ആ അഭ്യർത്ഥന സന്ദീപൻ വാൽവെയെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നില്ല. “തീ കൊളുത്തുന്നതിന് മുൻപ് ഈ വസ്ത്രം ശരീരത്തിൽ വിരിക്കണം”, തിളങ്ങുന്ന ഒരു പച്ച സാരി കൊടുത്ത്, മരിച്ച സ്ത്രീയുടെ ബന്ധുക്കൾ അയാളോട് പറഞ്ഞു. അവർ പറഞ്ഞതു പോലെ അയാൾ ചെയ്തു.
മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് പട്ടണത്തിലെ ശ്മശാനത്തിൽ വരിവരിയായി കിടത്തിയിരുന്ന 15 മൃതദേഹങ്ങളിൽനിന്ന് അവർ പറഞ്ഞ മൃതദേഹം വാൽവെ കണ്ടെത്തി. പി.പി.ഇ. കിറ്റ് ധരിച്ച്, കൈയുറ ധരിച്ച കൈ കൊണ്ട് അയാൾ ആ സാരി, മൃതദേഹം പൊതിഞ്ഞ സഞ്ചിക്ക് മുകളിൽ, ആവുന്നത്ര വൃത്തിയായി വിരിച്ചു. “രോഗാണു ബാധിക്കുമോ എന്ന പേടിയായിരുന്നു ബന്ധുക്കൾക്ക്”, അയാൾ പറഞ്ഞു.
ഉസ്മാനാബാദ് നഗരസഭാ കൗൺസിലിലെ ജീവനക്കാരനായ 45 വയസ്സുള്ള വാൽവെ, കോവിഡ്-19 ബാധിച്ച് മരിച്ച ആളുകളുടെ ശവസംസ്കാരം നടത്തുകയാണ് 2020 മാർച്ച് മുതൽ ഇന്നോളം 100-ലധികം മൃതദേഹങ്ങൾ അയാൾ അടക്കിക്കഴിഞ്ഞു. ആദ്യത്തെ തരംഗത്തേക്കാൾ രണ്ടാം തരംഗം കൂടുതലും ബാധിച്ചിരിക്കുന്നത് ഗ്രാമങ്ങളെയാണ്. ഈ വർഷം ഏപ്രിൽ മുതൽ ദിവസവും 15-20 മൃതദേഹങ്ങൾ വരുന്നുണ്ടെന്ന് അയാൾ പറഞ്ഞു. ഇത് വാൽവെയിലും സഹപ്രവർത്തകരിലും വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. നാട്ടുകാരുടെയിടയിലാകട്ടെ, ഭയവും.
“വൈറസിനോടുള്ള പേടി, ആളുകളെ ശവസംസ്കാരത്തിൽനിന്ന് വിട്ടുനിൽക്കാൻ നിർബന്ധിതരാക്കുന്നു” വാൽവെ പറഞ്ഞു. “അതുകൊണ്ട്, ചിത കത്തിക്കുന്നതിനുമുമ്പ്, കർമ്മങ്ങൾ ചെയ്യാൻ അവർ ഞങ്ങളെയാണ് ഏൽപ്പിക്കുന്നത്. വല്ലാത്ത കാലമാണ്. വേണ്ടപ്പെട്ടവർ അടുത്തില്ലാതെ ആളുകൾ ചിതയിലെരിയുന്ന കാഴ്ച നെഞ്ച് പിളർക്കും. പക്ഷേ ഒരു ആശ്വാസമുള്ളത് മരിച്ചവർ അവർക്ക് കിട്ടുന്ന ശവസംസ്കാരം കാണുന്നില്ലല്ലോ എന്നതാണ്”.









