2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ അരുൺ ഗായക്വാഡിന്‍റെ പത്തേക്കർ നിലം ശൂന്യമായി. “മണിച്ചോളം, ചന [പൊട്ടുകടല], സവാള എന്നിവയൊക്കെ ഏകദേശം ആ സമയത്താണ് ഞങ്ങൾ വിളവെടുത്തത്”, ഉസ്മാനാബാദ് താലൂക്കിലെ മഹാലിംഗി താലൂക്കിലെ തന്‍റെ വീട്ടിൽവച്ച് അദ്ദേഹത്തിന്‍റെ ഭാര്യ 48 – കാരിയായ രാജശ്രീ പറഞ്ഞു.

ദേശവ്യാപകമായ ലോക്ക്ഡൗൺ മൂലം വിപണികളൊക്കെ അടച്ചിരിക്കുന്നു. “ഞങ്ങൾക്ക് വിളശേഖരം മണ്ഡിയിലെത്തിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് എല്ലാ വിളകളും ഞങ്ങളുടെ കൺമുന്നിൽത്തന്നെ കിടന്ന് നശിച്ചു പോയി”, രാജശ്രീ പറഞ്ഞു.

52-കാരനായ അരുണും രാജശ്രീയും 10 ക്വിന്‍റൽ മണിച്ചോളവും 100 ക്വിന്‍റൽ സവാളയും 15 ക്വിന്‍റൽ പൊട്ടുകടലയും വിളവെടുത്തു. ആ സമയത്ത് ക്വിന്‍റലിന് മിനിമം താങ്ങുവില 2,550 രൂപയായിരുന്നു. പൊട്ടുകടലയ്ക്ക് ഇത് 4,800 രൂപയായിരുന്നു. സവാള ക്വിന്‍റലിന് 1,300 രൂപയ്ക്കാണ് വിറ്റത്. അക്കാരണത്താൽ ദമ്പതികൾക്ക് നഷ്ടം വന്നത് കുറഞ്ഞത് 227,500 രൂപയാണ് - വിത്ത്, വളം, കീടനാശിനി, കൃഷിയിറക്കാൻ വേണ്ട മറ്റു ചിലവുകൾ എന്നീ ഇനങ്ങളിലുള്ളവ കൂട്ടാതെ.

കൂടാതെ വിളകൾ കൃഷിചെയ്യാനായി മണിക്കൂറുകളോളം അവർ പണിയെടുത്തിട്ടുണ്ടെന്നും രാജശ്രീ കൂട്ടിച്ചേർത്തു. കോവിഡ് പ്രതിസന്ധിക്ക് തൊട്ടുമുമ്പ് അദ്ദേഹം ഒരു ട്രാക്ടർ വാങ്ങിയിരുന്നു. അതിന്‍റെ വില പ്രതിമാസം 15,000 രൂപ വീതം തവണകളായി അടക്കുക ബുദ്ധിമുട്ടായിത്തീർന്നു. ഞങ്ങൾക്ക് ബാങ്കിൽ നിന്നും നോട്ടീസ് കിട്ടാൻ തുടങ്ങി.”

പക്ഷേ 2020-ലെ ഖരീഫ് സീസണിൽ (ജൂലൈ- ഒക്ടോബർ) നഷ്ടം നികത്താമെന്ന് അരുൺ പ്രതീക്ഷിച്ചു. കോവിഡ്-19 ഒന്നാം തരംഗത്തിന് ജൂലൈയോടെ കുറവ് വന്നു. കേസുകളുടെ എണ്ണം കുറയാനും തുടങ്ങി. ഏറ്റവും മോശം അവസ്ഥ നീങ്ങിയെന്ന് അദ്ദേഹം വിചാരിച്ചു. "സാധാരണ അവസ്ഥയിലേക്ക് പെട്ടെന്ന് മടങ്ങുമെന്നും വിനാശകരമായ അവസ്ഥ അവസാനിച്ചുവെന്നും ഞങ്ങൾ വിചാരിച്ചു. സമ്പദ്‌വ്യവസ്ഥ പതിയെ തുറക്കുകയായിരുന്നു”, അരുണിന്‍റെ മുപ്പതുകാരനായ മരുമകൻ പ്രദീപ് ധവലെ പറഞ്ഞു.

