“ഇംസാന്‍ അബ് നാ ഝഗ്ഡെ സെ മരേഗാ നാ രഗഡെ സെ
മരേഗ തൊ സുഖ് ഓര്‍ പ്യാസ് സെ”

“സംഘർഷവും യുദ്ധവുംകൊണ്ടല്ല ,
വിശന്നും ദാഹിച്ചുമായിരിക്കും മനുഷ്യവംശം മരിക്കുക”

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അന്ന് അപായമണി മുഴക്കിയത് ശാസ്ത്രം മാത്രമായിരുന്നില്ല. കാലങ്ങൾക്കുമുന്നേ ഇന്ത്യയുടെ ഇതിഹാസപുരാണ സാഹിത്യങ്ങൾ അത് സൂചിപ്പിച്ചിട്ടുണ്ടെന്നാണ് ദില്ലിയിലെ 75 വയസ്സുള്ള ശിവശങ്കർ വിശ്വസിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ രാമചരിതമാനസത്തിൽനിന്നുള്ള വരികളാണ് താൻ ഉദ്ധരിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു ( വീഡിയോ കാണുക ). ക്ലാസ്സിക്കുകളുടെ വായനയിൽ അദ്ദേഹത്തിന് പിഴവ് പറ്റിയിട്ടുണ്ടാവാം. കാരണം, തുളസീദാസിന്‍റെ കവിതയിൽ അത്തരമൊരു വരി കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അതെന്തായാലും, യമുനയുടെ തീരത്തെ ഈ കർഷകന്‍റെ വാക്കുകൾ നമ്മുടെ കാലഘട്ടവുമായി പൊരുത്തപ്പെടുന്നുണ്ട്.

ഏറ്റവും വലിയ പ്രളയസാധ്യതയുള്ള ഒരു നഗരപ്രദേശത്തെ താപനിലയെക്കുറിച്ചും, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുമാണ് ശങ്കറും അയാളുടെ കുടുംബവും മറ്റ് കർഷകരും വിവരിക്കുന്നത്. 1,376 കിലോമീറ്റർ ദൈർഘ്യമുള്ള യമുനയുടെ 22 കിലോമീറ്ററുകൾ ഒഴുകുന്നത് രാജ്യത്തിന്‍റെ തലസ്ഥാനനഗരിയിലൂടെയാണ്. അതിലെ 97 ചതുരശ്ര കിലോമീറ്റർ വരുന്ന പ്രളയസാധ്യതാതീരം ദില്ലിയുടെ വെറും 6.5 ശതമാനമാണ്. എന്നിട്ടുപോലും, താരത‌മ്യേന ആ ചെറിയ സാന്നിദ്ധ്യം തലസ്ഥാനത്തിന്‍റെ കാലാവസ്ഥയിൽ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്.

കാലാവസ്ഥയിലെ മാറ്റങ്ങൾ കർഷകർ അവരുടെ തനതായ ശൈലി ഉപയോഗിച്ച് വിവരിക്കുന്നു. സെപ്റ്റംബർ മാസത്തിൽ ആളുകൾ കനം കുറഞ്ഞ കമ്പിളികളാണ് ഉപയോഗിച്ചിരുന്നതെന്ന് ശിവശങ്കറിന്‍റെ മകൻ 35 വയസ്സുള്ള വിജേന്ദ്ര സിംഗ് ചൂണ്ടിക്കാണിച്ചു. “ഡിസംബറാവുന്നതുവരെ തണുപ്പ് തുടങ്ങാറില്ലായിരുന്നു. മുൻപ്, മാർച്ച് മാസത്തിലെ ഹോളി കാലം നല്ല ചൂടുള്ളതായിരുന്നു. ഇപ്പോൾ അത് തണുപ്പുകാലത്തെ ആഘോഷംപോലെ തോന്നിപ്പിക്കുന്നു”.

Shiv Shankar, his son Vijender Singh (left) and other cultivators describe the many changes in temperature, weather and climate affecting the Yamuna floodplains.
PHOTO • Aikantik Bag
Shiv Shankar, his son Vijender Singh (left) and other cultivators describe the many changes in temperature, weather and climate affecting the Yamuna floodplains. Vijender singh at his farm and with his wife Savitri Devi, their two sons, and Shiv Shankar
PHOTO • Aikantik Bag

യമുനയുടെ പ്രളയബാധിത തീരങ്ങളെ ബാധിക്കുന്ന താപനിലയെക്കുറിച്ചും , കാലാവസ്ഥയെക്കുറിച്ചും ശിവശങ്കറും അയാളുടെ മകൻ വിജേന്ദ്രയും (ഇടത്ത്) വിവരിക്കുന്നു. വിജേന്ദ്രയും ഭാര്യയും, രണ്ടാണ്മക്കളും, അയാളുടെ അമ്മ സാവിത്രി ദേവിയും ശിവശങ്കറും (വലത്ത്)

