എസ്. മുത്തുപേച്ചി അവരുടെ ബുദ്ധിമുട്ടുകൾ ഓരോന്നായി ശാന്തമായി എണ്ണിപ്പറഞ്ഞു. പരമ്പരാഗത കലാരൂപമായ കരഗാട്ടം അവതരിപ്പിക്കുന്ന കലാകാരിയാണവർ. രാത്രി മുഴുവൻ നൃത്തം ചെയ്യേണ്ടിവരുന്ന ഒരു കലാരൂപം. ശാരീരികക്ഷമതയും കഴിവും ആവശ്യമായ ഒന്ന്. പക്ഷേ അവരോടുള്ള സമൂഹത്തിന്റെ പെരുമാറ്റം നിന്ദ്യമാണ്. ചീത്തപ്പേരും സഹിക്കണം. സാമൂഹികമായ സുരക്ഷിതത്വവുമില്ല. 44 വയസ്സുള്ള അവർ അതൊക്കെ തരണം ചെയ്തു.
അവർ ഒറ്റയ്ക്കാണ്. പത്തുവർഷം മുമ്പ് ഭർത്താവ് മരിച്ചുപോയി. എന്നിട്ടും ജീവിതച്ചിലവുകളെല്ലാം ചുരുക്കി രണ്ട് പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. അപ്പോഴാണ് കോവിഡ്-19 ആഞ്ഞടിച്ചത്.
കൊറോണ വൈറസിനെക്കുറിച്ച് പറയുമ്പോൾ അവരുടെ ശബ്ദത്തിൽ സങ്കടവും രോഷവും പ്രതിഫലിക്കുന്നു. “നശിച്ച കൊറോണ”, അവർ പറയുന്നു. “പൊതുവേദികളൊന്നുമില്ലാത്തതിനാൽ വരുമാനമൊന്നുമില്ല. പെൺമക്കളിൽനിന്ന് ചിലവിന് വാങ്ങേണ്ട സ്ഥിതിയായി”.
കഴിഞ്ഞ വർഷം സർക്കാർ 2,000 രൂപ വാഗ്ദാനം ചെയ്തു. മുത്തുപേച്ചി കൂട്ടിച്ചേർത്തു. “പക്ഷേ കൈയ്യിൽ 1000 രൂപ മാത്രമേ കിട്ടിയുള്ളു. കഴിഞ്ഞ വർഷം ഞങ്ങൾ മധുരയിലെ കളക്ടർക്ക് ഹരജി കൊടുത്തു. പക്ഷേ ഇതുവരെയും ഒരു ഫലവുമുണ്ടായിട്ടില്ല”. നാടൻ കലാകാരന്മാരുടെ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കലാകാരന്മാർക്ക് കഴിഞ്ഞ 2020 ഏപ്രിലിൽ, തമിഴ്നാട് സർക്കാർ രണ്ടുതവണയായി 1000 രൂപ വീതം പ്രത്യേക സഹായധനം പ്രഖ്യാപിച്ചിരുന്നു.
മഹാവ്യാധി തുടങ്ങിയതിൽപ്പിന്നെ മധുര ജില്ലയിലെ 1,200-ഓളം വരുന്ന കലാകാരന്മാർ പണിയില്ലാതെ ദുരിതത്തിലാണെന്ന് മധുരൈ ഗോവിന്ദരാജ് പറയുന്നു. അറിയപ്പെടുന്ന കലാകാരനും, നാടൻ കലാരൂപങ്ങളുടെ അദ്ധ്യാപകനുമാണ് അദ്ദേഹം. മേയ് മാസം മുത്തുപേച്ചിയെ ഞാൻ കാണുമ്പോൾ, അംബേദ്ക്കർ നഗറിനടുത്തുള്ള അവണിയാപുരം പട്ടണത്തിൽ ഏകദേശം 120 കരഗാട്ടം കലാകാരന്മാർ താമസിക്കുന്നുണ്ടായിരുന്നു.
ക്ഷേത്രോത്സവങ്ങളിലും, സാംസ്കാരിക ചടങ്ങുകളിലും, വിവാഹം, മരണം തുടങ്ങിയ സാമൂഹികാവസരങ്ങളിലും അവതരിപ്പിക്കുന്ന ഒരു ഗ്രാമീണ നൃത്തരൂപമാണ് കരഗാട്ടം. ആദിദ്രാവിഡ ജാതിയിൽപ്പെട്ട ദളിതരാണ് കലാകാരന്മാർ. ഉപജീവനത്തിന് അവർ ആശ്രയിക്കുന്ന കലയാണ് അത്.
അലങ്കരിച്ച ഭാരമുള്ള കരഗങ്ങൾ (കുടങ്ങൾ) തലയിൽ വെച്ച് ആണുങ്ങളും പെണ്ണുങ്ങളും സംഘമായി അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കരഗാട്ടം. മിക്കവാറും രാത്രി 10 മണിമുതൽ രാവിലെ 3 മണിവരെ തുടർച്ചയായി നൃത്തം ചെയ്യും അവർ.













