ശോച്യാവസ്ഥയിലെത്തിയ ചെറിയൊരു കെട്ടിടമാണ് അത്. സത്താറ ജില്ലയിലെ കട്ഗുൺ ഗ്രാമത്തിലെ ജനങ്ങൾക്ക് അത് അഭിമാനത്തിന്റെ കേന്ദ്രമാകേണ്ടതായിരുന്നു. - ഒരുപക്ഷെ അങ്ങനെത്തന്നെയാകാം. പക്ഷേ തദ്ദേശ പഞ്ചായത്താകട്ടെ ഈ ചെറിയ ഭവനത്തിന് യാതൊരു പ്രാധാന്യവും നൽകുന്നതായി തോന്നുന്നില്ല. മഹാരാഷ്ട്ര സർക്കാരിന്റെ സമീപനവും മറ്റൊന്നല്ല.
പ്രശസ്ത സാമൂഹികപരിഷ്കർത്താവായ ജ്യോതിബ ഫൂലെയുടെ പൂർവികഭവനമായിരുന്നു ഇത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ നിർമിച്ചത്. ഇന്നത് പൂർണമായും ജീർണാവസ്ഥയിലാണ്. മേൽക്കൂരയിൽനിന്ന് പ്ലാസ്റ്ററിങ്ങിന്റെ കഷണങ്ങൾ അടർന്നുവീഴുന്നു. പ്രധാൻമന്ത്രി ആവാസ് യോജനയിൽ (പ്രൈം മിനിസ്റ്റേഴ്സ് ഹൗസിങ് സ്കീം) നിർമിച്ച മെച്ചപ്പെട്ട വീടുകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ അതേ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഈ വീടിന്റെ സ്ഥിതിയാകട്ടെ, വളരെ പരിതാപകരവും.
വളരെ ചെറിയ വീടായതിനാൽ നവീകരിക്കാനോ വൃത്തിയാക്കാനോ അധികം സമയമോ സാമ്പത്തികമോ ഒന്നും ആവശ്യമില്ലാത്ത വീടാണ്. വീടിന് പിറകിലുള്ള പഞ്ചായത്തിന്റെ സ്മാർട്ട് ജിംനേഷ്യത്തിലെ സൗകര്യങ്ങൾ കാണുമ്പോൾ വീടിന്റെ നവീകരണത്തിനുള്ള എല്ലാ ഉപാധികളും വേണ്ടിവന്നാൽ ലഭ്യമായേനേ എന്നും മനസ്സിലാവും. ജീർണിച്ച കെട്ടിടത്തിന് എതിർവശത്തുള്ളത് ഫൂലെയുടെ പേരിലുള്ള വിദ്യാഭ്യാസസ്ഥാപനമാണ്, റോഡിനോട് ചേർന്ന് ഒരു ഓപ്പൺ എയർ സ്റ്റേജും അതിനോടൊപ്പമുണ്ട്.