ശങ്കറിന്‍റെ കുടുംബത്തിന്‍റെ ജീവിതാനുഭവങ്ങൾ അവിടെയുള്ള മറ്റ് കർഷകരുടെ കുടുംബത്തിന്‍റെയും പ്രതിഫലനമാണ്. യമുനയുടെ ദില്ലി തീരങ്ങളിൽ 5,000-ത്തിനും 7,000-ത്തിനും ഇടയിൽ കർഷകർ താമസിക്കുന്നുണ്ടെന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. ഖഗാര കഴിഞ്ഞാൽ, വെള്ളത്തിന്‍റെ അളവുകൊണ്ട്, ഗംഗയുടെ ഏറ്റവും വലിയ രണ്ടാമത്തെ പോഷകനദിയാണ് യമുനാനദി. ഇവിടെയുള്ള കർഷകർ 24,000 ഏക്കറുകൾ കൃഷി ചെയ്യുന്നു. ഏതാനും ദശകങ്ങൾക്കുമുൻപുള്ളതിനേക്കാൾ വളരെ കുറവാണ് ഇതെന്ന് അവർ പറഞ്ഞു. ഏതെങ്കിലും വിജനമാ‍യ ഉൾപ്രദേശത്തുള്ള കർഷകരല്ല ഇവർ. ഒരു വലിയ നഗരത്തിൽ കൃഷിചെയ്യുന്നവരാണ്. അവരുടെ നിലനിൽ‌പ്പിനെ എപ്പോഴും പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന ‘വികസന’വുമായി എതിരിട്ട് കഴിയേണ്ടിവരുന്നവരാണ് അവർ. പ്രളയബാധിത തീരങ്ങളിൽ നടക്കുന്ന അനധികൃത നിർമ്മാണങ്ങൾക്കെതിരെയുള്ള ഹരജികളാൽ വീർപ്പുമുട്ടുകയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി.). കർഷകർ മാത്രമല്ല ആശങ്കപ്പെടുന്നത്.

“പ്രളയസാധ്യതാ തീരങ്ങൾ ഇന്നുള്ളതുപോലെ കോൺക്രീറ്റ് ചെയ്യപ്പെടുകയാണെങ്കിൽ, വേനലും തണുപ്പും അസഹനീയമായി, ദില്ലി നിവാസികൾക്ക് നഗരം വിട്ട് പോകേണ്ടിവരും”, മനോജ് മിശ്ര എന്ന വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ പറയുന്നു. 2007-ൽ ആരംഭിച്ച യമുനാ ജിയേ അഭിയാൻ - വൈ.ജെ.എ. (യമുന നീണാൾ വാഴട്ടെ) എന്ന പ്രസ്ഥാനത്തിന്‍റെ തലവനാണ് മിശ്ര. യമുനയേയും അതിന്‍റെ ആവാസവ്യവസ്ഥയേയും പരിരക്ഷിക്കാൻ മുന്നിട്ട് പ്രവർത്തിക്കുന്ന ദില്ലിയിലെ ഏഴ് പ്രമുഖ പരിസ്ഥിതി സംഘടനകളേയും വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന പൌരന്മാരേയും ഒരുമിച്ച് കൊണ്ടുവന്ന സംഘടനയാണ് വൈ.ജെ.എ. “ജീവിക്കാൻ അസാധ്യമായ നഗരമായിരിക്കുന്നു ദില്ലി. വ്യാപകമായ ഒഴിഞ്ഞുപോക്കുകൾക്ക് ഇനി മഹാനഗരം സാക്ഷിയാവേണ്ടിവരും. അന്തരീക്ഷവായുവിന്‍റെ ഗുണം മെച്ചപ്പെടുത്തിയില്ലെങ്കിൽ നയതന്ത്രാലയങ്ങൾപോലും ഒഴിഞ്ഞുപോയേക്കും”.

*****

പ്രളയസാധ്യതാതീരങ്ങളിൽ കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കാലം തെറ്റി പെയ്യുന്ന മഴ കർഷകരേയും മുക്കുവരേയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്.

എന്നിട്ടും, യമുനാ നദിയെ ആശ്രയിക്കുന്നവർ ഇപ്പോഴും ഓരോ വർഷവും മഴയെ സ്വാഗതം ചെയ്യുന്നു. പുഴയെ ശുദ്ധീകരിച്ച് മീനുകളുടെ വംശവർദ്ധന സാധ്യമാക്കുന്നതിനാൽ മുക്കുവരും, പുതിയ ഫലഭൂയിഷ്ഠമായ മണ്ണ് പ്രദാനം ചെയ്യുന്നതിനാൽ കർഷകരും. “കാലവർഷം മണ്ണിന് പുതുജീവൻ നൽകുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നു“ എന്ന് ശങ്കർ വിശദീകരിക്കുന്നു. “2000-വരെ എല്ലാ വർഷവും ഇത് സംഭവിച്ചിരുന്നു. ഇപ്പോൾ മഴ കുറവായിട്ടുണ്ട്. മുമ്പ്, ജൂണിലാണ് കാലവർഷം തുടങ്ങുക. എന്നാൽ, ഇക്കൊല്ലം ജൂണിലും ജൂലായിലും വരണ്ട കാലാവസ്ഥയായിരുന്നു. മഴ വൈകിയത് ഞങ്ങളുടെ കൃഷിയെ ബാധിച്ചു”.

