"ഞങ്ങളുടെ ദ്വീപ് ഒരു വലിയ പവിഴപ്പുറ്റിലാണ് നിലകൊള്ളുന്നത് എന്നാണ് കുട്ടിക്കാലത്ത് എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. പവിഴം മുഴുവൻ അടിയിലാണ്, അവയാണ് ഈ ദ്വീപിനെ താങ്ങി നിർത്തുന്നത്. ചുറ്റുമുള്ള കായലാണ് ഞങ്ങളെ സമുദ്രത്തിൽ നിന്നും സംരക്ഷിക്കുന്നത്," ബിത്ര ദ്വീപിൽ വസിക്കുന്ന അറുപതുകാരനായ മത്സ്യത്തൊഴിലാളി ബി. ഹൈദർ പറഞ്ഞു.
"എന്റെ ചെറുപ്പത്തിൽ, വേലിയേറ്റം കുറഞ്ഞിരിക്കുന്ന സമയത്തു ഞങ്ങൾക്ക് പവിഴപുറ്റുകൾ കാണാമായിരുന്നു," ബിത്രയിലെ മറ്റൊരു അറുപതുകാരനായ മത്സ്യബന്ധന തൊഴിലാളി അബ്ദുൽ ഖാദർ പറഞ്ഞു. "വളരെ മനോഹരമായിരുന്നു അവ. ഇപ്പോൾ അവ ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. എന്നാൽ വമ്പൻ തിരമാലകളെ ചെറുക്കാൻ ഞങ്ങൾക്ക് ആ പവിഴങ്ങൾ ആവശ്യമുണ്ട്."
ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്ന ദ്വീപുകളിലെ കഥകൾ, ചിന്തകൾ, ജീവിതങ്ങൾ, ഉപജീവനം, ആവാസവ്യവസ്ഥ ഇവയെല്ലാം ഈ പവിഴങ്ങളിൽ കേന്ദ്രീകൃതമാണ്. അവയാണ് ഇപ്പോൾ പതുക്കെ നശിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒപ്പം മറ്റു പല വ്യതിയാനങ്ങളും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
"കാര്യം ലളിതമാണ്. പ്രകൃതിയിൽ മാറ്റം വന്നിരിക്കുന്നു," കെ. കെ. മുനിയാമിൻ വിശദീകരിച്ചു. അഗത്തി ദ്വീപ് നിവാസിയായ 61 വയസ്സുള്ള അദ്ദേഹം തനിക്കു 22 വയസ്സുള്ളപ്പോൾ മീൻപിടുത്തം തുടങ്ങിയതാണ്. "അക്കാലത്തു കാലവർഷം കൃത്യസമയത്ത് എത്തുമായിരുന്നു [ജൂണിൽ]. എന്നാൽ ഇന്ന് അത് എപ്പോ വരുമെന്ന് നമുക്കു പറയാൻ പറ്റുകയില്ല. ഇപ്പോൾ മീനുകളും കുറവാണ്. പണ്ട് മീൻപിടിക്കാൻ ഇത്രയും ദൂരെ യാത്ര ചെയ്യേണ്ടി വരാറില്ല. ചാകരയെല്ലാം അടുത്തുതന്നെ ഉണ്ടായിരുന്നു. ഇപ്പോൾ ആളുകൾ മീനുകളെ തിരഞ്ഞ് ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകളോളം കടലിൽ പോകുകയാണ്."
അഗത്തിയും ബിത്രയും തമ്മിൽ ഏഴുമണിക്കൂർ ബോട്ടിൽ യാത്ര ചെയ്യാനുള്ള അകലമുണ്ട്. കേരളത്തിന്റെ തീരത്തുനിന്ന് അകലെ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ വളരെ പ്രഗത്ഭരായ ചില മീൻപിടുത്തക്കാർ ഈ രണ്ടു ദ്വീപുകളിലാണ് വസിക്കുന്നത്. മലയാളത്തിലും സംസ്കൃതത്തിലും 'ലക്ഷദ്വീപ്' എന്ന പേരിന്റെ അർഥം നൂറായിരം ദ്വീപുകൾ എന്നാണ്. വാസ്തവത്തിൽ 32 കിലോമീറ്ററിൽ ഒരുമിച്ചു ഉൾകൊള്ളാവുന്ന വെറും 36 ദ്വീപുകളെ ഇന്നുള്ളു. സമുദ്രജീവജാലങ്ങളാലും വിഭവങ്ങളാലും സമ്പന്നമായ ഈ ദ്വീപസമൂഹത്തിലെ ജലസമ്പത്ത് 400,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു.
ഒരു ജില്ല മാത്രമുള്ള ഈ കേന്ദ്രഭരണപ്രദേശത്ത് ഏഴുപേരിൽ ഒരാൾ മത്സ്യബന്ധന തൊഴിലാളിയാണ് . 2011-ലെ സെൻസസ്സ് പ്രകാരം വെറും 64,500 ജനസംഖ്യയിൽ 9,000 പേർ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു.