കഴിഞ്ഞവർഷം അരുണും രാജശ്രീയും അവരുടെ കൃഷിയിടത്തിൽ സോയാബീൻ നട്ടു. പക്ഷെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉസ്മാനാബാദിലുടനീളം വിളവെടുപ്പിന്‍റെ സമയത്തുണ്ടായ അസമയത്തുള്ള മഴ സോയാബീൻ കൃഷി നശിപ്പിച്ചു . "ഞങ്ങളുടെ കൃഷി ഭൂമി മുഴുവൻ പ്രളയത്തിലായി”, രാജശ്രീ പറഞ്ഞു. "വിളവുകൾ ഒന്നും സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങൾക്കുണ്ടായ നഷ്ടം എത്രയെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. മിക്കവാറും അദ്ദേഹത്തിന് എന്‍റെ ഉത്കണ്ഠ വർദ്ധിപ്പിക്കണമെന്ന് ഇല്ലായിരിക്കും.” പത്തു ലക്ഷത്തിനടുത്താണ് (കഴിഞ്ഞ നാലഞ്ച് വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയത്) തങ്ങളുടെ നഷ്ടമെന്ന് തന്നോടദ്ദേഹം പറഞ്ഞതായി അവർ ഓർക്കുന്നു.

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത് : തന്‍റെ ഭാര്യാപിതാവ് അരുൺ ഗായക്വാഡ് വാങ്ങിയ ട്രാക്ടറുമായി പ്രദീപ് ധവലെ. വലത് : അരുൺ ആത്മഹത്യ ചെയ്ത ഷെഡ്

അവയിൽ ചിലത് തങ്ങളുടെ 3 പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതുമൂലം ഉണ്ടായിട്ടുള്ളതാണ്. “കോവിഡിനു മുമ്പുതന്നെ ഞങ്ങളുടെ അവസ്ഥ മോശമായിരുന്നു. ലോക്ക്ഡൗണിനും കനത്ത മഴകൾക്കും ശേഷം അത് കൂടുതൽ വഷളായി”, രാജശ്രീ പറഞ്ഞു. "ഞങ്ങൾക്ക് 20 വയസ്സുകാരനായ ഒരു മകൻ കൂടിയുണ്ട് - മംഥൻ. അവന്‍റെ പഠനത്തിന് ഞങ്ങൾക്ക് പണമാവശ്യമുണ്ട്.

അരുണിന് അപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അവസാനം, ഏറ്റവും മോശമായ അവസ്ഥ തന്നിൽ നിന്നകന്നുവെന്ന് അദ്ദേഹത്തിന് തോന്നി. വർദ്ധിത വീര്യത്തോടെ അദ്ദേഹം റബി സീസണിൽ പണി ചെയ്യാൻ തുടങ്ങി. നവംബറിലാണ് റബി സീസൺ തുടങ്ങുന്നത്. അദ്ദേഹം മണിച്ചോളവും പൊട്ടുകടലയും കൃഷി ചെയ്തു. “പക്ഷെ, റബി വിളവെടുക്കേണ്ട സമയത്ത് [ഏകദേശം മാർച്ചിൽ] രണ്ടാം [കോവിഡ് 19] തരംഗം വന്നു”, പ്രദീപ് പറഞ്ഞു. "ഇത് ഒന്നാം തരംഗത്തേക്കാൾ ഭയാനകമായിരുന്നു. കഴിഞ്ഞവർഷമില്ലാത്ത തരത്തിൽ ആളുകൾ പരിഭ്രാന്തരായി. ആർക്കും പുറത്തിറങ്ങേണ്ടായിരുന്നു.”