“മഴ കുറവായാൽ മണ്ണിലെ ക്ഷാരാംശം വർദ്ധിക്കും”. തന്‍റെ കൃഷിസ്ഥലം ഞങ്ങളെ കാണിക്കാൻ കൊണ്ടുപോകുമ്പോൾ ശങ്കർ പറഞ്ഞു. പ്രളയബാധിതപ്രദേശങ്ങളിൽ പുഴ നിക്ഷേപിച്ചുണ്ടായതാണ് ദില്ലിയിലെ എക്കൽ നിറഞ്ഞ മണ്ണ്. കരിമ്പും, ഗോതമ്പും, നെല്ലും മറ്റ് നിരവധി വിളകളും പച്ചക്കറികളും വളരാൻ അത് സഹായിച്ചിരുന്നു. 19-ാം നൂറ്റാണ്ടിന്‍റെ അവസാനംവരെ, ലാൽറി, മീരാതി, സൊരാഠ എന്നിങ്ങനെ, മൂന്നിനം കരിമ്പുകൾക്ക് പ്രസിദ്ധമായിരുന്നു ദില്ലി എന്ന് ഡെൽഹി ഗസറ്റിയർ പറയുന്നുണ്ട്.

'കാലവർഷം മണ്ണിന് പുതുജീവൻ നൽകുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നു' എന്ന് ശങ്കർ വിശദീകരിക്കുന്നു

വീഡിയോ കാണുക : 'ഇന്ന് ഗ്രാമത്തിൽ ഒരൊറ്റ വലിയ വൃക്ഷം പോലും ഇല്ല'

കരിമ്പുപയോഗിച്ചാണ് ക്രഷറികളിൽ പനഞ്ചക്കര ഉണ്ടാക്കുന്നത്. കുറച്ച് പതിറ്റാണ്ടുകൾ മുമ്പുവരെ, ദില്ലിയിലെ മുക്കിലും മൂലയിലുമുള്ള താത്ക്കാലിക കടകളിലും ഉന്തുവണ്ടികളിലും കരിമ്പിൻ ജ്യൂസ് വിറ്റിരുന്നു. “പിന്നീട് സർക്കാർ അത് വിലക്കി. അതോടെ കൃഷിയും നിന്നു”, ശങ്കർ പറഞ്ഞു. 1990-കൾ മുതൽ, കരിമ്പ് ജ്യൂസ് വിൽക്കുന്നവർക്കെതിരെ ഔദ്യോഗിക നിരോധനവും അതിനെതിരെ കോടതികളിൽ കേസുകളും നിലവിൽ വന്നു. “രോഗങ്ങൾ തടയാനും ശരീരം തണുപ്പിക്കാനും കരിമ്പ് ജ്യൂസ് നല്ലതാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ ശീതളപാനീയ കമ്പനികളുടെ സമ്മർദ്ദം മൂലം ഞങ്ങളെ അതിൽനിന്ന് വിലക്കി. അവരുടെ ആളുകൾ മന്ത്രിമാരെ വിലയ്ക്കെടുത്ത്, ഞങ്ങളെ തൊഴിലിൽനിന്ന് ആട്ടിപ്പുറത്താക്കി”.

ചിലപ്പോൾ, തീവ്ര കാലാവസ്ഥയും രാഷ്ട്രീയ-ഭരണ നയങ്ങളും ഒരുമിച്ച് ചേർന്ന് എല്ലാം തകർത്തുകളയുന്നു. ഓഗസ്റ്റ് മാസം ഹരിയാന അതിന്‍റെ ഹഥിനികുണ്ഡ് തടയണയിൽനിന്ന് വെള്ളം തുറന്നുവിട്ടപ്പോൾ യമുനയിൽ വെള്ളപ്പൊക്കമുണ്ടായി. അതും, ദില്ലിയിലെ മഴയും കൂടിയായപ്പോൾ നിരവധി വിളകൾ നശിച്ചു. ദേശീയസ്മാരകങ്ങളായ രാജ്ഘട്ടിനും ശാന്തിവനത്തിനും തൊട്ട് പിന്നിലായുള്ള തന്‍റെ ഒരേക്കർ ഭൂമിയിലെ വാടിയ മുളകുകളും, ഉണങ്ങിയ വഴുതിനകളും, ചീഞ്ഞ മുള്ളങ്കികളും വിജേന്ദ്ര ഞങ്ങൾക്ക് കാണിച്ചുതന്നു.

ഏറെക്കാലമായി, അല്പം വരണ്ട കാലാവസ്ഥയായിരുന്നു ഈ തലസ്ഥാന നഗരത്തിന്. 1911-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമാവുന്നതിന് മുൻപ്, കാർഷിക സംസ്ഥാനമായ പഞ്ചാബിന്‍റെ തെക്ക് കിഴക്കൻ ഭാഗമായിരുന്നു അത്. പടിഞ്ഞാറ് രാജസ്ഥാനിലെ താർ മരുഭൂമിയും വടക്ക് ഹിമാലയവും, കിഴക്ക് ഗംഗാ സമതലവുമായിരുന്നു. (ഇന്ന് ഈ സ്ഥലങ്ങളെല്ലാം കാലാവസ്ഥാ മാറ്റത്തിന്‍റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നുണ്ട്). അതിന്‍റെ ഫലമായി, മൂന്നുനാല് മാസത്തെ കാലവർഷമൊഴിച്ചാൽ ബാക്കി സമയം മുഴുവൻ തീവ്രമായ വേനലും തണുപ്പുമാണ് ദില്ലിയിൽ അനുഭവപ്പെടുന്നത്.

