എല്ലാത്തിനുമുപരിയായി പ്ലാസ്റ്റിക് ഉണ്ട്. ആയിരിക്കാന്ക്കാന് പറ്റുന്ന രൂപത്തിലൊക്കെ ഇത് ഏതാണ്ട് എല്ലായിടത്തുമുണ്ട് - അവ തെരുവുകളിലാവാം, വെള്ളത്തില്‍ ഒഴുകി നടക്കുകയാവാം, ചാക്കുകളില്‍ സൂക്ഷിക്കപ്പെട്ട നിലയിലാവാം, വീപ്പകളിലിട്ട നിലയിലാവാം, മേല്ക്കൂരകളില് കൂനയായി കിടക്കുകയുമാവാം. ഉയര്‍ന്ന മൂല്യമുള്ള ലോഹഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ 13-ാം കോമ്പൗണ്ടുമായി അതിര്‍ത്തി പങ്കിടുന്ന നദീമുഖങ്ങളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കുമ്പോള്‍ രൂക്ഷഗന്ധമുള്ള പുക അന്തരീക്ഷത്തില്‍ നിറയുന്നു.
പ്ലാസ്റ്റിക്, പ്ലാസ്റ്റിക്കിതര മലിനവസ്തുക്കളുടെ അവസാനിക്കാത്ത നിര മുംബൈയുടെ എല്ലാ ഭാഗത്തുനിന്നും സ്ഥിരമായി ധാരാവിയിലെ പുനരുല്പാദന മേഖലയായ ഈ കോമ്പൗണ്ടിലെത്തുന്നു. പ്രതിദിനം നഗരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന പതിനായിരം ടണ്ണിലധികം വരുന്ന മാലിന്യങ്ങള്‍ കൈവണ്ടികളിലും ട്രക്കുകളിലും ടെമ്പോകളിലും ഇവിടെത്തിക്കുന്നു. ഈ മേഖലയിലെ അസാധാരണമാംവിധം ഇടുങ്ങിയ തെരുവുകളിലൂടെ തൊഴിലാളികള്‍ (വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ചെറുപ്പക്കാര്‍) ഈ വസ്തുക്കള്‍ ചുമക്കുകയും ഇറക്കുകയും ചെയ്യുന്നു.
ഇവിടുത്തെ നിറഞ്ഞുകവിഞ്ഞ ഷെഡുകളില്‍ (അവയില്‍ ചിലതിന് 4 തലങ്ങള്‍ ഉണ്ട്) പുനരുല്പാദനത്തിന്റെ വിവിധ അടരുകളായുള്ള പ്രക്രിയകള്‍ വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുന്നു. ‘പുതിയ’ ഒരു അസംസ്കൃതവസ്തുവോ മറ്റൊരു പുതിയ ഉല്പന്നമോ ആയി മാറ്റപ്പെടുന്നതിനു മുന്‍പ് ഓരോ ഇനവും അസ്സംബ്ലി ലൈന്‍ പ്രകാരം ഒരു വ്യക്തിയില്‍നിന്നും അടുത്ത വ്യക്തിയിലേക്കും ഒരു പ്രക്രിയയില്‍ നിന്നും അടുത്ത പ്രക്രിയയിലേക്കും മാറ്റപ്പെടുന്നു.
ടെറ കോമ്പൗണ്ടിലെ പുനരുല്പാദന വ്യവസ്ഥയുടെ ആന്തരിക യുക്തി ഏറ്റവും നന്നായിട്ടാണ് സംവിധാനം ചെയ്തിരിക്കുന്നത്: വാങ്ങല്‍-വില്പന ക്രമീകരണങ്ങള്‍ക്ക് ഒരു ഘടനയുണ്ട്, ആളുകള്‍ ഓരോ പ്രത്യേക തൊഴിലിനും സാങ്കേതികപദങ്ങള്‍ ഉപയോഗിക്കുന്നു, പ്രക്രിയയുടെ തുടര്‍ച്ചയായ ഘട്ടങ്ങളെ വളരെനന്നായി സ്ഥാപിച്ചിരിക്കുന്നു, ഒന്നോ അതിലധികമോ തൊഴിലുകളില്‍ ഓരോരുത്തരും വിദഗ്ദ്ധരായിരിക്കുന്നു. മാലിന്യങ്ങള്‍ ശേഖരിക്കുന്നവര്‍ നഗരത്തിലുടനീളം ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്നു, അവയുടെ വ്യാപാരികള്‍ അവ ദിനംപ്രതി ശേഖരിച്ച് ഷെഡില്‍ എത്തിക്കുന്നു. വാഹനങ്ങള്‍ ഓടിക്കുന്നവരും സഹായികളും തൂക്കം നോക്കുന്നിടത്ത് സാധനങ്ങള്‍ ഇറക്കുന്നു. അടുത്തത് ഗോഡൗണുകളുടെ ഉടമകളായ സേഠുമാരാണ്. മേല്നോട്ടക്കര്ക്കിടയില് അവര്‍ സാധനങ്ങള്‍ ഉപവിഭജനം നടത്തുന്നു. പുരുഷന്മാരും സ്ത്രീകളുമായ തൊഴിലാളികള്‍ ആയിരക്കണക്കിന് ജോലികളില്‍ ഏര്‍പ്പെടുന്നു.