ഇത്തവണ അവർ 25 ക്വിന്‍റൽ മണിച്ചോളവും ഏകദേശം 20 ക്വിന്‍റൽ പൊട്ടുകടലയും വിളവെടുത്തു. പക്ഷെ അരുണിനും രാജശ്രീക്കും അത് വീണ്ടും 2020 മാർച്ചായിരുന്നു. രാജ്യം മറ്റൊരു ലോക്ക്ഡൗണിലായി. വിപണികൾ അടച്ചു. എല്ലാ പ്രധാന വിളകളുടെയും വിലകൾ കുറഞ്ഞു.

ഇനിയും വിപത്തുകൾ വരുമോയെന്ന ചിന്ത അദ്ദേഹത്തെ സംഭ്രമചിത്തനാക്കിയിരിക്കണം. ഈ വർഷം ഏപ്രിൽ ഒരു രാവിലെ അദ്ദേഹം തന്‍റെ വീടിനടുത്തുള്ള ഒരു ഷെഡിൽ തൂങ്ങിമരിച്ചു.

അരുണിന് കോവിഡ്-19-ൽ നിന്നും രക്ഷനേടാൻ കഴിയുമായിരുന്നിരിക്കാം. പക്ഷെ അത് അവശേഷിപ്പിച്ച നഷ്ടത്തിൽനിന്നും രക്ഷപെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

യു.എസിൽ നിന്നുള്ള ഒരു ഗവേഷഗ സംഘടന (PEW Research Center) അതിന്‍റെ 2021 മാർച്ച് റിപ്പോർട്ടിൽ പറയുന്നത് 2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട് വെറും ഒരു വർഷത്തിനകം 75 ദശലക്ഷത്തോളം ആളുകൾ പട്ടിണിയിലേക്ക് എടുത്തെറിയപ്പെട്ടുവെന്നാണ് – പ്രതിദിന വരുമാനം 2 ഡോളറോ അതിൽ താഴെയോ എന്ന കണക്കിൽ.

സാമ്പത്തിക മാന്ദ്യം ഉസ്മാനാബാദിൽ പ്രത്യേകിച്ച് പ്രകടമായിരുന്നു. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ പ്രദേശത്ത് കടബാദ്ധ്യതയും ദുരിതവും മൂലം കഴിഞ്ഞ മൂന്ന് ദശകങ്ങളായി കർഷകർ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു കാർഷിക ജില്ലയാണ് ഉസ്മാനാബാദ്.

PHOTO • Parth M.N.
PHOTO • Parth M.N.

കോവിഡ് -19 രണ്ടാം തരംഗം കർഷകർക്ക് വിളകൾ വിൽക്കുന്നതിന് തടസ്സമായപ്പോൾ വിളവെടുത്ത സവാളകൾ ഈ വർഷം ഏപ്രിലിൽ ഉസ്മാനാബാദിൽ പാഴായിപ്പോയി

സംസ്ഥാനത്ത് 2015 മുതൽ 2018 വരെ കർഷക ആത്മഹത്യ ഏറ്റവും കൂടുതൽ നടന്നത് മറാത്ത്‌വാഡയിലാണ്. വർഷങ്ങളായുള്ള വരൾച്ച, വിലക്കയറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം മുങ്ങിക്കൊണ്ടിരിക്കുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കർഷക പ്രശ്നങ്ങളെ വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നു. മഹാമാരി തുടങ്ങിയതുകൊണ്ട് അതിജീവനത്തിനായുള്ള അവരുടെ സമരം ബുദ്ധിമുട്ടായിത്തീർന്നു. മഹാമാരി വളരെയധികം കർഷകരെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു..

രണ്ടാം തരംഗം തുടങ്ങുന്നതിനു മുമ്പുതന്നെ 40-കാരനായ രമേശ് ചൗരെയെ എല്ലാം നഷ്ടപ്പെടുമെന്ന ഭീതി കീഴടക്കിയിരുന്നു. ആദ്യ തരംഗം അദ്ദേഹത്തിന്‍റെ ഉറപ്പുകളെയെല്ലാം തകർത്തിരുന്നു.