ഇപ്പോൾ കാലാവസ്ഥ കൂടുതൽ ക്രമം തെറ്റിയിരിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്‍റെ കണക്കുപ്രകാരം, ഈ വർഷം ജൂൺ‌-ഓഗസ്റ്റ് മാസങ്ങളിൽ 38 ശതമാനം കുറവ് മഴയാണ് ദില്ലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി 648.9 മി.മീ. കിട്ടേണ്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ കിട്ടിയത് 404.1 മി.മീ. മഴ മാത്രമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും മോശപ്പെട്ട കാലവർഷമായിരുന്നുവെന്ന് അർത്ഥം.

കാ‍ലാവസ്ഥാക്രമം മാറുകയും മഴ മുറിഞ്ഞ് മുറിഞ്ഞ് പെയ്യുകയും ചെയ്യുന്നുണ്ടെന്ന് സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓഫ് ഡാംസ്, റിവേഴ്സ് ആൻഡ് പീപ്പിളിന്‍റെ (South Asia Network of Dams Rivers and People) സംഘാടകനായ ഹിമാംശു തക്കര്‍ പറഞ്ഞു. മഴയുടെ അളവിൽ കുറവുണ്ടാകുന്നില്ലെങ്കിലും മഴദിനങ്ങൾ കുറയുന്നുണ്ട്. പെയ്യുമ്പോൾ നല്ല അളവിൽ മഴ കിട്ടുന്നുണ്ട്. ദില്ലി മാറിക്കൊണ്ടിരിക്കുകയാണ്. അത് യമുനയേയും അതിന്‍റെ പ്രളയസാധ്യതാതീരങ്ങളേയും വലിയ രീതിയിൽ ബാധിക്കും. തൊഴിൽ തേടിയുള്ള പലായനവും, റോഡുകളിലെ വാഹനങ്ങളും അന്തരീക്ഷമലിനീകരണവും എല്ലാം ഉയർന്നിരിക്കുന്നു. ചുറ്റുവട്ടത്തുള്ള യു.പി.യിലും പഞ്ചാബിലും ഇതിന്‍റെ പ്രതിഫലനങ്ങളുണ്ടാവുന്നുണ്ട്. സൂക്ഷ്മകാലാവസ്ഥകൾ (ഒരു ചെറിയ പ്രദേശത്തിന്‍റെ) പ്രാദേശികമായ കാലാവസ്ഥയിൽ ആഘാതമുണ്ടാക്കും.

*****

The flooding of the Yamuna (left) this year – when Haryana released water from the Hathni Kund barrage in August – coincided with the rains in Delhi and destroyed several crops (right)
PHOTO • Shalini Singh
The flooding of the Yamuna (left) this year – when Haryana released water from the Hathni Kund barrage in August – coincided with the rains in Delhi and destroyed several crops (right)
PHOTO • Aikantik Bag

ഓഗസ്റ്റ് മാസം ഹരിയാന ഹഥിനികുണ്ഡ് തടയണയിൽനിന്ന് വെള്ളം തുറന്നുവിട്ടപ്പോഴുണ്ടായ യമുനയിലെ വെള്ളപ്പൊക്കവും ദില്ലിയിലെ മഴയും ചേർന്ന് നിരവധി വിളകൾ നശിപ്പിച്ചു

“യമുനക്കക്കരെനിന്നുള്ള ഈ പയറുകൾ വാങ്ങൂ” എന്ന് വിളിച്ചുപറഞ്ഞാണ് 1980-കളിൽ ദില്ലിത്തെരുവുകളിൽ പച്ചക്കറി വിൽ‌പ്പനക്കാർ പയറുകൾ വിറ്റുനടന്നിരുന്നത്. ഇന്നത് കേൾക്കാനേയില്ല. ‘ലഖ്‌നൗവിലെ തണ്ണീർമത്തൻ’ എന്ന വിശേഷണത്തോടെയാണ് തണ്ണീർമത്തനുകൾ വിറ്റിരുന്നതെന്ന് നഗരത്തിലെ പഴമക്കാർ പറഞ്ഞിരുന്നതായി നരേറ്റീവ്സ് ഓഫ് ദ് എൻ‌വയൺ‌മെന്‍റ് ഓഫ് ഡെൽഹി (Narratives of the Environment of Delhi) എന്ന പുസ്തകത്തിൽ (ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് പ്രസിദ്ധീകരിച്ചത്) രേഖപ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷവായുവിനെക്കൂടി ആശ്രയിച്ച് വിളഞ്ഞിരുന്ന നല്ല ചാറുള്ള ആ തണ്ണീർമത്തനുകൾ യമുനയുടെ തീരത്തെ പശിമയുള്ള മണ്ണിൽ വളർന്നവയായിരുന്നു. കൃഷിയിലെ മാറ്റങ്ങൾ പുതുപുത്തൻ വിത്തുകളെ കമ്പോളത്തിൽ കൊണ്ടുവന്നു. ഇപ്പോൾ കിട്ടുന്ന തണ്ണീർമത്തനുകൾ ചെറുതും വരകളുള്ളതുമാണ്. വിളവ് കൂടുതൽ കിട്ടുന്നുണ്ടെങ്കിലും വലിപ്പത്തിൽ ചെറുതാണ് ഇപ്പോൾ കിട്ടുന്നവ.

