ജബ് പ്യാർ കിയാ തോ ഡർ നാ ക്യാ...പ്യാർ കിയാ കൊയി ചോരി നഹീ..ഘുട്ട് ഘുട്ട് കർ യൂൻ മർനാ ക്യാ...
പ്രണയിക്കുമ്പോൾ പിന്നെ ഭയപ്പെടുന്നതെന്തിന്...പ്രണയം ഒരു കുറ്റമല്ല...ഇതുപോലെ വീർപ്പുമുട്ടി മരിക്കുന്നതെന്തിന്...
1960ൽ ഇറങ്ങിയ ക്ലാസിക് ചിത്രമായ മുഗൾ-എ-അസമിലെ ഈ ഗാനം കുറച്ച് നേരമായി മൂളിക്കൊണ്ടിരിക്കുകയാണ് വിധി. മധ്യ മുംബൈയിൽ പുതുതായി വാടകയ്‌ക്കെടുത്ത മുറിയിലിരുന്ന് പാട്ട് പാടുന്നതിനിടെ ഒരു നിമിഷം പാട്ട് നിർത്തി അവൾ ചോദിക്കുന്നു: "ഞങ്ങളും ഒരു കുറ്റവും ചെയ്തിട്ടില്ലല്ലോ. പിന്നെ ഞങ്ങൾ എന്തിന് ഭയപ്പെട്ട് ജീവിക്കണം?"
അവളുടേത് വെറും വാചാടോപമല്ല, മറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ഒരു ഓർമ്മപ്പെടുത്തലാണ്. കൊല്ലപ്പെടുമെന്ന ഭയം അവളെ സംബന്ധിച്ചിടത്തോളം അത്രയും യഥാർത്ഥമാണ്. കുടുംബത്തോട് പടവെട്ടി, താൻ സ്നേഹിക്കുന്ന വ്യക്തിക്കൊപ്പം - സ്കൂളിൽ സഹപാഠിയായിരുന്ന ആരുഷിക്കൊപ്പം നാട് വിട്ട് ഓടിപ്പോന്ന അന്നുമുതൽ ഈയൊരു ഭയത്തോടെയാണ് അവൾ ജീവിക്കുന്നത്. പരസ്പരം സ്നേഹിക്കുന്ന അവരിരുവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ നിയമപരമായി ഒന്നുചേരാൻ ഇവർക്ക് നീണ്ടതും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു പാത താണ്ടേണ്ടതുണ്ട്. വിധിയും ആരുഷിയും തമ്മിലുള്ള ബന്ധം അവരുടെ വീട്ടുകാർ അംഗീകരിക്കില്ലെന്നും ആരുഷി തന്റെ സ്ത്രീസ്വത്വവുമായി പൊരുത്തപ്പെടാനാകാതെ വലയുന്നത് അവർ മനസ്സിലാക്കില്ലെന്നും ഇരുവരും ഭയപ്പെടുന്നു. ഒരു ട്രാൻസ് പുരുഷനായി സ്വയം തിരിച്ചറിയുന്ന ആരുഷി ഇപ്പോൾ ആരുഷ് എന്ന പേരിൽ അറിയപ്പെടാനാണ് താത്പര്യപ്പെടുന്നത്.
മുംബൈ എന്ന മെട്രോ നഗരത്തിലേക്ക് താമസം മാറുമ്പോൾ, തങ്ങളുടെ കുടുംബങ്ങളിൽനിന്ന് രക്ഷപ്പെട്ട് സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുകയാണെന്നാണ് അവർ കരുതിയിരുന്നത്. താനെ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് വിധിയുടെ കുടുംബം താമസിക്കുന്നത്. സമീപജില്ലയായ പാൽഘറിലുള്ള ആരുഷിന്റെ ഗ്രാമത്തിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണത്. 22 വയസ്സുകാരിയായ വിധി, മഹാരാഷ്ട്രയിൽ ഒ.ബി.സി .യിപ്പെട്ട അഗ്രി സമുദായക്കാരിയാണ്. 23 വയസ്സുകാരനായ ആരുഷും ഒ.ബി.സിയിൽ ഉൾപ്പെടുന്ന മറ്റൊരു വിഭാഗമായ കുൻബി സമുദായക്കാരനാണെങ്കിലും, ഇരുവരുടെയും ഗ്രാമത്തിലെ പ്രബലമായ ജാതിശ്രേണി അനുസരിച്ച്, കുൻബി സമുദായത്തെ അഗ്രി സമുദായത്തേക്കാൾ സാമൂഹികമായി 'താഴ്ന്ന' വിഭാഗമായാണ് പരിഗണിക്കുന്നത്.
ഇരുവരും തങ്ങളുടെ വീട് വിട്ട് മുംബൈയിലെത്തിയിട്ട് ഒരു വർഷമായിരിക്കുന്നു; മടങ്ങിപ്പോകാൻ രണ്ടാൾക്കും ഉദ്ദേശമില്ല. ആരുഷ് ഗ്രാമത്തിലുള്ള തന്റെ കുടുംബത്തെപ്പറ്റി അധികം സംസാരിക്കുന്നില്ലെങ്കിലും ഇത്ര മാത്രം പറയുന്നു: "ഞാൻ ഒരു അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസിക്കുന്നത് എന്നത് എനിക്ക് വലിയ നാണക്കേടായിരുന്നു. അതും പറഞ്ഞ് ഞാൻ ആയിയുമായി (അമ്മയുമായി) ഒരുപാട് വഴക്കിടുമായിരുന്നു.", അവൻ പറയുന്നു.












