം നടത്തിയിരുന്ന ഉത്സവം ഒരുമിച്ചാഘോഷിക്കാൻ ഇത്തവണ, പുംഗുക്, ഖൽദോ,നാഗ, ഷാദോ, ഭോക്, ജിഗ്സോമ എന്നീ കോളണികൾ മുന്നോട്ട് വന്നിരിക്കുന്നു. 1879 ആളുകൾ താമസിക്കുന്ന (2011-ലെ സെൻസസ് പ്രകാരം) ഹാൻലെ ഗ്രാമത്തിന്റെ ഭാഗമാണ് അധികം ജനവാസമില്ലാത്ത ഈ നാല് കോളണികൾ.
ബുദ്ധമതക്കാരിലെ മഹായാനാവിഭാഗക്കാർ ആഘോഷിക്കുന്ന സാഗ ദവ (ശക ദവ എന്നും വിശേഷിപ്പിക്കപ്പെടുന്നു) തിബത്തൻ ചാന്ദ്രവർഷത്തിലെ നാലാമത്തെ മാസത്തിന്റെ 15-ആം ദിവസത്തിലാണ് വരുന്നത്. 2022-ൽ ഇത് ജൂൺ മാസത്തിലായിരുന്നു. ബുദ്ധനേയും അദ്ദേഹത്തിന്റെ ജനനം, ബോധോദയം, മഹാനിർവ്വാണം എന്നിവയേയും അനുസ്മരിപ്പിക്കുന്ന ഉത്സവമാണ് ഇത്.