രണ്ട് പതിറ്റാണ്ട് മുമ്പുവരെ, കച്ചവടക്കാർ ഉന്തുവണ്ടികളിൽ വീടുവീടാന്തരം കൊണ്ടുനടന്ന് വിറ്റിരുന്ന സിംഘാഢ (വാട്ടർ ചെസ്റ്റ് നട്ട്) ഫലങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. നജഫ്ഘഢ്ജീൽ തടാകത്തിന്‍റെ അടിയിലാണ് ഇത് വളർത്തിയിരുന്നത്. ഇന്ന്, യമുനയുടെ മലിനീകരണത്തിന് 63 ശതമാനം കാരണമായിരിക്കുന്നത്, നജഫ്ഘഢ് നജാഫ്ഘർ അഴുക്കുചാലും ദില്ലി ഗേറ്റ് അഴുക്കുചാലുമാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വെബ്‌സൈറ്റിൽ കാണാം. ചെറിയ ജലാശയങ്ങളിലാണ് സിംഘാര വളർത്തിയിരുന്നത് എന്ന് ദില്ലി പെസന്‍റ് കോ‌-ഓപ്പറേറ്റീവ് മൾട്ടിപർപ്പസ് സൊസൈറ്റിയുടെ (Delhi Peasants Cooperative Multipurpose Society) ജനറൽ സെക്രട്ടറിയായ 80 വയസ്സുള്ള ബൽജീത് സിംഗ് പറഞ്ഞു. “ദില്ലിയിൽ ആളുകൾ ഇപ്പോൾ അത് കൃഷിചെയ്യുന്നില്ല. കാരണം, ധാരാളം വെള്ളവും ക്ഷമയും ആവശ്യമുള്ളവയാണ് അവ”. ദില്ലിയിൽ ഇന്ന് ക്ഷാമമുള്ളത് ആ രണ്ട് വസ്തുക്കൾക്കാണ്. വെള്ളത്തിനും ക്ഷമയ്ക്കും.

അതിവേഗം വിളവ് കിട്ടാനാണ് കർഷകരും ആഗ്രഹിക്കുന്നതെന്ന് ബൽജീത് സിംഗ് പറഞ്ഞു. വെണ്ടക്ക, അമര, വഴുതനങ്ങ, മുള്ളങ്കിഴങ്ങ്, കോളിഫ്ലവർ തുടങ്ങി, 2-3 മാസം കൊണ്ട് വളരുന്നതും, വർഷത്തിൽ മൂന്നോ നാലോ തവണ വിളവെടുക്കാവുന്നതുമായ കൃഷികളിലാണ് അവർക്കും താത്പര്യം. “പുതിയ ഇനം മുള്ളങ്കിഴങ്ങുകൾ രണ്ട് പതിറ്റാണ്ട് മുമ്പ് വികസിപ്പിച്ചു. ശാസ്ത്രത്തിന്‍റെ ഫലമായി കൂടുതൽ വിളവ് കിട്ടുന്നുണ്ട്. പണ്ട്, ഒരേക്കറിൽനിന്ന് 45-50 ക്വിന്‍റലാണ് ഞങ്ങൾക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ, അതിന്‍റെ നാലിരട്ടി കിട്ടുന്നുണ്ട്. അതും, വർഷത്തിൽ മൂന്ന് തവണ വിളവെടുക്കാവുന്ന തരത്തിൽ”, വിജേന്ദ്ര പറഞ്ഞു.

Vijender’s one acre plot in Bela Estate (left), where he shows us the shrunken chillies and shrivelled brinjals (right) that will not bloom this season
PHOTO • Aikantik Bag
Vijender’s one acre plot in Bela Estate (left), where he shows us the shrunken chillies and shrivelled brinjals (right) that will not bloom this season
PHOTO • Aikantik Bag
Vijender’s one acre plot in Bela Estate (left), where he shows us the shrunken chillies and shrivelled brinjals (right) that will not bloom this season
PHOTO • Aikantik Bag

തന്‍റെ ബെലാ എസ്റ്റേറ്റിൽ‌വെച്ച് (ഇടത്ത്), വിജേന്ദ്ര ഞങ്ങളെ ഉണങ്ങിയ മുളകുകളും വാടിയ വഴുതനങ്ങകളും (വലത്ത്) കാണിച്ചുതന്നു. ഇക്കൊല്ലം അവയൊന്നും വിളയില്ല

ഇതേസമയം, കോൺക്രീറ്റുകൊണ്ടുള്ള വികസനവും ദില്ലിയിൽ വേഗതയാർജ്ജിക്കുകയാണ്. പ്രളയസാധ്യതാതീരങ്ങളെപ്പോലും അതൊഴിവാക്കുന്നില്ല. 2018-19-ലെ ദില്ലി സാമ്പത്തിക സർവ്വേപ്രകാരം, 2000-നും 2018-നും ഇടയിൽ കൃഷിസ്ഥലത്തിൽ 2 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. 1991-ൽ 50 ശതമാനമുണ്ടായിരുന്ന ഗ്രാമപ്രദേശം ഇപ്പോൾ 25 ശതമാനമായി കുറഞ്ഞിരിക്കുന്നു. ജനസംഖ്യയിലെ 2.5 ശതമാനം മാത്രമാണ് ഇന്ന് ദില്ലിയിലെ ഗ്രാമപ്രദേശങ്ങളിലുള്ളത്. തലസ്ഥാനത്തിനുവേണ്ടിയുള്ള 2021-ലെ മാസ്റ്റർ പ്ലാനിൽ, സമ്പൂർണ്ണ നഗരവത്ക്കരണത്തിനാണ് ദില്ലി വികസന അതോറിറ്റി ലക്ഷ്യമിടുന്നത്.

