“1994-ലെ പ്ലേഗിന്റെ സമയത്തോ 2006-ല്‍ ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ടപ്പോഴോ 1993-ല്‍ ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്നോ ഈ ക്ഷേത്രം അടച്ചിട്ടിട്ടില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവവത്തിനു സാക്ഷ്യം വഹിക്കുന്നത്,” വിഷമം മറച്ചുവയ്ക്കാതെ സഞ്ജയ് പെണ്ഡേ പറഞ്ഞു. തെക്കന്‍ മഹാരാഷ്ട്രയിലെ പട്ടണമായ തുല്ജാപൂരിലെ തുല്‍ജാ ഭവാനി ദേവീ ക്ഷേത്രത്തിലെ പ്രധാന പൂജാരിമാരില്‍ ഒരാളാണ് അയാള്‍.
കൊവിഡ്-19 വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17 ചൊവ്വാഴ്ച ക്ഷേത്രം അടച്ചു. ആദ്യം ആള്‍ക്കാര്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. “എന്തുതരം രോഗമാണിത്? സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിശ്വാസികള്‍ ഇവിടെ വരുന്നുണ്ട്. ദര്‍ശനം നടത്താനാകാതെ അവര്‍ ക്ഷേത്രത്തിനു പുറത്തുനിന്ന് തൊഴുതു മടങ്ങുകയാണ്. അതിനും പോലീസിനോട് ഗുസ്തി പിടിക്കണം,” മുപ്പത്തിയെട്ടുകാരനായ സഞ്ജയ് പറഞ്ഞു. ദിവസവും ചെയ്തുകൊണ്ടിരുന്ന 10-15 സ്പെഷ്യല്‍ പൂജകളില്‍ നിന്നുള്ള വരുമാനം നഷ്ടമായതിലുള്ള സങ്കടം അയാളുടെ വാക്കുകളിലുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന അയ്യായിരത്തിലധികം പൂജാരിമാര്‍ തുല്ജാപൂരിലുണ്ടെന്ന് സഞ്ജയ് കൂട്ടിച്ചേര്‍ത്തു.
മറാഠ് വാഡ മേഖലയിലെ ഒസ്മാനാബാദ് ജില്ലയില്‍ ഉള്‍പ്പെടുന്ന 34,000 ജനസംഖ്യയുള്ള ഈ പട്ടണത്തിന്റെ സമ്പദ്വ്യവസ്ഥ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന കുന്നിന്മുകളിലെ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയാണ് നിലനില്‍ക്കുന്നത്. മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിരവധി വിശ്വാസികള്‍ തുല്‍ജാ ഭവാനി ദേവിയെ കുടുംബ ദേവതയായി കണക്കാക്കുന്നു. സംസ്ഥാനത്തെ തീര്‍ത്ഥാടനപാതയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.