ഉസ്മാനാബാദിലെ രഘുചിവാഡി ഗ്രാമത്തിൽ മൂന്നേക്കർ നിലമുള്ള കർഷകനാണ് രമേശ്. ഭാര്യയുടെ ഡയാലിസിസ് ചികിത്സയ്ക്കായി രമേശ് പണം കടം വാങ്ങിയിരുന്നു. ഡയാലിസിസ് ചികിത്സയ്ക്കായി 90 കിലോമീറ്റർ അകലെയുള്ള ലാത്തൂരിൽ മാസത്തിൽ ഒരു തവണയെങ്കിലും പോകണം. "അവളുടെ ചികിത്സയ്ക്കായി അവന് ഒരുപാട് പണം ചിലവാക്കേണ്ടിവന്നു”, തൊട്ടടുത്തുതന്നെ താമസിക്കുന്ന അദ്ദേഹത്തിന്‍റെ അമ്മാവനായ 61-കാരൻ രാംറാവു പറഞ്ഞു.

ഭാര്യയുടെ മരണത്തിനുശേഷം മണിച്ചോളവും സോയാബീനും ആണ് രമേശ് തന്‍റെ പാടത്ത് നട്ടത്. കഴിഞ്ഞുകൂടാനായി അദ്ദേഹം ഒരു ടെമ്പോ ഓടിക്കുകയും 16-കാരനായ മകൻ രോഹിതിനെ നോക്കുകയും ചെയ്തു. “ഡ്രൈവറായി ജോലി ചെയ്ത് അവൻ മാസം 6,000 രൂപ ഉണ്ടാക്കിയിരുന്നു”, രാംറാവു പറഞ്ഞു. "പക്ഷേ കോവിഡ്-19 [പൊട്ടിപ്പുറപ്പെട്ടത്] കാരണം അവന് പണി നഷ്ടപ്പെട്ടു. കർഷകനെന്ന നിലയിലും കഷ്ടപ്പെട്ടു.”

മറ്റു കർഷകരെപ്പോലെ രമേശിന് തന്‍റെ 25 ക്വിന്‍റൽ മണിച്ചോളം വിൽക്കാൻ സാധിച്ചില്ല. അങ്ങനെ അദ്ദേഹത്തിന് 64,000 രൂപ നഷ്ടപ്പെട്ടു. അതിനും പുറമെ തന്‍റെ മരുമകന് 30,000 രൂപകൂടി നഷ്ടപ്പെട്ടുവെന്ന് രാംറാവു പറഞ്ഞു. എന്തുകൊണ്ടെന്നാൽ കുറഞ്ഞത് 12,000 രൂപ വീതമെങ്കിലും  കൃഷിയിറക്കുന്നതിനായി ഏക്കറിന് അദ്ദേഹം ചിലവഴിച്ചിരുന്നു.

വർദ്ധിച്ചുകൊണ്ടിരിക്കുന്ന കടം രമേശിനെ വിഷണ്ണനാക്കാൻ തുടങ്ങി. കൃഷി ചിലവുകളും മെഡിക്കൽ ചിലവുകളും ഉൾപ്പെടെ 4 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്‍റെ കടം. "സോയാബീൻ സീസൺ നന്നായാൽ പോലും ഉടനെങ്ങും തന്‍റെ കടം തീരാൻ പോകുന്നില്ലെന്ന് അവന് മനസ്സിലായി”, രാംറാവു പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബറിൽ രമേശ് ജീവിതം അവസാനിപ്പിച്ചു. "വയ്കുന്നേരം ഞാൻ പാടത്ത് പോയതായിരുന്നു. തിരിച്ചു വന്നപ്പോൾ കണ്ടത് അവൻ സീലിംഗ് ഫാനിൽ [തന്‍റെ വീട്ടിൽ] തൂങ്ങി നിൽക്കുന്നതാണ്”, രാംറാവു ഓർമ്മിച്ചു. "ഒക്ടോബറിലെ മഴ അവന്‍റെ വിളവ് മുഴുവൻ നശിപ്പിച്ചിരുന്നു. അത് കാണാൻ അവന് സാധിക്കില്ലായിരുന്നു.”