നഗരവത്ക്കരണത്തിലെ നിർമ്മാണജോലികളുടെ – നിയമപരവും നിയമവിരുദ്ധവുമായവ – തോത് കണക്കാക്കിയാൽ, 2030-ഓടെ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറാൻ പോവുകയാണ് ദില്ലി. ഇന്ന് 20 ദശലക്ഷം ജനങ്ങൾ പാർക്കുന്ന തലസ്ഥാനം, അക്കാലമാവുമ്പോഴേക്കും ടോക്കിയോവിനെ (ഇപ്പോൾ 37 ദശലക്ഷം ജനസംഖ്യ) കടത്തിവെട്ടിയിട്ടുണ്ടാവും. അടുത്ത വർഷത്തോടെ ഭൂഗർഭജലം വറ്റാൻ പോകുന്ന 21 ഇന്ത്യൻ നഗരങ്ങളിൽ ദില്ലിയുമുണ്ടായിരിക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

“നഗരത്തിന്‍റെ കോൺക്രീറ്റ്‌വത്ക്കരണമെന്നാൽ, കൂടുതൽ ഭൂമിയിൽ ടാർ പാവുക, വെള്ളമിറങ്ങാതാവുക, പച്ചപ്പ് കുറയുക, ടാർ ചെയ്തയിടങ്ങൾ ചൂട് ആഗിരണം ചെയ്ത് പുറത്തേക്ക് പ്രക്ഷേപിക്കുക എന്നൊക്കെയാണ് അർത്ഥം”, മനോജ് മിശ്ര പറയുന്നു.

1960-ൽ - ശങ്കറിന് 16 വയസ്സുള്ളപ്പോൾ - ദില്ലിയിലെ താപനില 32 ഡിഗ്രി സെൽ‌ഷ്യസിൽ എത്തിയ ദിവസങ്ങൾ ശരാശരി 178 ആയിരുന്നുവെന്ന് കാലാവസ്ഥയേയും ആഗോളതാപനത്തെയും കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിന്‍റെ ഒരു ഇന്‍ററാക്ടീവ് ടൂൾ പറയുന്നു. 2019-ൽ, ചൂട് ദിവസങ്ങൾ 205 ആയി വർദ്ധിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടവസാനത്തോടെ കൊല്ലത്തിൽ എട്ടുമാസത്തിലധികവും 32 ഡിഗ്രി സെൽ‌ഷ്യസിന് മീതെ ചൂടുള്ള ദിവസങ്ങളായിരിക്കും.

Shiv Shankar and his son Praveen Kumar start the watering process on their field
PHOTO • Aikantik Bag
Shiv Shankar and his son Praveen Kumar start the watering process on their field
PHOTO • Shalini Singh

ശിവശങ്കറും മകൻ പ്രവീൺ കുമാറും കൃഷിസ്ഥലം നനയ്ക്കുന്നു

ദില്ലിയിലെ തെക്ക്-പടിഞ്ഞാറുള്ള പാലം എന്ന സ്ഥലവും കിഴക്കുള്ള പ്രളയസാധ്യതാതീരവുമായി ഏകദേശം 4 ഡിഗ്രി സെൽ‌ഷ്യസിന്‍റെ വ്യത്യാസമുണ്ട് താപനിലയിൽ എന്ന് മിശ്ര ചൂണ്ടിക്കാട്ടി. “പാലം ഭാഗത്ത് 45 സെൽ‌ഷ്യസാണെങ്കിൽ, ഈ തീരത്ത്, 40-41 വരെ മാത്രമേ ചൂടുള്ളു”. “ഒരു മഹാനഗരത്തെ സംബന്ധിച്ചിടത്തോളം, ഈ പ്രളയസാധ്യതാതീരങ്ങൾ ഒരു വരദാനമാണ്”. അദ്ദേഹം പറഞ്ഞു.

