ജീവിതം നമ്മെ എന്താണ് പഠിപ്പിക്കാൻ ശ്രമിക്കുന്നത് എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് റീത്ത അക്കയുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം – അതായത് ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട്. ഭിന്നശേഷിക്കാരിയായ (സംസാര, ശ്രവണ ശേഷികൾ ഇല്ല) ഈ ശുചീകരണ തൊഴിലാളി ഒരു വിധവയാണ്. അവരുടെ 17-കാരിയായ മകൾ മുത്തശ്ശിയോടൊപ്പം ജീവിക്കാനായി വീടുവിട്ടു. ഈ 42-കാരിയുടെ ഏകാന്തത കടുത്തതാണ്. പക്ഷെ അവർ അതിന് കീഴടങ്ങുന്നില്ല.
എല്ലാ ദിവസവും രാവിലെ റീത്ത അക്ക (പരിസര പ്രദേശങ്ങളിൽ അങ്ങനെയാണവർ അറിയപ്പെടുന്നത് - സംസാരിക്കാൻ കഴിയാത്തവരെ മോശമായി വിശേഷിപ്പിക്കുന്ന ഉമ്മച്ചി എന്ന് ചിലർ അവരെ വിളിക്കുന്നുവെങ്കിലും) എഴുന്നേറ്റ് ശുഷ്കാന്തിയോടെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷനിൽ മാലിന്യം നീക്കുന്ന ജോലിക്കു പോകുന്നു. ചിലപ്പോൾ ബുദ്ധിമുട്ടേറിയ ദിനാന്ത്യത്തിൽ അവർ ശാരീരിക വേദനയെക്കുറിച്ച് പരാതിപ്പെടാറുണ്ട്. മാലിന്യങ്ങൾ ശേഖരിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക സൈക്കിൾ റിക്ഷ ട്രോളിയുടെ വശങ്ങളിൽ നിന്നും ജോലിയോടുള്ള അവരുടെ ആത്മാർത്ഥത നിങ്ങൾക്ക് മനസ്സിലാക്കാം. മൂന്ന് തവണയാണ് റീത്ത അവിടെ തന്‍റെ പേര് എഴുതി വച്ചിരിക്കുന്നത് – മൂന്ന് നിറങ്ങളിൽ. വയ്കുന്നേരമാകുമ്പോൾ നഗരത്തിലെ കോട്ടൂർപുരം പ്രദേശത്തെ ഹൗസിംഗ് ബോർഡ് ക്വാർട്ടേഴ്സിലുള്ള തന്‍റെ ചെറിയ ഏകാന്തമായ വീട്ടിൽ അവർ തിരിച്ചെത്തുന്നു.




