ഒരു വർഷത്തിനകം മാതാപിതാക്കൾ രണ്ടു പേരും മരിച്ചതുകൊണ്ട് രമേശിന്‍റെ മകനായ രോഹിത് തന്‍റെ പഠനം തുടരുന്നതിനായി ഒരു റേഷൻകടയിൽ ജോലി ചെയ്യാൻ തുടങ്ങി. "ഞാൻ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. കോളേജിൽ പോയി കല പഠിക്കണം”, അവൻ പറഞ്ഞു. "അതിനുശേഷം എന്തു ചെയ്യാൻ പറ്റുമെന്ന് നോക്കാം.”

PHOTO • Parth M.N.

കർഷകനെന്ന നിലയിൽ രമേശ് കഷ്ടപ്പെട്ടു ", രാംറാവു ചൗരെ തന്‍റെ മരുമകനെക്കുറിച്ച് പറയുന്നു

വർഷങ്ങളായുള്ള വരൾച്ചയുടെയും വിലക്കയറ്റത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ഭാരം മൂലം മുങ്ങിക്കൊണ്ടിരിക്കുന്ന പ്രാദേശിക സമ്പദ്‌വ്യവസ്ഥ കർഷക പ്രശ്നങ്ങളെ വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നു. മഹാമാരി തുടങ്ങിയതുകൊണ്ട് അതിജീവനത്തിനായുള്ള അവരുടെ സമരം ബുദ്ധിമുട്ടായി. മഹാമാരി വളരെയധികം കർഷകരെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തു

കർഷകരുടെ വാങ്ങൽശേഷി തകരുന്നതിന്‍റെ ഫലം ദൂരവ്യാപകമായിരുന്നു.

ബീഡ് ജില്ലയിലെ ധാരൂർ താലൂക്കിലെ കൃഷി സേവ കേന്ദ്രയുടെ ഉടമയായ 31-കാരനായ ശ്രീകൃഷ്ണ ബഡെക്ക് ഇതിന്‍റെ ഫലങ്ങൾ അനുഭവപ്പെട്ടു തുടങ്ങി. ഉസ്മാനാബാദ് നഗരത്തിൽ നിന്നും 115 കിലോമീറ്റർ മാറി ദേവ്ദഹിഫൽ ഗ്രാമത്തിലെ അദ്ദേഹത്തിന്‍റെ കടയിൽ പ്രദേശത്തെ കർഷകർക്കുവേണ്ട വിത്ത്, വളം, കീടനാശിനികൾ എന്നിവയൊക്കെ വിറ്റിരുന്നു. “ഒരുപാടു കർഷകരും അവ വാങ്ങുകയായിരുന്നില്ല, കടം വാങ്ങുകയായിരുന്നു”, ബഢെയുടെ 24-കാരനായ ബന്ധു ഖണ്ഡു പോടെ പറഞ്ഞു. "[കൃഷി] സീസൺ കഴിയുമ്പോൾ വിളവ് വിറ്റിട്ട് അവർ കടക്കാരന് കൊടുക്കാനുള്ളത് കൊടുക്കുന്നു.”

എന്നിരിക്കിലും മഹാമാരി പൊട്ടിപ്പുപ്പെട്ടതിനു ശേഷം മിക്ക കർഷകരും ബഢെക്ക് കൊടുക്കാനുള്ളത് തിരികെ നൽകാൻ അപ്രാപ്തരായിരുന്നുവെന്ന് പോടെ പറഞ്ഞു. "ശ്രീകൃഷ്ണയ്ക്കുതന്നെ അഞ്ചേക്കർ കൃഷിഭൂമി ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനറിയാമായിരുന്നു കർഷകർ കള്ളം പറയുകയല്ലെന്ന്”, അദ്ദേഹം കൂട്ടിച്ചേർത്തു. "പക്ഷെ അദ്ദേഹത്തിന് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് അദ്ദേഹം പണം നൽകണമായിരുന്നു. അതിനായി അദ്ദേഹം പണം വായ്പയെടുക്കാനായി ശ്രമിച്ചു. പക്ഷെ ഫലമുണ്ടായില്ല.”