*****

യമുനയിലെ മാലിന്യത്തിന്‍റെ 80 ശതമാനവും വരുന്നത് തലസ്ഥാനത്തുനിന്നാണെന്ന് ദേശീയ ഹരിത ട്രിബ്യൂണൽതന്നെ സമ്മതിച്ചിട്ടുണ്ടെന്നതിനാൽ, യമുന ദില്ലിയെ ‘വിട്ടുപോയാൽ’ എന്ത് സംഭവിക്കുമെന്ന് ഒന്ന് ചിന്തിച്ചുനോക്കുക. അസുഖകരമായ ഒരു ബന്ധത്തിൽപ്പെട്ട് ദോഷഫലങ്ങൾ അനുഭവിക്കുന്ന ആൾ, സ്വാഭാവികമായും ചെയ്യുന്ന ഒന്നായിരിക്കുമല്ലോ അത്. “ദില്ലി നിലനിൽക്കുന്നത് യമുനയുള്ളതുകൊണ്ടാണ്, മറിച്ചല്ല” മിശ്ര പറഞ്ഞു. “ദില്ലിയുടെ ഉയർന്ന പ്രദേശത്തുവെച്ച് ഒരു സമാന്തര കൈവഴിയിലേക്ക് യമുന ഗതി മാറി ഒഴുകുന്നു. അതിൽനിന്നാണ് ദില്ലിയുടെ 60 ശതമാനം കുടിവെള്ളവും ലഭ്യമാകുന്നത്. കാലവർഷം പുഴയെ രക്ഷിക്കുകയാണ്. ആദ്യത്തെ തിരത്തള്ളലിൽ, നദിയിലെ മാലിന്യത്തെ മുഴുവൻ അത് ഒഴുക്കിക്കളയുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും തിരത്തള്ളലിൽ, അത് നഗരത്തിന്‍റെ ഭൂഗർഭ ജലശേഖരത്തെ പുനരുജ്ജീവിപ്പിക്കുന്നു. അഞ്ചോ പത്തോ കൊല്ലത്തേക്കുള്ള പുനരുജ്ജീവനമാണ് യമുന നടത്തുന്നത്. ഏതൊരു സ്ഥാപനത്തിനെക്കൊണ്ടും ചെയ്യാൻ കഴിയാത്തതാണ് അത്. 2008, 2010, 2013 വർഷങ്ങളിൽ പ്രളയസമാനമായ വെള്ളം വന്നപ്പോൾ അടുത്ത അഞ്ച് വർഷത്തേക്കുള്ള ജലശേഖരം നമുക്ക് കിട്ടി. മിക്ക ദില്ലി നിവാസികളും ഇത് മനസ്സിലാക്കുന്നില്ല”.

പ്രളയസാധ്യതാ തീരങ്ങളാണ് നിർണ്ണായകം. ജലത്തിന് ഒഴുകിപ്പരന്ന് ശമിക്കാൻ ഇവ സഹായിക്കുന്നു. പ്രളയകാലത്ത്, അധികം വരുന്ന വെള്ളം ഇവ ശേഖരിച്ച് ഭൂഗർഭ ഉറവകളിലേക്ക് കുറേശ്ശെയായി തുറന്നുവിടുന്നു. ആത്യന്തികമായി ഇത് നദിയെ പുനരുജ്ജീവിപ്പിക്കുന്നു. 1978-ലെ പ്രളയം ദില്ലിയെ തകർത്തുകളഞ്ഞു. ഔദ്യോഗിക സുരക്ഷാനിരപ്പും കഴിഞ്ഞ് യമുന ആറടിയോളം ഉയർന്നപ്പോൾ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ലക്ഷക്കണക്കിനാളുകളെ ബാധിച്ചു. കുറേ പേർക്ക് വീടുകൾ നഷ്ടമായി. കൃഷിക്കും മറ്റ് ജലാശയങ്ങൾക്കുമുണ്ടായ കേടുപാടുകൾ പറയുകയും വേണ്ട. 2013-ലാണ് ഏറ്റവുമൊടുവിൽ യമുന അപകടനിരപ്പ് വീണ്ടും കടന്നത്. പ്രളയസാധ്യതാതീരങ്ങളിലെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ‘യമുനാ നദി പദ്ധതി: ന്യൂ ദില്ലി നഗര പരിസ്ഥിതി വിജ്ഞാന’ പഠനം ('Yamuna River Project: New Delhi Urban Ecology'- വിർജീനിയ സർവ്വകലാശാല നടത്തുന്ന പഠനം) പറയുന്നു. “നൂറുവർഷത്തിലൊരിക്കലുണ്ടാവുന്ന പ്രളയത്തിൽ തീരങ്ങളെല്ലാമിടിഞ്ഞ്, പ്രളയസാധ്യതാതീരത്തിന്‍റെ താഴ്ന്ന പ്രദേശത്തെ കെട്ടിടങ്ങളെ ഒഴുക്കിക്കളയുകയും കിഴക്കൻ ദില്ലിയെ വെള്ളത്തിൽ മുക്കുകയും ചെയ്യും” എന്നാണ് അവരുടെ പഠനം കാണിക്കുന്നത്.

Shiv Shankar explaining the changes in his farmland (right) he has witnessed over the years
PHOTO • Aikantik Bag
Shiv Shankar explaining the changes in his farmland (right) he has witnessed over the years
PHOTO • Aikantik Bag

കഴിഞ്ഞ കുറേ വർഷങ്ങളായി , തന്‍റെ കൃഷിസ്ഥലത്ത് (വലത്ത്) സാക്ഷ്യം വഹിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ശിവശങ്കർ വിവരിക്കുന്നു

പ്രളയസാധ്യതാതീരങ്ങളിൽ ഇനിയും നിർമ്മാണങ്ങൾ നടത്തുന്നതിനെതിരേ കർഷകർ മുന്നറിയിപ്പ് നൽകുന്നു. “ജലനിരപ്പിനെ അത് വിനാശകരമായി ബാധിക്കും. വാഹനം നിർത്തിയിടാനായി എല്ലാ കെട്ടിടങ്ങളിലും അവർ അടിഭാഗം (ബേസ്മെന്‍റ്) നിർമ്മിക്കും. മരത്തിന്‍റെ ലഭ്യതയ്ക്കായി അലങ്കാരവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചേക്കാം. ഫലങ്ങൾ തരുന്ന മരങ്ങളാണെങ്കിൽ ആളുകൾക്ക് ഒന്നുമല്ലെങ്കിൽ ഭക്ഷണവും വരുമാനവും കിട്ടുമെന്ന് ആശ്വസിക്കാമായിരുന്നു. പക്ഷിമൃഗാദികൾക്കും വയർ നിറയ്ക്കാം.” ശിവശങ്കർ പറഞ്ഞു.

