മണ്ണുണങ്ങി കട്ടപിടിച്ച ചെറിയൊരു കുഴിയില്‍ ചത്തുമലച്ചൊരു ഞണ്ട് കിടക്കുന്നു. അതിന്‍റെ കൈകാലുകള്‍ വേര്‍പെട്ടിട്ടുണ്ട്. 'ചൂട് മൂലം അവ ചത്തൊടുങ്ങുകയാണ്,' അഞ്ചേക്കര്‍ പാടം നിറയെയുള്ള കുഴികളില്‍ ഒന്നിലേയ്ക്ക് കൈചൂണ്ടി ദേവേന്ദ്ര ഭോന്‍ഗഡെ പറഞ്ഞു.
മഴ പെയ്തിരുന്നെങ്കില്‍ പാടം നിറയെ ഞണ്ടുകളാൽ നിറയുമായിരുന്നു. പച്ചയില്‍ മഞ്ഞരാശിയുമായി ഉണങ്ങിത്തുടങ്ങിയ നെല്ല് ചൂണ്ടിക്കാട്ടി മുപ്പതുവയസിനോട് അടുത്ത് പ്രായമുള്ള ആ കര്‍ഷകന്‍ ആശങ്ക കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു. 'ഈ നെല്‍ച്ചെടികള്‍ രക്ഷപ്പെടുമെന്നു തോന്നുന്നില്ല.'
2011-ലെ സെന്‍സസ് അനുസരിച്ച് അയാളുടെ ഗ്രാമമായ രാവൺവാഡിയില്‍ 542 ആളുകളാണുള്ളത്. ജൂണ്‍ മാസം പകുതിയില്‍ മഴക്കാലത്തിന്‍റെ വരവുകാത്ത് കര്‍ഷകര്‍ ചെറിയതടങ്ങളിലെ ഞാറ്റടികളില്‍ വിത്തുകള്‍ നടും. നല്ല കുറെ മഴയ്ക്കുശേഷം ബണ്ടുകള്‍ അതിരുകാക്കുന്ന ചാലുകളില്‍ ചെളിവെള്ളം നിറയുമ്പോള്‍ അവര്‍ മൂന്നുനാല് ആഴ്ച പ്രായമുള്ള ഞാറ് കൃഷിയിടത്തിലേയ്ക്ക് പറിച്ചുനടും.
എന്നാല്‍, മഴക്കാലം തുടങ്ങി ആറാഴ്ച കഴിഞ്ഞിട്ടും, ഈ വര്‍ഷം ജൂലൈ 20 വരെയും, രാവൺവാഡിയില്‍ മഴപെയ്തില്ല. 'രണ്ടുപ്രാവശ്യം ചെറുതായൊന്നു ചാറി, എന്നാല്‍ അതുകൊണ്ട് ഒന്നുമായില്ല,' ഭോന്‍ഗഡെ പറഞ്ഞു. കിണറുകളുള്ള കര്‍ഷകര്‍ നെല്‍ച്ചെടികള്‍ നനച്ചു സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മിക്ക പാടങ്ങളിലും തൊഴിൽ ഇല്ലാതായതോടെ ഭൂരഹിതരായ തൊഴിലാളികള്‍ നിത്യവേതനത്തിനായി ഗ്രാമം വിട്ട് പുറത്തേയ്ക്ക് പോകുകയാണ്.