ബഢെ കൂടുതൽ കൂടുതൽ ഉത്കണ്ഠാകുലനായിത്തീർന്നു. പിന്നീട് ഒരു ദിവസം, 2021 മെയ് മാസത്തിൽ, അദ്ദേഹം തന്‍റെ കൃഷിയിടത്തിൽ ചെന്ന് ഒരു മരത്തിൽ തൂങ്ങിമരിച്ചു. "നഷ്ടത്തിന്‍റെയും നിരാശയുടെയും മറ്റൊരു കാലംകൂടി വരുമെന്ന് അദ്ദേഹം ഭയപ്പെട്ടു”, പോടെ പറഞ്ഞു. "യാഥാർത്ഥ്യമെന്തെന്നാൽ കർഷകർക്കു അവരുടെ നഷ്ടങ്ങളിൽ നിന്നും പുറത്തു കടക്കാൻ കൃഷി തുടരുകയല്ലാതെ മറ്റു മാർഗ്ഗമില്ല.”

കൃത്യമായും അതുതന്നെയാണ് രാജശ്രീയും ചെയ്യാനുദ്ദേശിക്കുന്നത്. “സോയാബീൻ സീസണിന്‍റെ തുടക്കത്തിൽ [2021-ൽ] ഒരുലക്ഷം രൂപ വായ്പ വാങ്ങി”, അവർ പറഞ്ഞു. "സീസണിന്‍റെ അവസാനം സോയാബീനിന്‍റെ വിളവെടുപ്പ് നടത്തുമ്പോൾ ഞങ്ങളത് തിരിച്ചു നൽകും. സാവധാനം ഞങ്ങളുടെ കടങ്ങൾ കുറയ്ക്കാൻ ഇതാണ് ഒരേയൊരു മാർഗ്ഗം.”

അതുകൊണ്ട് രാജശ്രീക്ക് മികച്ചൊരു വിളവെടുപ്പ് വേണം. അവരുടെ പെൺമക്കളും ഭർത്താക്കന്മാരും ഇടയ്ക്ക് സഹായിക്കാറുണ്ട്. കാര്യങ്ങൾ അവരുടെ പാതയിലാവാൻ തുടങ്ങുകയായിരുന്നു. പക്ഷെ ഗുലാബ് ചുഴലിക്കാറ്റിനെത്തുടർന്ന് സെപ്തംബർ അവസാനം മറാത്ത്‌വാഡയിൽ കനത്ത വർഷപാതം ഉണ്ടായപ്പോൾ ഏറ്റവും മോശപ്പെട്ട അവസ്ഥ തന്നെ വിട്ടുപോയെന്ന് ചിന്തിക്കാൻ അവർ ഭയപ്പെടുന്നു.

റിപ്പോര്‍ട്ടര്‍ക്ക് നൽകുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തക ഗ്രാന്‍റിലൂടെ പുലിറ്റ്സര്‍ സെന്‍ററിന്‍റെ സഹായം ലഭിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം.

പരിഭാഷ:റെന്നിമോന്‍ കെ. സി.

Parth M.N.

ପାର୍ଥ ଏମ୍.ଏନ୍. ୨୦୧୭ର ଜଣେ PARI ଫେଲୋ ଏବଂ ବିଭିନ୍ନ ୱେବ୍ସାଇଟ୍ପାଇଁ ଖବର ଦେଉଥିବା ଜଣେ ସ୍ୱାଧୀନ ସାମ୍ବାଦିକ। ସେ କ୍ରିକେଟ୍ ଏବଂ ଭ୍ରମଣକୁ ଭଲ ପାଆନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rennymon K. C.