ഈ സംഘത്തിൽ ഏകദേശം 16 നർത്തകികളുണ്ട്, അവർക്കാണ് ഏതു തമാശസംഘത്തിലും ഏറ്റവും കൂടുതൽ വേതനം നൽകുക, അനിൽ ബൻസൊഡെ പറഞ്ഞു. സംഘത്തിന്റെ മാനേജരായ ഈ 45 വയസ്സുകാരൻ മംഗളാത്തായിയുടെ മൂത്ത മകനാണ്. "2016-17 സീസണിൽ ഒരു നർത്തകിക്ക് നൽകിയ കൂടിയ ശമ്പളം 30,000 രൂപയാണ്," അയാൾ പറഞ്ഞു. ഏറ്റവും കൂടുതൽ കാണികളെ ആകർഷിക്കുന്നതും, അവരിൽനിന്ന് ഏറ്റവുമധികം പ്രശംസ ലഭിക്കുന്നതും നർത്തകിമാർക്കാണ്. എന്നാൽ എട്ടുമാസം യാത്രചെയ്യാൻ സന്നദ്ധരായ നർത്തകിമാരെ കണ്ടെത്തുന്നത് എളുപ്പമല്ല, അനിൽ പറഞ്ഞു. "വലിയ ശമ്പളമാണ് അവരെ നിലനിർത്താനുള്ള ഒരേയൊരു വഴി."
ഈ സീസണിൽ സുഷമ മാലിയായിരുന്നു ഗാനരംഗങ്ങളിലെ മുഖ്യനർത്തകി. അവർ 12-13 വയസുള്ളപ്പോൾ തമാശയിൽ ജോലി ആരംഭിച്ചതാണ്. തന്റെ അമ്മ ഒരു സംഘത്തിൽ നൃത്തംചെയ്യുന്നത് കണ്ടാണ് അവർ വളർന്നത്. തമാശ കലാകാരിയാകാനുള്ള സുഷമയുടെ തീരുമാനത്തിൽ ആദ്യം അമ്മ വിഷമം പ്രകടിപ്പിച്ചു. താൻ നേരിട്ട യാതനകൾ മകൾ നേരിടരുത് എന്നായിരുന്നു അവരുടെ ആഗ്രഹം. സാമ്പത്തിക സ്വാതന്ത്ര്യം ഇഷ്ടപെടുന്നതിനാൽ സുഷമ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. "കൃഷിക്കാരനായ എന്റെ ഭർത്താവിന് ഞാൻ ഫഡിൽ ജോലിചെയ്യുന്നത് ഇഷ്ടമല്ല. എന്നാൽ എനിക്ക് എന്റെ എട്ടുവയസ്സുകാരൻ അനിയനെയും മൂന്നുവയസ്സുകാരി മകളെയും നോക്കണം," സുഷമ പറഞ്ഞു. അവർക്കും തന്റെ മകൾ ഈ രംഗത്ത് പ്രവേശിക്കരുത് എന്നാണ് ആഗ്രഹം. താനൊരു തമാശ നർത്തകിയാണെന്ന് അവർ മകളോട് പറഞ്ഞിട്ടില്ല.
പലരും തമാശയിൽ ചേരുന്നത് അച്ഛനമ്മമാരോ മുതിർന്ന സഹോദരങ്ങളോ സംഘങ്ങളിൽ ജോലിചെയ്യുന്നത് കാരണമാണ്. കൃഷിപ്പണിയെക്കാൾ സ്ഥിരതയുള്ള ഒരു ഉപജീവനമായാണ് അവർ ഈ തൊഴിലിനെ കാണുന്നത്. ഒരു ഫഡിന്റെ ഭാഗമാകുമ്പോൾ തങ്ങൾ കലാകാരന്മാരായി അറിയപ്പെടുകയും, സമൂഹത്തിൽ കൂടുതൽ ബഹുമാനിക്കപ്പെടുകയും ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്.
സാംഗ്ലി ജില്ലയിലെ ദുബൽ ധുൽഗാവ് ഗ്രാമത്തിലെ ശാരദ ഖാഡെയുടെ കുടുംബത്തെപ്പോലെ ചിലർക്ക് തമാശ ഒരു വീടാണ്. 'വാഗ് നാട്യ' എന്ന നാടോടിനാടക സംഘത്തിലെ ഒരു അഭിനേതാവും നർത്തകിയുമാണ് ശാരദ. അവരുടെ ഒരു മകൻ ഒരു കൊട്ടുവാദ്യക്കാരനും, മറ്റൊരാൾ വയറിങ് ജോലിക്കാരനുമാണ്. ശാരദയുടെ ഭർത്താവും സംഘത്തിലെ ഒരു നടനാണ്. തമാശസംഘത്തിലെ ജോലിയാണ് അവർക്ക് കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല തൊഴിൽ. കാരണം, കർഷകരായ അവരുടെ ബന്ധുക്കൾ കഷ്ടിച്ച് 200 രൂപയാണ് ഒരുദിവസം സമ്പാദിക്കുന്നത്. ദിവസവും ജോലി ലഭിക്കുമെന്ന് ഉറപ്പുമില്ല.
പക്ഷെ തമാശ ജോലിയിൽനിന്നുള്ള സ്ഥിരവരുമാനത്തിന് ഒരു വില നൽകേണ്ടതുണ്ട്. ഓരോ ദിവസവും പുതിയ ഒരു ഗ്രാമത്തിൽ കൂടാരമടിക്കുന്നത് സുഖപ്രദമായ ഒരു കാര്യമല്ല, ശാരദ പറഞ്ഞു. ക്രമമില്ലാത്ത തൊഴിൽസമയവും, രാത്രി വളരെ വൈകിയുള്ള ജോലിയും, സമയം തെറ്റിയുള്ള ഭക്ഷണവും, മിക്കപ്പോഴും വൃത്തിഹീനമായ ജീവിതസാഹചര്യങ്ങളുമാണ് ഇവർ നേരിടുന്ന മറ്റു ബുദ്ധിമുട്ടുകൾ.