1993 മുതലിങ്ങോട്ട്, യമുനയെ ശുദ്ധീകരിക്കാൻ 3,100 കോടി രൂപ ചിലവിട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. “എന്നിട്ടും ഇപ്പോഴും യമുന മലിനമായി കിടക്കുന്നത് എന്തുകൊണ്ടാണ്” എന്ന് പരിഹാ‍സത്തോടെ ചോദിക്കുന്നു ബൽജീത് സിംഗ്.

ദില്ലിയിൽ എല്ലാം ഒരുമിച്ച് വരികയാണ്. അപകടകരമായ വിധത്തിൽ. നഗരത്തിലെ ലഭ്യമായ എല്ലാ സ്ഥലങ്ങളുടേയും കോൺക്രീറ്റുവത്ക്കരണം, യമുനാതീരത്തിലെ അനിയന്ത്രിതമായ നിർമ്മാണങ്ങളും അതിന്‍റെ ദുരുപയോഗവും, മഹാനദിയെ ശ്വാസം മുട്ടിക്കുന്ന മാലിന്യങ്ങൾ, ഭൂ ഉപയോഗത്തിലും പുതിയ വിത്തിനങ്ങളിലും വരുന്ന മാറ്റങ്ങൾ, ശീലങ്ങളും സാങ്കേതികതയും കൊണ്ടുവരുന്ന, അതുപയോഗിക്കുന്നവർക്ക് മുൻ‌‌കൂട്ടി കാണുവാനാകാത്ത പ്രത്യാഘാതങ്ങൾ, പ്രകൃതിയുടെ താപമാപിനിയുടെ തകർച്ച, കാലം തെറ്റിവരുന്ന കാലവർഷം, അനിതരസാധാരണമായ അന്തരീക്ഷ മലിനീകരണം. മാരകമായ ഒരു സംയുക്തമാണ് ദില്ലിയെ കാത്തിരിക്കുന്നത്.

ശങ്കറിനും അദ്ദേഹത്തിന്‍റെ സഹകർഷകർക്കും അതിലെ ചില ചേരുവകളെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. “എത്ര റോഡുകൾ നിർമ്മിക്കും നിങ്ങൾ? കൂടുതൽ കോൺക്രീറ്റിടുന്തോറും നിലം കൂടുതൽ ചൂട് വലിച്ചെടുക്കും. പ്രകൃതിയിലെ മലകൾപോലും, മഴക്കാലത്ത് ഭൂമിയെ പുനരൂർജ്ജം ചെയ്യാൻ സഹായിക്കുന്നുണ്ട്. കോൺക്രീറ്റുകൊണ്ട് മനുഷ്യനുണ്ടാക്കുന്ന പർവ്വതങ്ങൾ ഭൂമിയെ ശ്വസിക്കാനോ, ജലം ശേഖരിക്കാനോ ഉപയോഗിക്കാനോ ഒന്നും അനുവദിക്കുന്നില്ല. വെള്ളമില്ലാതെ നിങ്ങളെങ്ങിനെയാണ് ഭക്ഷണമുണ്ടാക്കുക?

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Reporter : Shalini Singh

ଶାଳିନୀ ସିଂହ ‘ପରୀ’ର ପ୍ରକାଶନୀ ସଂସ୍ଥା କାଉଣ୍ଟରମିଡିଆ ଟ୍ରଷ୍ଟର ଜଣେ ପ୍ରତିଷ୍ଠାତା ଟ୍ରଷ୍ଟି । ସେ ଦିଲ୍ଲୀର ଜଣେ ସାମ୍ବାଦିକା ଏବଂ ପରିବେଶ, ଲିଙ୍ଗଗତ ପ୍ରସଙ୍ଗ ଏବଂ ସଂସ୍କୃତି ସଂପର୍କରେ ଲେଖା ଲେଖନ୍ତି ଏବଂ ସେ ହାଭାର୍ଡ ବିଶ୍ୱବିଦ୍ୟାଳୟରେ ୨୦୧୭- ୧୮ର ନୀମାନ୍‌ ଫେଲୋ ଫର୍‌ ଜର୍ଣ୍ଣାଲିଜ୍‌ମ ଥିଲେ ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ଶାଳିନି ସିଂ
Editor : P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Series Editors : P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ
Series Editors : Sharmila Joshi

ଶର୍ମିଳା ଯୋଶୀ ପିପୁଲ୍ସ ଆର୍କାଇଭ୍‌ ଅଫ୍‌ ରୁରାଲ ଇଣ୍ଡିଆର ପୂର୍ବତନ କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା ଏବଂ ଜଣେ ଲେଖିକା ଓ ସାମୟିକ ଶିକ୍ଷୟିତ୍ରୀ

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ଶର୍ମିଲା ଯୋଶୀ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat